|    Nov 19 Mon, 2018 6:55 am
FLASH NEWS

കുന്നംകുളം നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുമെന്ന് ബിഎംഎസ്‌

Published : 16th July 2018 | Posted By: kasim kzm

കുന്നംകുളം: വിബീഷിന്റെ മരണത്തിനു ഉത്തരവാദികളായ നഗരസഭാ വൈസ് ചെയര്‍മാനും സെക്രട്ടറിക്കുമെതിരെ കേസ്സെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കുന്നംകുളത്ത് ഹര്‍ത്താല്‍ നടത്തുമെന്ന് ബി.എം.എസ് അറിയിച്ചു. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്ത വിബീഷിന്റെ (കുട്ടാപ്പു) മരണത്തിന് ഉത്തരവാദികളായ കുന്നംകുളം നഗരസഭാ സെക്രട്ടറി  കെ.കെ.മനോജിനും വൈസ് ചെയര്‍മാന്‍ പി  എം സുരേഷിനുമെതിരെ പോലിസ്  കേസ്സെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കാലത്ത് 6 മുതല്‍ വൈകീട്ട് 6 വരെ നഗരസഭ പരിധിക്കുള്ളില്‍ ബി ജെ പി പിന്തുണയോടെ ഹര്‍ത്താല്‍ ആചരിക്കാനാണ് ബി എം എസ്  ആഹ്വാനം.
ഇന്നലെ വിബീഷ് കുമാറിന്റെ മൃതദേഹം കുന്നംകുളം നഗരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപ യാത്രയായാണ് മൃതദേഹം നഗരത്തിലെത്തിയത്. വിബീഷിന്റെ തട്ട് കട പ്രവര്‍ത്തിച്ചിരുന്ന മഹാത്മാഗാന്ധി ഷോപ്പിംഗ് കോപ്ലക്‌സിനു മുന്നില്‍ നടന്ന പൊതുദര്‍ശനത്തില്‍ സഹപ്രവര്‍ത്തകരും നാട്ടുകാരുമടക്കം നിരവധിപേര്‍  അന്ത്യോപചാരം അര്‍പ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സി ഐ  കെ ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പത്ത് മിനിറ്റ് നീണ്ട പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തെക്കെപുറം എ കെ ജി റോഡിലുള്ള വസതയിലെത്തിച്ചു. മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ശേഷം കോട്ടപ്പടി വാതക ശ്മാശാനത്തില്‍ സംസ്‌ക്കാരം നടത്തി.
റെഡ് സോണ്‍ പ്രഖ്യാപിച്ചതോടെ നഗരമധ്യത്തിലെ തട്ടുകട തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതായത് വിബീഷിനെ കൂടുതല്‍ സാമ്പത്തിക ബാദ്ധ്യതയിലേക്ക് തള്ളിയിരുന്നുവെന്ന് ബിഎംഎസ് നേതാക്കള്‍ ആരോപിച്ചു. രോഗിയായ അച്ഛനെയും കുടുംബത്തിന്റെയും ഏക ഉപജീവന മാര്‍ഗ്ഗമായിരുന്ന തട്ടുകട നഗരസഭ വീട്ടുനല്‍കാതിരുന്നതാണ് ജീവിതം വഴിമുട്ടി വിബീഷ് ആത്മഹത്യ ചെയ്യുന്നതിലേക്ക് നയിച്ചതെന്ന് ബി.എം.എസ് പറയുന്നു.
ഇതിന് ഉത്തരവാദികളായ സെക്രട്ടറി കെ കെ മനോജിനും വൈസ് ചെയര്‍മാന്‍ പി എം സുരേഷിനും എതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ബി എം എസ്സ് നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം വിബീഷ് കുമാറിന്റെ നിര്‍ഭാഗ്യകരമായ ആത്മഹത്യയെ രാഷ്ട്രീയവല്‍്ക്കരിച്ച് ഹര്‍ത്താല്‍ നടത്താനുള്ള സംഘപരിവാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് സി പി എം ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. നിയമപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയ നഗരസഭ സെക്രട്ടറിയെയും ഭരണാധികാരികളെയും രാഷ്ട്രീയ ലക്ഷ്യത്തോടെ ശത്രുതാപരമായി ആക്ഷേപിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത് ലജ്ജാകരമാണ്. ഒരു നാട് മുഴുവന്‍ ദുഖിക്കുന്ന ഒരു യുവാവിന്റെ ആത്മഹത്യയെ പോലും രാഷ്ട്രീയവല്‍ക്കരിച്ച് ബി ജെ പി നേതൃത്വം സ്വയം അപഹാസ്യരാവുകയാണ്. വിബീഷിന്റെ ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തിട്ടുണ്ട്. താന്‍ വിശ്വസിക്കുന്നവര്‍ ഒപ്പമുണ്ടായില്ല എന്നാണ് കുറിപ്പില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കത്തിന്റെ വസ്തുതകള്‍ ശാസ്ത്രിയമായി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തള്ളിക്കളയണമെന്നും സി പി എം ഏരിയാ സെക്രട്ടറി എം എന്‍ സത്യന്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss