|    Nov 22 Thu, 2018 1:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുമരകത്ത് വെള്ളമിറങ്ങിയില്ല; ഇന്ന് മുതല്‍ ഗതാഗതം പുനസ്ഥാപിച്ചേക്കും

Published : 22nd August 2018 | Posted By: kasim kzm

കോട്ടയം: കിഴക്കന്‍വെള്ളത്തിന്റെ വരവു കുറഞ്ഞതോടെ കുമരകത്തിന് അല്‍പം ആശ്വാസം. ജില്ലയില്‍ കൂടുതല്‍ ദുരിതം പേറിയ കുമരകത്തെ വിവിധ പ്രദേശങ്ങളിലെ റോഡില്‍നിന്നുള്ള വെള്ളം ഇറങ്ങിത്തുടങ്ങി. പ്രധാന റോഡുകളിലെ വെള്ളം ഇറങ്ങിയതോടെ ഇന്നുമുതല്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനാവുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ഇല്ലിക്കല്‍ നിന്നും കാഞ്ഞിരം ഭാഗത്തേക്കുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും. മൂന്നുമൂല മുതല്‍ ആറ്റാമംഗലം വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡില്‍ ഇപ്പോഴും വെള്ളക്കെട്ടാണ്. രണ്ടാഴ്ചയിലേറെയായി ജില്ലയില്‍ തുടരുന്ന വെള്ളപ്പൊക്കം കുമരകത്തെ ബാധിച്ചുതുടങ്ങിയത് മൂന്നുദിവസം മുമ്പാണ്. കിഴക്കന്‍ വെള്ളത്തിന്റെ തള്ളിക്കയറ്റത്തിന്റെ ഭാഗമായി വേമ്പനാട്ടുകായലിലെ ജലനിരപ്പ് ഉയരുകയും വേലിയേറ്റമുണ്ടാവുകയും പല മേഖലകളും വെള്ളത്തിലാവുകയുമായിരുന്നു. റോഡില്‍ മാത്രം മൂന്ന് മീറ്ററോളമാണ് ജലനിരപ്പുയര്‍ന്നത്. കുമരകത്തും പരിസരപ്രദേശങ്ങളിലും വെള്ളം കയറാത്ത വീടുകള്‍ ചുരുക്കമാണ്. വീടുകളില്‍ കഴുത്തൊപ്പം വെള്ളമാണ്. പല വീടുകളും പൂര്‍ണമായും മുങ്ങി. ഇതോടെയാണ് ആളുകളെ വള്ളത്തിലും ബോട്ടിലും രക്ഷപ്പെടുത്തി കോട്ടയത്തെത്തിച്ചത്. വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളോട് മാറാന്‍ റവന്യൂ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. നാട്ടുകാരും സന്നദ്ധ സേനാ പ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്‌സ്, പോലിസ് എന്നിവരാണ് കുമരകം ചന്തക്കവലയില്‍ നിന്നും ആലുംമൂട് കവലയില്‍ നിന്നും ആളുകളെ ലോറികളിലും കെഎസ്ആര്‍ടിസി ബസ്സുകളിലും കോട്ടയത്തെത്തിച്ചത്. കുമരകത്തിനു പുറമെ ഇല്ലിക്കല്‍, കാഞ്ഞിരം, കുമ്മനം, തിരുവാര്‍പ്പ്, ചെങ്ങളം, മള്ളൂശ്ശേരി, അയ്മനം, കാരാപ്പുഴ, അറപുഴ, താഴത്തങ്ങാടി പ്രദേശങ്ങളിലെ വീടുകളും റോഡുകളും മുങ്ങിയതിനെത്തുടര്‍ന്ന് ക്യാംപുകളിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. കുമരകത്തിന്റെ പരിസരപ്രദേശങ്ങളില്‍ മാത്രം 17 ക്യാംപുകളാണ് തുറന്നിരിക്കുന്നത്. 1,128 കുടുംബങ്ങളില്‍ നിന്നായി 4,121 അംഗങ്ങളാണ് വിവിധ ക്യാംപുകളിലുള്ളത്. ഇതില്‍ 1,508 പേര്‍ പുരുഷന്‍മാരും 2003 പേര്‍ സ്ത്രീകളും 610 പേര്‍ കുട്ടികളുമാണ്. കുമരകത്തെ ക്യാംപുകളില്‍ ഉള്‍ക്കൊള്ളിക്കാനാവാത്ത നിരവധി പേരെ അയര്‍ക്കുന്നം ഒറവയ്ക്കലിലെ സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലേക്കും സിഎംഎസ് കോളജിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. കുമരകത്ത് പുതിയ ക്യാംപുകള്‍ തുറക്കാനാവാത്ത സാഹചര്യത്തിലാണ് ആളുകളെ മറ്റു പ്രദേശങ്ങളിലെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍, വെള്ളക്കെട്ടില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് പുതിയ ക്യാംപുകള്‍ തുറക്കാനുള്ള നീക്കത്തിലാണെന്ന് കുമരകം വില്ലേജ് ഓഫിസര്‍ തോമസുകുട്ടി അറിയിച്ചു. റോഡുകളില്‍ നിന്ന് വെള്ളമിറങ്ങിയെങ്കിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ വീടുകള്‍ ഇപ്പോഴും വെള്ളത്തില്‍നിന്ന് മുക്തമായിട്ടില്ല. ചില വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയ സാഹചര്യത്തില്‍ ഇന്നുമുതല്‍ പലരും ക്യാംപുകള്‍ വിടുമെന്ന് അറിയിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss