|    Feb 23 Thu, 2017 8:01 am
FLASH NEWS

കുപ്പു ദേവരാജും അജിതയും സംഘടനയിലെ പ്രധാനികള്‍

Published : 26th November 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: മാവോവാദികളുമായി ഏറ്റുമുട്ടി ഉള്‍വനത്തില്‍ പോലിസ് കൊലപ്പെടുത്തിയതായി പറയുന്ന കുപ്പു ദേവരാജും കാവേരി എന്ന അജിതയും സംഘടനയിലെ പ്രധാനികളാണെന്ന് വ്യക്തമായി. 2009ല്‍ കേരള കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച പശ്ചിമഘട്ട പ്രത്യേക മേഖലയിലെ  നാടുകാണി ദളത്തിലെ നേതാക്കളായിരുന്നു ഇവരെന്നാണ് സൂചന.
സംഘടനയുടെ കേന്ദ്ര സമിതിയിലെ ഏറ്റവും തലമുതിര്‍ന്ന നേതാവായിരുന്നു കുപ്പു ദേവരാജ്. 65 വയസ്സുള്ള ഇദ്ദേഹം എന്‍ജിനീയറിങ് പ്രഫഷനലാണ്. ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയില്‍ ടെക്‌നിക്കല്‍ ഓഫിസറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ടെലികോം ഓഫിസറാണ്.
കര്‍ണാടകയിലെ പിപ്പിള്‍സ് വാര്‍ ഗ്രൂപ്പില്‍ റെയ്ച്ചൂര്‍ ആയിരുന്നു ആദ്യ പ്രവര്‍ത്തനം. പിന്നീട് ആന്ധ്രയിലും ഛത്തീസ്ഗഡിലും പ്രവര്‍ത്തിച്ചു. 2009ല്‍  ദക്ഷിണേന്ത്യയിലെത്തി. രണ്ട് ദശാബ്ദമായി സുരക്ഷാ സേനകളുടെ കണ്ണ് വെട്ടിച്ച് വനമേഖല കേന്ദ്രമാക്കിയായിരുന്നു പ്രവര്‍ത്തനം.  ഊന്നുവടിയുടെ സഹായത്തോടെ സഞ്ചരിക്കുന്ന കുപ്പു വിവിധ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തില്‍ ശങ്കറും കര്‍ണാടകയില്‍ മഞ്ജുവും ആന്ധ്രയില്‍ ശേഷയ്യയെന്നുമാണ് അറിയപ്പെട്ടത്.
എട്ടുതവണ പോലിസിന്റെ തോക്കിന്‍മുനയില്‍നിന്നും തലനാരിഴ വ്യത്യാസത്തിലാണ് ഇദ്ദേഹം രക്ഷപ്പെട്ടിരുന്നത്. ജാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ദേവരാജിനെതിരേ 52ഓളം കേസുകളുണ്ട്. ഇരുപതോളം പോലിസുകാരെ വധിച്ച കേസുകളുമുണ്ട്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ദേവരാജിന്റെ തലയ്ക്ക് 10 ലക്ഷവും ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഏഴുലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് ദേവരാജനും അജിതയ്ക്കും സംഘത്തിനും വിനയായത്. മറ്റു സഖാക്കള്‍ക്കും ഉത്തരേന്ത്യയില്‍ പഠിക്കുന്ന മകള്‍ക്കും ഫോണില്‍ ഇദ്ദേഹം സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ഒരുമാസം മുമ്പ് കര്‍ണാടക ക്യൂ ബ്രാഞ്ച് ഇദ്ദേഹത്തിന്റെ നമ്പര്‍ മനസ്സിലാക്കുകയും അതിലേക്കുവരുന്ന സന്ദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തത്.
കൊല്ലപ്പെട്ട അജിതയെന്ന കാവേരി അഞ്ചുവര്‍ഷം മുമ്പാണ് നേതൃത്വത്തിലേക്ക് ഉയരുന്നത്. ജാര്‍ഖണ്ഡില്‍നിന്നും ഛത്തീസ്ഗഡില്‍നിന്നും അജിത ആയുധപ്രയോഗങ്ങളില്‍ വിദഗ്ധ പരിശീലനം നേടി. 38 വയസ്സുള്ള അജിത കര്‍ണാടകയിലാണ് ജനിച്ചതും വളര്‍ന്നതും. കോളജില്‍ പഠിക്കുമ്പോഴാണ് അജിത മാവോവാദി പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കര്‍ണാടകയില്‍ ഇവര്‍ക്കെതിരേ എട്ടോളം കേസുകള്‍ നിലവിലുണ്ട്.
ദേവരാജനും അജിതയും ഉള്‍പ്പെടുന്ന മാവോവാദി സംഘത്തെ ഉറങ്ങിക്കിടക്കുമ്പോഴാണ് തണ്ടര്‍ബോള്‍ട്ടും തീവ്രവാദ വിരുദ്ധ സേനയും അക്രമിച്ചതെന്ന വിശദീകരണവും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും വരുന്നുണ്ട്. മൃതദേഹങ്ങളുടെ കിടപ്പു കണ്ടാല്‍ ഇങ്ങിനെ സംശയിച്ചുപോവും. ബന്ധപ്പെട്ടവര്‍ എന്തെല്ലാമോ ഒളിപ്പിക്കുന്നുവെന്ന സംശയം ജനങ്ങള്‍ക്കിടയില്‍ വ്യാപകമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 205 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക