|    Jun 25 Mon, 2018 3:29 pm

കുന്നത്തേരിയില്‍ മോഷണ പരമ്പര; രണ്ടുപേര്‍ക്ക് പരിക്ക്

Published : 11th January 2017 | Posted By: fsq

 

ആലുവ: ചൂര്‍ണിക്കര ഗ്രാമപ്പഞ്ചായത്തിലെ കുന്നത്തേരിയി ല്‍ അഞ്ചുവീടുകളില്‍ മോഷണം. മോഷ്ടാക്കളുടെ ആക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് പലയിടങ്ങളിലായി മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം. കുന്നത്തേരി എസ്എന്‍ഡിപിക്കു സമീപം എണ്ണക്കല്‍ മോഹനന്റെ അടുക്കളയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ ഇയാളുടെ കഴുത്തില്‍കിടന്ന മൂന്നുപവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയും ആയിരം രൂപയടങ്ങുന്ന പഴ്‌സും കവര്‍ന്നു. ഉറക്കത്തില്‍നിന്നെഴുന്നേറ്റ് മോഹനന്‍ മോഷ്ടാക്കളെ പിന്തുടര്‍ന്ന് ഓടിയെങ്കിലും ഇയാള്‍ തളര്‍ന്നുവീഴുകയായിരുന്നു. അല്‍പസമയത്തിനുശേഷം സമീപത്തുള്ള മോളത്ത്പറമ്പില്‍ സരോജത്തിന്റെ വീട്ടില്‍ മോഷ്ടാക്കളെത്തിയെങ്കിലും ഇവരുടെ മകന്‍ ശബ്ദംകേട്ട് ലൈറ്റിട്ടതോടെ മോഷ്ടാക്കള്‍ മതില്‍ചാടി രക്ഷപ്പെടുകയായിരുന്നു. കുന്നത്തേരി ഭുവനേശ്വരി ക്ഷേത്രത്തിനുസമീപം ചേലക്കാട് വീട്ടില്‍ ഇന്ദിര തങ്കപ്പന്റെ വീട്ടില്‍കയറിയ മോഷ്ടാക്കള്‍ ഇവരുടെ രണ്ടരപവന്റെ സ്വര്‍ണമാല കഴുത്തില്‍നിന്നു പറിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്ദിര ഉണര്‍ന്നെഴുന്നേറ്റതുമൂലം മോഷ്ടാക്കള്‍ പൊട്ടിച്ചോടിയ സ്വര്‍ണമാലയുടെ ഒരു കഷണം മാത്രമേ നഷ്ടപ്പെട്ടുള്ളൂ. അല്‍പസമയത്തിനുശേഷംതന്നെ കരിപ്പായി ഷെമീറിന്റെ വീട്ടില്‍ മോഷ്ടാക്കള്‍ എത്തിയെങ്കിലും ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനായ ഇയാള്‍ ഉറങ്ങിയിരുന്നില്ല. ലൈറ്റിട്ടതോടെ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പൈപ്പ്‌ലൈന്‍ റോഡില്‍ കാഞ്ഞിരത്തിങ്കല്‍ ഇബ്രാഹിമിന്റെ വീട്ടിലെ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ ഇയാളുടെ 32,000 രൂപയടങ്ങുന്ന പഴ്‌സ് മോഷ്ടിച്ചു. ഇവരുടെ വീട്ടിലെ രണ്ടു സ്ത്രീകളെയാണ് മോഷ്ടാക്കള്‍ കഴുത്തുഞെരിച്ച് പരിക്കേല്‍പിച്ചത്. ഒരു മണിക്കൂറിനിടയിലാണ് അഞ്ചോളം വീടുകളില്‍ മോഷ്ടാക്കള്‍ കയറിയിറങ്ങിയത്. വെളുത്ത മെലിഞ്ഞ ആളാണ് മോഷ്ടാവെന്നും മുഖത്ത് കറുത്ത കവര്‍ ധരിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. എളങ്ങാപ്പുറം പ്രദേശത്തെ ചില വീടുകളിലും മോഷണശ്രമം നടന്നിരുന്നു. കുന്നത്തേരി തായിക്കാട്ടുകര പ്രദേശങ്ങളില്‍ അന്യസംസ്ഥാനക്കാരും സാമൂഹികവിരുദ്ധരും വ്യാപകമായി തമ്പടിച്ചതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പോലിസ് അനാസ്ഥ തുടരുന്നതിനിടയിലാണ് മോഷണപരമ്പര അരങ്ങേറിയത്. ആലുവ പോലിസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss