|    Nov 16 Fri, 2018 9:16 pm
FLASH NEWS

കുത്തൊഴുക്ക് കോട്ടത്തറയെ തകര്‍ത്തെറിഞ്ഞു

Published : 11th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: കലിതുള്ളിയ കാലവര്‍ഷത്തിന്റെ കുത്തൊഴുക്കില്‍ ജില്ലയില്‍ ഏറെ നാശംവിതച്ച സ്ഥലങ്ങളിലൊന്നായി കോട്ടത്തറ വിറങ്ങലിച്ചു നില്‍ക്കുന്നു. അങ്ങാടിക്ക് തൊട്ടരികിലൂടെ ഒഴുകുന്ന ചെറുപുഴയില്‍ നിന്നുള്ള വെള്ളം കോട്ടത്തറ-പിണങ്ങോട് റോഡ് തുടങ്ങുന്നയിടവും സമീപത്തെ നിരവധി കടകളും തകര്‍ത്തെറിഞ്ഞാണ് പ്രദേശത്തിന്റെ ചരിത്രത്തിലൊന്നുമില്ലാത്തവിധം നാശം വിതച്ചത്.
കോട്ടേക്കാരന്‍ അസ്ബക്കിന്റെ വര്‍ക്‌ഷോപ്പില്‍ നിന്ന് ഒലിച്ചുപോയ ബൈക്കുകളും സ്‌കൂട്ടറുകളും ദുരന്തത്തിന്റെ വ്യാപ്തി വിളിച്ചോതും. വര്‍ക്‌ഷോപ്പിലെ പണിയായുധങ്ങളും മറ്റ് സാധനസാമഗ്രികളും ഒലിച്ചുപോയതില്‍ മാത്രം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് അസ്ബക് പറഞ്ഞു. തൊട്ടടുത്ത റേഷന്‍കടയിലെ 60 ചാക്കോളം അരി നശിച്ചു.
പരേതനായ കോട്ടേക്കാരന്‍ കുഞ്ഞമ്മത് ഹാജിയുടെ കെട്ടിടത്തിലുള്ള പലചരക്ക് കടയും അക്ഷയകേന്ദ്രവും ഏറെക്കുറെ തകര്‍ന്ന നിലയിലാണ്. അങ്ങാടിയിലെ നാലു പെട്ടിക്കടകള്‍ നാമാവശേഷമായി. പുന്നോളി ഹൈദ്രോസ് കോയ തങ്ങള്‍, ലക്ഷംവീട് കോളനി ഗോപി, പുന്നോളി ആലി, കുന്നലത്ത് ഉസ്മാന്‍ എന്നിവരുടെതാണ് പെട്ടിക്കടകള്‍. കോട്ടേക്കാരന്‍ മൂസയുടെ മലഞ്ചരക്ക് കടയുള്‍പ്പെടെ ഈ റോഡിലെ ഏതാണ്ടെല്ലാ കടകളിലും വെള്ളം കയറി.
വലിയകുന്ന് അങ്ങാടിക്കുന്നില്‍ അസുഖബാധിതരായ സുബ്രഹ്മണ്യന്‍, ഭാര്യ അമ്മാളു എന്നിവരെ ഇന്നലെ രാവിലെയെത്തിയ ദ്രുതകര്‍മ സേനാംഗങ്ങള്‍ ബോട്ടില്‍ മൈലാടിയിലെത്തിച്ച ശേഷം കല്‍പ്പറ്റ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കോട്ടത്തറ പഞ്ചായത്തിലെ 3, 4, 5 വാര്‍ഡുകളൊഴികെ മറ്റ് 10 വാര്‍ഡുകളും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ്. വലിയകുന്ന്, കുളക്കിമട്ടംകുന്ന്, ചേലാകുനിക്കുന്ന്, മാങ്കോട്ട്കുന്ന്, പുതിയേടത്ത്കുന്ന്, കല്ലട്ടി, പുതുശ്ശേരിക്കുന്ന്, കുറുമണി, പൊയില്‍, കള്ളംപടി, ഈരംകൊല്ലി, പാലപ്പൊയില്‍, കരിഞ്ഞകുന്ന്, പടവെട്ടി, ചെമ്പന്നൂര്‍ എന്നീ ജനവാസകേന്ദ്രങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
മൈലാടി-വെണ്ണിയോട് റോഡ്, വെണ്ണിയോട്-കോട്ടത്തറ റോഡ്, വെണ്ണിയോട്-മെച്ചന റോഡ് എന്നിവ വെള്ളത്തിനടിയിലയി. വെണ്ണിയോട് ടൗണില്‍ നിര്‍ത്തിയിട്ട രണ്ടു ബസ്സുകളും നിരവധി ചെറു വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. പ്രശ്‌നബാധിതര്‍ക്കായി പഞ്ചായത്തില്‍ 12 പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss