|    Aug 20 Sun, 2017 11:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുനിയില്‍ ഇരട്ടക്കൊലപാതകം: പ്രതിയെ നാട്ടിലെത്തിച്ചു

Published : 30th November 2016 | Posted By: SMR

നെടുമ്പാശ്ശേരി: സൗദി അറേബ്യയില്‍ നിന്നും പിടിയിലായ മലപ്പുറം അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ നാട്ടിലെത്തിച്ചു. കേസിലെ 17ാം പ്രതി അബ്ദുള്‍ സബൂറിനെയാണ് എത്തിച്ചത്. കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള ഇന്ത്യ-സൗദി കരാര്‍ പ്രകാരം സൗദി പോലിസ് കൈമാറുന്ന പ്രതിയാണ് അബ്ദുള്‍ സബൂര്‍.
കൊളക്കാടന്‍ അബ്ദുള്‍ കലാം ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇന്റര്‍പോള്‍ വഴിയാണ് ഇയാളെ നാട്ടിലെത്തിച്ചത്. സൗദിയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ച ശേഷം ഇന്നലെ രാത്രി എട്ടു മണിയോടെ നെടുമ്പാശ്ശേരിയിലെത്തിക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ്തന്നെ ഇയാള്‍ സൗദി പോലിസിന്റെ കസ്റ്റഡിയിലായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് കേരളത്തില്‍ എത്തിക്കുന്നത് വൈകിയത്.
നെടുമ്പാശ്ശേരി രാജ്യാന്തരവിമാനത്താവളത്തില്‍വച്ച് കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി മോഹനചന്ദ്രന്‍ പ്രതിയെ ഏറ്റുവാങ്ങി. 2012 ജൂണ്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം.
അരീക്കോട് കുനിയില്‍ കുറുവങ്ങാടന്‍ അതീഖുറഹ്മാന്‍ വധക്കേസിലെ പ്രതികളായിരുന്നു കൊല്ലപ്പെട്ട സഹോദരങ്ങളായ അബ്ദുള്‍ കലാം ആസാദും, അബൂബക്കറും.
2012 ജനുവരി അഞ്ചിന് ഫുട്‌ബോള്‍ മല്‍സരവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അതീഖുറഹ്മാന്‍ കൊല്ലപ്പെട്ടത്. ഇതിന്റെ പ്രതികാരമായിരുന്നു ഇരട്ടക്കൊലപാതകം. ഈ കേസിലെ മറ്റൊരു പ്രതി മുക്താറിനെ 2012ല്‍ ഖത്തറില്‍ നിന്നും പിടികൂടി നെടുമ്പാശ്ശേരി വഴി നാട്ടിലെത്തിച്ച് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക