|    Feb 23 Thu, 2017 5:35 pm

കുന്നംകുളം വണ്ടിപ്പേട്ട തിരിച്ചുപിടിക്കാന്‍ ചാലക്കുടി നഗരസഭ ഒരുങ്ങുന്നു

Published : 25th October 2016 | Posted By: SMR

കുന്നംകുളം: കുന്നംകുളം യേശുദാസ് റോഡില്‍ കോടികള്‍ വിലമതിക്കുന്ന വണ്ടിപ്പേട്ട ഒടുവില്‍ നഗരസഭ തിരിച്ചുപിടിക്കാന്‍ ആലോചിക്കുന്നു. ചൊവ്വാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. കേരള പിറവിക്ക് മുന്‍പ് കുന്നംകുളം നഗരസഭ രൂപീകരണകാലത്ത് തന്നെ കാളവണ്ടിക്കാര്‍ക്കുള്ള വിശ്രമസ്ഥലമായിരുന്നു യേശുദാസ് റോഡിലെ വണ്ടിപേട്ട. ദൂരസ്ഥലങ്ങളില്‍ നിന്നും ചരക്കുകളുമായി നഗരത്തിലെത്തുന്ന വണ്ടിക്കാര്‍ ഇവിടെ തങ്ങി വിശ്രമിച്ച് അടുത്ത ദിവസം ചരക്കുമായി തിരിച്ചുപോകുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കാളവണ്ടികള്‍ അന്യമായതോടെയാണ് വണ്ടിപേട്ടയും നഷ്ടമായത്. നഗരസഭയുടെ സ്വത്ത് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്യസംസ്ഥാന തൊഴിലാളികളും യാചകരും കയേറി. ആക്രി സാധനങ്ങള്‍ സൂക്ഷിക്കാനും, ഭക്ഷണം പാചകം ചെയ്യാനും താമസിക്കാനുമായി അവര്‍ വണ്ടിപേട്ട ഉപയോഗിച്ചുതുടങ്ങിയതോടെ ഇത് ഒഴിപ്പിച്ചെടുക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. 2004 ല്‍ ഇവിടെ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിക്കാന്‍ നഗരസഭ പദ്ധതി തയ്യാറാക്കുകയും ഇതിനായി ആറ് ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. പ്രവൃത്തി ആരംഭിക്കാന്‍ ഒരു ഗുണഭോക്തൃസമതിയെ ചുമതലപെടുത്തി. എന്നാല്‍ പിന്നീട് ഇത് കടലാസില്‍ ഒതുങ്ങി. 2014 ല്‍ ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഗ്രീന്‍കേരള ഇതില്‍ നിന്നും പിന്‍മാറിയതോടെ അതും നടന്നില്ല.  നഗരസഭക്ക് വന്‍തോതില്‍ വരുമാനമുണ്ടാക്കാന്‍ പ്രാപ്തമായ സ്ഥലമാണന്നും വണ്ടിപേട്ടയുമായി ബന്ധപെട്ട് പല പദ്ധതികളും മുന്‍പ് ആവിഷ്‌കരിച്ചിരുന്നതായും മുന്‍ നഗരസഭ ചെയര്‍മാനായിരുന്ന സി വി ബേബി പറയുന്നു. കുന്നംകുളം നഗരത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി യാചകരും മറ്റും കയ്യേറ്റം നടത്തിയത് സംമ്പന്ധിച്ച് നിരവധി പരാതികളാണ് നഗരസഭക്ക് ലഭിച്ചിരിക്കുന്നത്, ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിയേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം മതില്‍ കെട്ടി സംരക്ഷിക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പോലീസില്‍ നഗരസഭാ അധികൃതര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക