|    Nov 19 Mon, 2018 2:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ ആത്മഹത്യ ചെയ്

Published : 4th November 2018 | Posted By: kasim kzm

തുകോട്ടയം: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കുന്നത്തുകളത്തില്‍ ജ്വല്ലറി ഗ്രൂപ്പ് ഉടമ കെ വി വിശ്വനാഥന്‍ (68) ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ജീവനൊടുക്കി. ഇന്നലെ രാവിലെ എട്ടുമണിയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍നിന്നാണ് വിശ്വനാഥന്‍ ചാടിയത്. രാവിലെ നടക്കാനിറങ്ങിയ വിശ്വനാഥന്‍, ഭാര്യ രമണി ഫോണെടുക്കാന്‍ മുറിയിലേക്കുപോയ സമയത്ത് കെട്ടിടത്തിനു മുകളില്‍നിന്നു ചാടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം കോട്ടയം തിരുനക്കര തെക്കുംഗോപുരത്തെ വീട്ടുവളപ്പില്‍ നടത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം നടക്കുകയാണെന്നും ഈസ്റ്റ് പോലിസ് അറിയിച്ചു. നിക്ഷേപത്തട്ടിപ്പ് കേസില്‍ ഒന്നാംപ്രതിയായി നാലുമാസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന വിശ്വനാഥന്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് സ്ഥാപനത്തിന്റെ തകര്‍ച്ചയില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു വിശ്വനാഥനെന്ന് പറയുന്നു. ജാമ്യത്തിലിറങ്ങിയശേഷം വിഷാദരോഗത്തിന് രണ്ടുദിവസം മുമ്പാണ് ഇതേ ആശുപത്രിയില്‍ ചികില്‍സതേടിയത്.
കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നുമാവശ്യപ്പെട്ടാണ് കോട്ടയം സബ്‌കോടതിയില്‍ കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഹരജി നല്‍കിയത്. ഇത് പരിഗണിച്ച കോടതി ഇദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചു.
കോട്ടയം, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, കുമരകം എന്നിവിടങ്ങളില്‍ ജ്വല്ലറിയും കോട്ടയം നഗരത്തില്‍ അടക്കം ചിട്ടി ഫണ്ട്‌സും കുന്നത്തുകളത്തില്‍ ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിന്റെയെല്ലാം പ്രവര്‍ത്തനങ്ങള്‍ കോടതി ഇടപെടലിനെ തുടര്‍ന്നു സ്തംഭിച്ചിരുന്നു. കോടികളുടെ സാമ്പത്തികബാധ്യതയുടെ പേരില്‍ പാപ്പര്‍ ഹരജി സമര്‍പ്പിച്ച വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യയ്ക്കും മകള്‍ക്കും മരുമകനുമെതിരേ പിന്നീട് പോലിസ് 14 കേസുകള്‍ ചുമത്തി. കുന്നത്തുകളത്തിലിന്റെ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ കുന്നത്തുകളത്തില്‍ ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ പ്രതിഷേധങ്ങളും നടത്തി. ഒളിവില്‍ പോയ വിശ്വനാഥനെയും ഭാര്യ രമണി, മകള്‍ നീതു, മരുമകന്‍ ഡോ. ജയചന്ദ്രന്‍ എന്നിവരെയും തൃശൂരില്‍ നിന്ന് പിന്നീട് പോലിസ് അറസ്റ്റ്‌ചെയ്യുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss