|    Dec 14 Fri, 2018 1:00 pm
FLASH NEWS

കുപ്രസിദ്ധ അന്തര്‍ജില്ലാ മോഷ്ടാവ് പരുന്ത് പ്രാഞ്ചി പോലിസ് പിടിയില്‍

Published : 7th August 2016 | Posted By: SMR

പാലക്കാട്: ജനാലവഴിയുളള മോഷണത്തില്‍ കുപ്രസിദ്ധനായ അന്തര്‍ജില്ലാ മോഷ്ടാവ് ‘പരുന്ത് പ്രാഞ്ചി എന്നറിയപ്പെടുന്ന  ഫ്രാന്‍സിസ് എന്ന കെ എല്‍ പ്രാഞ്ചി(49) പോലിസ് പിടിയിലായി. ചാലക്കുടിയിലെ കോടഞ്ചേരി എലഞ്ഞിപ്ര കണ്ണമ്പുഴ വീട്ടില്‍ ഫ്രാന്‍സിസിനെ ടൗണ്‍നോര്‍ത്ത് പോലിസ് ആണ് അറസ്റ്റു ചെയ്തത്. മഴക്കാല മോഷണങ്ങള്‍ തടയാന്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ക്രൈം സ്‌ക്വാഡാണ് ഇന്നലെ പുലര്‍ച്ചെ ഒലവക്കോട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്. പിടികൂടുമ്പോള്‍ പ്രതിയുടെ പക്കല്‍ 30 പവന്റെ സ്വര്‍ണാഭരണങ്ങളും പണവും ഉണ്ടായിരുന്നു.
ഇവ കഴിഞ്ഞ രണ്ടിന് മലപ്പുറം ഡൗണ്‍ഹില്‍ വലിയപാറഹൗസിലെ അബ്ദുള്‍സലാമിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു. മൊത്തം 45 പവനാണ് മലപ്പുറത്തുനിന്നും കവര്‍ന്നത്. ഇതില്‍ 15 പവന്‍ കോയമ്പത്തൂരില്‍ വിറ്റു.
പണവും ആഭരണവും പോലിസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന്  പ്രതിയെ സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോള്‍ പോലിസിന് നിരവധി കളവുകേസുകള്‍ക്ക് തുമ്പ് ലഭിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ചോദ്യം ചെയ്യലില്‍ 14 കേസുകള്‍ക്ക് തുമ്പായെന്ന് പോലിസ് പറഞ്ഞു. വിടുകളുടെ ജനല്‍തുറന്നിട്ട് കിടന്നുറങ്ങുന്ന സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ശരീരത്തിലണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ കവരുന്നതാണ് പ്രതിയുടെ രീതി. പരുന്ത് റാഞ്ചിയെടുക്കുന്ന കൗശലത്തോടെയാണ് പ്രതി കൃത്യം നിര്‍വഹിച്ചിരുന്നത്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ആഭരണങ്ങള്‍ കവരുന്നതിനു പുറമെ ജനലരികിലെ തൊട്ടിലില്‍ കിടന്നുറങ്ങുന്ന കൂഞ്ഞുങ്ങള്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും പ്രതി കവരാറുണ്ട്. ഓട്ടത്തില്‍ മുമ്പനായതിനാല്‍ ഇയാളെ പിടികൂടാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.
നല്ലൊരു ഓട്ടക്കാരനായതിനാല്‍ ‘കാള്‍ ലൂയിസ് പ്രാഞ്ചി’ എന്ന പേരിലും പ്രതി അറിയപ്പെട്ടിരുന്നു. പാലക്കാട്ട് ടൗണ്‍ നോര്‍ത്ത്, സൗത്ത്, കസബ, ഹേമാംബികനഗര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ സ്റ്റേഷനുകളുടെ പരിധിയിലുളള വീടുകളില്‍ പ്രതി മോഷണം നടത്തിയിട്ടുണ്ട്. കളവുമുതലുകള്‍ കോയമ്പത്തൂരിലുളള ഇടനിലക്കാര്‍ വഴിയാണ് വില്‍പ്പന നടത്തിയിരുന്നത്. ലോട്ടറിയെടുക്കാനും മദ്യത്തിനുമാണ് പ്രതി കൂടുതല്‍ പണം ചിലവഴിച്ചിരുന്നത്.
ഫ്രാന്‍സിസിന്റെ പേരില്‍ ഇതുവരെ നൂറോളം കളവുകേസുകളുണ്ട്. പാലക്കാടിനു പുറമെ തൃശൂര്‍, ചാലക്കുടി, അങ്കമാലി, ചെങ്ങമനാട്, കൊടകര, മാള, ചേര്‍പ്പ് എന്നീ പോലിസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. കൂടാതെ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകള്‍, ആലുവ, കാക്കനാട്, മുവാറ്റുപുഴ സബ് ജയിലുകള്‍ എന്നിവടങ്ങളില്‍ 11 വര്‍ഷത്തോളം തടവുശിക്ഷയനുഭവിച്ചിരുന്നതായി പോലിസ് പറഞ്ഞു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് താമസം. ട്രെയിനില്‍ വന്നാണ് കേരളത്തില്‍ മോഷണം നടത്തുന്നത്. അവിവാഹിതനാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. ജില്ലാ പോലിസ് മേധാവി ഡോ. ശ്രീനിവാസിന്റെ നിര്‍ദ്ധേശാനുസരണം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം സുനില്‍, ടൗണ്‍ നോര്‍ത്ത് സിഐ ജോഷിജോസ്, എസ്‌ഐ ടി സി മുരുകന്‍, ജിഎസ്‌ഐ ദേവദാസ്, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ ആര്‍ കിഷോര്‍, സി ശിവകുമാര്‍, കെ നന്ദകുമാര്‍, എം സുനില്‍, രമേശ്, കെ അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍ രജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണത്തില്‍ പങ്കെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss