കുത്തിയോട്ട വിവാദം: താന്‍ പറഞ്ഞതില്‍ ജാതിയും മതവുമില്ലെന്നു ശ്രീലേഖ
Published : 3rd March 2018 | Posted By: kasim kzm
തിരുവനന്തപുരം: ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കുത്തിയോട്ട ആചാരവുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപി ആര് ശ്രീലേഖ എഴുതിയ ബ്ലോഗ് വിവാദമായതിനു പിറകെ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി ഡിജിപി. താന്‍ പറഞ്ഞതില്‍ മതവും ജാതിയുമൊന്നുമില്ലെന്നും കാതുകുത്തും സുന്നത്തുമൊന്നും അതില്‍ കൊണ്ടുവരേണ്ടെന്നും ശ്രീലേഖ തന്റെ ഫേസ്്ബുക്കില്‍ കുറിച്ചു.
ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കുന്ന, ആചാരാനുഷ്ഠാനങ്ങളെ ബഹുമാനിക്കുന്ന ഹിന്ദു നായര്‍ സ്ത്രീയാണു താന്‍. വര്‍ഷങ്ങളായി ആറ്റുകാല്‍ അമ്മയെ ആരാധിക്കുന്നവള്‍. ഒരു ബ്ലോഗ് രണ്ടു ദിവസം മുമ്പ് എഴുതിയത് എനിക്ക് വല്ലാത്ത വിഷമം കുട്ടികളെക്കുറിച്ചു തോന്നിയതു കൊണ്ടാണ്. ജയിലില്‍ പോലും തടവുകാര്‍ക്ക് വസ്ത്രം ഉടുക്കാന്‍ നല്കുന്നു. ഇവിടെ കുട്ടികള്‍ക്ക് വെറുമൊരു തോര്‍ത്ത് മാത്രം. അതുടുത്തുകൊണ്ടു കുളി, ഭക്ഷണം, നിലത്തു പായില്‍ ഉറക്കം, 1008 സാഷ്ടാംഗ പ്രണാമം ഒക്കെ ആ ഏഴുനാളില് ചെയ്യണം. ഇവിടെ ക്ഷേത്രാങ്കണത്തില്‍ രണ്ടു മുറികളില്‍ പായ വിരിച്ച് 993 കുട്ടികളെ അടുക്കിക്കിടത്തും. രാത്രി ഒരു മണിവരെ ചെണ്ടമേളം ഈ മുറികള്‍ക്കു തൊട്ടടുത്താണ്. കൂടാതെ വെടിയൊച്ചയും. കുഞ്ഞുങ്ങള്‍ ഉറങ്ങുന്നത് അതിനു ശേഷമാവും. കാലത്തു നാലിന് ഉണര്‍ത്തി അമ്പലക്കുളത്തില്‍ കൊണ്ടുപോയി മുക്കിയെടുക്കും. ദര്‍ശനവും നമസ്കാരവും കഴിഞ്ഞു കഞ്ഞിയും പയറും കഴിച്ചു വീണ്ടും പ്രദക്ഷിണവും ആരാധനയും. ഉച്ചയ്ക്ക് നിലത്തിരുന്ന് ഇലയില്‍ ചോറും കറിയും. രാത്രി അവിലും പഴവും പിന്നെ കരിക്കും. പേടിയും പനിയും ബോധക്ഷയവും വിറയലും ശ്വാസംമുട്ടലും ഒക്കെയായി അവിടെയുള്ള ഡോക്ടറുടെ അടുത്തു ദിവസവും 60 കുട്ടികളെ കൊണ്ടുചെല്ലാറുണ്ടെന്നു രജിസ്റ്റര്‍ നോക്കിയാല്‍ മനസ്സിലാവും.
കഴിഞ്ഞ 24ന് ഫിക്സ് വന്ന ഒരു കുത്തിയോട്ട വ്രതക്കാരനെ പിആര്‍എസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇനി കുട്ടികളെ ബലിക്കല്ലി—നു നേരെ നിര്‍ത്തി രണ്ടു വശത്തും ഒരു ചെറിയ ലോഹക്കമ്പി കൊണ്ട് തൊലി തുളച്ചെടുക്കും. ആ കമ്പിയും മുറിവുമായി അവരെ രണ്ടു കിലോമീറ്റര്‍ ദൂരം നടത്തിച്ച് അയ്യപ്പന് ക്ഷേത്രത്തില്‍ കൊണ്ടു പോവും. എന്തിനീ ദിവസങ്ങളോളമുള്ള കഠിനവ്രതവും ശരീരം കുത്തിമുറിക്കലുമെന്നു ശ്രീലേഖ ചോദിക്കുന്നു. പലരും അയച്ചു തന്ന കുട്ടികളുടെ പീഡനങ്ങളുടെ ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ഡിജിപി ചേര്‍ത്തിട്ടുണ്ട്.
അതേസമയം, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കുത്തിയോട്ട നേര്‍ച്ച നടക്കുമെന്നും കാലാനുസൃതമായ മാറ്റം ആവശ്യമുണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.