|    Mar 26 Sun, 2017 12:41 pm
FLASH NEWS

കുന്നത്തേരി ദുരന്തത്തിന് 2 വര്‍ഷം; സാബിറിന്റെ ഗൃഹപ്രവേശം 9 ന്

Published : 5th August 2016 | Posted By: SMR

അബ്ദുല്‍ഖാദര്‍ പേരയില്‍

ആലുവ: ഒരു നാടിന്റെ ദുഃഖമായി മാറിയ കുന്നത്തേരി ദുരന്തത്തിന് 2 വര്‍ഷം പൂര്‍ത്തിയാവുന്നു. കുന്നത്തേരി പൈപ്പ്‌ലൈന്‍ റോഡില്‍ അകപീടികയില്‍ ഷാജി എന്ന ഷാജഹാന്റെ (42) മൂന്ന് നിലകളിലുള്ള വീടാണ് തകര്‍ന്നതും ഷാജഹാന്‍ അടക്കമുള്ളവര്‍ ദാരുണമായി മരണപ്പെട്ടതും. 2014 ആഗസ്ത് 5 ന് രാത്രി 10 മണിയോടെയാണ് കെട്ടിടം നിലംപൊത്തിയത്.
ദുരന്തത്തില്‍ ഷാജഹാന്‍(42), ഭാര്യ സൈഫന്നീസ(38), മകള്‍ സ്വാലിഹ (ആയിഷ, 13) എന്നിവരാണ് മരിച്ചത്. മൂന്നാം നിലയിലായിരുന്ന ഷാജഹാന്റെ മകന്‍ സാബിര്‍ (16) കെട്ടിടം ചെരിയുന്നതിനിടയില്‍ തൊട്ടടുത്ത കെട്ടിടത്തിനുള്ളിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
ഏറെ വര്‍ഷത്തെ പ്രവാസി ജീവിതത്തിനൊടുവില്‍ ഷാജഹാന്റെ ഏക സമ്പാദ്യവുമായിരുന്നു തകര്‍ന്നത്. ഒപ്പം കുടുംബവും.
മാതാപിതാക്കളും ഏക സഹോദരിയും നഷ്ടമായ സാബിറിന് സേവനം ചെയ്യാന്‍ കുടുംബവും സമൂഹവും തയ്യാറാവുകയായിരുന്നു. തന്റെ ജീവിതത്തിന്റെ നിറം കെടുത്തിയ ആ ദിവസത്തെ ഓര്‍ക്കാന്‍ പോലും സാബിറിനാവുന്നില്ല. എല്ലാം സര്‍വശക്തനായ ദൈവത്തിന്റെ വിധിയെന്ന് ആശ്വസിക്കുകയാണിപ്പോള്‍. ഇപ്പോള്‍ കഴുവേലിപ്പടി കെഎംഇഎ കോളജില്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്ന് പഠിക്കാനുള്ള ശ്രമത്തിലാണ് സാബിര്‍. മിക്കവാറും ദിവസങ്ങളിലും മാതാപിതാക്കളുടെയും പെങ്ങളുടെയും ഖബറിനരികിലെത്തുവാനും സാബിര്‍ സമയം കണ്ടെത്തും.
എല്ലാം നഷ്ടമായ സാബിറിനെ സഹായിക്കാന്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ സഹായ സമിതിക്ക് രൂപംകൊടുത്തിരുന്നു.
ഈ സമിതിയുടെ നേതൃത്വത്തില്‍, ആശയറ്റ സാബിറിന് സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുകയെന്ന പ്രയത്‌നത്തിന് നാട്ടുകാരും വിവിധ സംഘടനകളും ഏറെ സഹായങ്ങളാണ് നല്‍കിയത്.
മൂന്ന് നിലകളിലായി ഒരുങ്ങുന്ന പുതിയ വീടിന്റെ താക്കോല്‍ദാനം ഈ മാസം 9 ന് നടക്കും. പുതിയ വീട്ടില്‍ താന്‍ ഒറ്റയ്ക്കായിരിക്കുമല്ലോ എന്ന ചിന്തയാണിപ്പോള്‍. എന്നാലും അല്ലാഹു കൂട്ടിനുണ്ടാവുമെന്ന പ്രതീക്ഷയാണിപ്പോള്‍ സാബിറിന് തുണയാവുന്നത്.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക