|    Aug 22 Tue, 2017 2:36 pm
FLASH NEWS

കുമരകത്ത് സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കും

Published : 26th November 2016 | Posted By: SMR

കോട്ടയം: ജില്ലയുടെ വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കകലക്ടര്‍ സി എ ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ഇടയില്‍ മെച്ചപ്പെട്ട ഏകോപനം ഉറപ്പു വരുത്താനാണ് യോഗത്തില്‍ തീരുമാനമായത്. പ്രദേശത്തെ മാലിന്യ നിര്‍മാര്‍ജനം,അടിസ്ഥാന സൗകര്യ വികസനം, ടൂറിസം വികസനം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാന മെടുക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ ഉള്‍പ്പെടെയുളള ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്രീന്‍ കാര്‍പറ്റ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ അവലോകനത്തിനായാണ് യോഗം വിളിച്ചത്. ജില്ലയിലെ കുമരകം, കോടിമതയിലെ വാട്ടര്‍ പാര്‍ക്ക് എന്നീ കേന്ദ്രങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിശ്രമ കേന്ദ്രങ്ങള്‍, തെരുവ് വിളക്കുകള്‍, നടവഴികള്‍, അടയാള ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുക, ശുദ്ധമായ കുടിവെള്ളവും രുചികരമായ ഭക്ഷണവും സഞ്ചാരികള്‍ക്ക് ലഭ്യമാക്കുക, ഹരിത സമൃദ്ധിയും ശുദ്ധ വായു ലഭ്യതയും ഉറപ്പാക്കുക, മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുക, സഞ്ചാരികള്‍ക്കു ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുക, ടൂറിസം മേഖലയില്‍ യോഗ്യരായ പ്രഫഷനലുകളുടെ സേവനം ലഭ്യമാക്കുക, പ്രദേശത്തെ ജനങ്ങളെ വിനോദ സഞ്ചാര മേഖലയുമായി ഫലപ്രദമായി ബന്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രദേശത്തെ സാസ്‌കാരിക നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് അടിയന്തര നടപടി വേണമെന്ന് യോഗത്തില്‍ പങ്കെടുത്ത അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എ നിര്‍ദേശിച്ചു. തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. മെച്ചപ്പെട്ട രീതിയില്‍ വൈദ്യുതിയും കുടിവെളളവും ലഭ്യമാക്കുന്നതിനു യഥാക്രമം വൈദ്യുതി ബോര്‍ഡും ജല അതോറിട്ടിയും നടപടി എടുക്കണം. സാധാരണക്കാരായ സഞ്ചാരികള്‍ക്കു സൗകര്യപ്രദമായ വിധത്തിലുളള പുതിയ ഭക്ഷണശാലകള്‍ തുറക്കുന്നതിനു സംരംഭകരെ പ്രോ ല്‍സാഹിപ്പിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സക്കറിയ ഡി അയ്യനേത്ത്, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജോ ജോസ് പഞ്ചായത്ത് അംഗങ്ങളായ ധന്യ സാബു, പി കെ സന്തോഷ് കുമാര്‍, സിന്ധു ചന്ദ്രബോസ്, വി എസ് പ്രദീപ് കുമാര്‍, പദ്ധതിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക