|    Nov 18 Sun, 2018 1:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പിടിയില്‍

Published : 26th March 2018 | Posted By: kasim kzm

കൊച്ചി: പോലിസിന് തീരാ തലവേദന സൃഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം ജോണ്‍സണ്‍ (53) അറസ്റ്റില്‍. 200ല്‍പരം മോഷണക്കേസുകളില്‍ പ്രതിയായ തമിഴ്‌നാട് കുളച്ചല്‍ സ്വദേശിയായ ജോണ്‍സണ്‍ ശനിയാഴ്ച രാത്രിയാണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്. മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മോഷണ ക്കേസുകളില്‍ ജയിലിലായിരുന്ന ജോണ്‍സണ്‍ പുറത്തിറങ്ങിയ ശേഷം ജനുവരിയില്‍ കലൂര്‍ ഭാഗത്തെ വീടുകളില്‍ വീണ്ടും കവര്‍ച്ച നടത്തിയിരുന്നു. ജോണ്‍സണ്‍ മോഷണായുധങ്ങളുമായി പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് അന്വേഷണത്തില്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലിസ് പട്രോളിങ് ശക്തമാക്കിയെങ്കിലും മോഷണം തുടര്‍ന്നു. കലൂര്‍ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നതും ജോണ്‍സണു സഹായമായി. പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാന്‍ സാധിക്കാതെ വന്നതോടെ സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തിനു രൂപംനല്‍കുകയായിരുന്നു. ജോണ്‍സനെ പിടികൂടാനായി പോലിസ് സംഘം പ്രതിയുടെ നാടായ കുളച്ചലില്‍ എത്തി.
തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുന്നതിനായാണു സംഘം കുളച്ചലിലെത്തിയത്. എന്നാല്‍, തമിഴ്‌നാട് പോലിസിലുള്ള മരിയാര്‍ പൂതത്തിന്റെ ബന്ധു കേരള പോലിസ് സ്ഥലത്തെത്തിയ വിവരം ചോര്‍ത്തിനല്‍കുകയും പ്രതി മുങ്ങുകയും ചെയ്തു. വീണ്ടും കൊച്ചിയിലെത്തിയ ഇയാള്‍ മോഷണം നിര്‍ബാധം തുടരുകയായിരുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളാണു കവര്‍ച്ചയ്ക്കായി പ്രതി കൂടുതലായും തിരഞ്ഞെടുക്കുന്നത്. പുറത്തുനിന്നും സ്റ്റെയര്‍കേസ് ഉള്ളതും മതിലുകള്‍ ഉള്ളതുമായ വീടുകളാണ് പ്രതിക്ക് ഇഷ്ടം. ഒന്നാം നിലയിലെ വാതില്‍ കുത്തിപ്പൊളിച്ചു മാത്രമേ അകത്തു പ്രവേശിക്കൂ. മോഷണം നടത്തിയാല്‍ ഉടന സ്ഥലത്തുനിന്നു മുങ്ങും. ശനിയാഴ്ച രാത്രി വാതില്‍ പൊളിക്കുന്നതിനുള്ള ആയുധങ്ങളുമായി റെയില്‍വേ ട്രാക്കിനു സമീപം പതുങ്ങി ഇരിക്കുകയായിരുന്ന ജോണ്‍സണ്‍ പോലിസിന്റെ കണ്ണില്‍ പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച ജോണ്‍സനെ പോലിസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി, നോര്‍ത്ത് സിഐ കെ ജെ പീറ്റര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം നോര്‍ത്ത് എസ്‌ഐ വിബിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss