|    Dec 18 Mon, 2017 10:44 am

കുമരകം: ടൂറിസം സീസണ് മുമ്പ് സമഗ്രവികസനത്തിനു പദ്ധതി തയ്യാറാക്കും

Published : 28th August 2016 | Posted By: SMR

കോട്ടയം: കുമരകം  ടൂറിസം പ്രദേശത്തിന്റെ സമഗ്ര വികസനത്തിനു കര്‍മപദ്ധതി തയ്യാറാക്കാന്‍ കുമരകം മേഖലയിലെ ടൂറിസം ഉപഭോക്താക്കളുടെ യോഗത്തില്‍ ധാരണ. അടിസ്ഥാന സൗകര്യ വികസനം, കായല്‍ സംരംക്ഷണം, മാലിന്യ സംസ്‌ക്കരണം, തോടുകള്‍, നടപ്പാതകള്‍, തുടങ്ങിയവയുടെ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസം എന്നിങ്ങനെ വിവിധ മേഖലകള്‍ക്കായി നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ വിവിധ സമിതികള്‍ക്കും യോഗം രൂപം നല്‍കി.
സുരേഷ് കുറുപ്പ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നയോഗത്തില്‍ ടൂറിസം ഡയറക്ടര്‍  യു വി ജോസ്, വിവിധ ജനപ്രതിനിധികള്‍  പങ്കെടുത്തു.  സമിതികള്‍  സപ്തംബര്‍ മൂന്നിനകം റിപോര്‍ട്ട് തയ്യാറാക്കും.  ഹ്രസ്വകാല നടപടികളും  ദീര്‍ഘകാല നടപടികളും ചര്‍ച്ച ചെയ്യും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും യു വി ജോസ് പറഞ്ഞു. നവംബര്‍ ഒന്നിനകം കുമരകം, ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളടങ്ങുന്ന  കുമരകം ടൂറിസം മേഖലയെ സഞ്ചാരികളെ വരവേല്‍ക്കാന്‍ സജ്ജമാക്കും.
വേമ്പനാട്ട് കായലിനെ മാലിന്യ മുക്തമാക്കുകയെന്നതാണ് ഏറെ പ്രധാനമെന്ന് യോഗത്തില്‍ പങ്കെടുത്ത സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. അത് നടന്നാല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാവും.  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടുത്ത വെല്ലുവിളിയാണ്.  പ്ലാസ്റ്റിക് ഖര മാലിന്യങ്ങള്‍ ഗുളിക രൂപത്തില്‍ മാറ്റിയെടുക്കുന്ന യന്ത്രം സ്ഥാപിക്കണം. അതിന് വലിയ ചെലവോ, സ്ഥലമോ വേണ്ട. പഞ്ചായത്തുകള്‍ക്ക് ഇത്  ചെയ്യാവുന്നതേഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ച കുമരകത്തെ ഉത്തരവാദിത്ത ടൂറിസം നയം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ടൂറിസം ഡയറക്ടര്‍ വ്യക്തമാക്കി. മാലിന്യസംസ്‌കരണത്തിലും കനാലിന്റെ സംരക്ഷണത്തിലും കൂടുതല്‍ നടപടികള്‍ ഉണ്ടാവും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള ന്യൂനതകള്‍ പരിഹരിക്കാന്‍ സാമ്പത്തികം തടസ്സമല്ലെന്ന് ഡയറക്ടര്‍ പറഞ്ഞു. കെടിഡിസി എംഡി ഡി ബാലമുരളി, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു രവികുമാര്‍ തുടങ്ങിയവരടക്കം കുമരകം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും ടൂറിസം മേഖലയിലെ വിവിധ ഗുണഭോക്താക്കളും യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss