|    Dec 10 Mon, 2018 1:17 am
FLASH NEWS

കുത്തിയിരിപ്പ് സമരം നടത്തിയ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു

Published : 13th February 2018 | Posted By: kasim kzm

വടകര: നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍ സ്ഥാപിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തിലും ഇറങ്ങിപ്പോക്കിലും കലാശിച്ചു. സംഭരണ കേന്ദ്രത്തിനെതിരെ ജെടി റോഡ് പൗരസമിതിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിന് മുന്നില്‍ മാര്‍ച്ച് നടക്കുന്നതിനിടെയാണ് കൗണ്‍സില്‍ ഹാളിലും പ്രതിപക്ഷാംഗങ്ങളുടെ നേതൃത്വത്തില്‍ നാടകീയ രംഗങ്ങളുണ്ടായത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ചെയര്‍മാന്‍ കൗണ്‍സില്‍ നിര്‍ത്തിവച്ചു. തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിയുമായി ഹാളിന്റെ നടുത്തളത്തിലേക്കിറങ്ങി. ഇന്നലെ രാവിലെ 11.30 ഓടെയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. അജണ്ടകള്‍ വായിക്കുന്നതിന് മുമ്പായാണ് പ്രതിപക്ഷ നേതാവ് ടി കേളു എംആര്‍എഫ് കേന്ദ്രത്തെ ചൊല്ലിയുള്ള വിഷയം ഉന്നയിച്ചത്. നിലവില്‍ പല മാലിന്യ പ്രശ്‌നങ്ങളും നേരിടുന്നവരാണ് ജെടി റോഡ് നിവാസികള്‍. 2016 ആഗസ്ത് മാസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ദ്ദിഷ്ട പദ്ധതിക്കായി പഴയ കെഎസ്ആര്‍ടിസി ഡിപോ ഉപയോഗിക്കാന്‍ തീരുമാനമെടുത്തതായി ചെയര്‍മാന്‍ പറയുന്നത്. എന്നാല്‍ അങ്ങിനെയൊരു തീരുമാനം അന്നത്തെ കൗണ്‍സിലില്‍ എടുത്തിട്ടില്ലെന്നും പിന്നീട് ഭരണപക്ഷം മാത്രമായെടുത്ത തീരുമാനത്തിന് പിന്നില്‍ ദുരുദ്ദേശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൗണ്‍സില്‍ അറിയാതെ ചെയര്‍മാനെടുത്ത തീരുമാനം സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്നും അദ്ദേഹം രാജിവെച്ച് പുറത്ത് പോകണമെന്നും കേളു ആവശ്യപ്പെട്ടു. നഗരസഭ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ട പുതിയാപ്പിലെ ട്രഞ്ചിംഗ് ഗ്രൗണ്ടും, കഴിഞ്ഞ കൗണ്‍സില്‍ വിലക്കു വാങ്ങിയ 80 സെന്റ് ഭൂമിയും ഉണ്ടെന്നിരിക്കെ എന്തിനാണ് മാലിന്യ സംഭരണ കേന്ദ്രം ജെടി റോഡില്‍ തന്നെ സ്ഥാപിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിഷയം കൗണ്‍സില്‍ അജണ്ടയിലുണ്ടെന്നിരിക്കെ സീറോഅവറില്‍ വിശദീകരിച്ചത് ശരിയല്ലെന്ന് സിപിഎം അംഗം എ കുഞ്ഞിരാമന്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ക്ക് മറുപടിയായി സിപിഎം അംഗം ഇ അരവിന്ദാക്ഷന്റെ പരാമര്‍ശത്തോടെയാണ് ബഹളം ബഹളം ആരംഭിച്ചത്. നഗരസഭ ഭരിക്കുന്നത് എല്‍ഡിഎഫ് നേതൃത്വമാണെന്നും ഇടതുപക്ഷ നയങ്ങള്‍ നടപ്പിലാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. ഇടതുപക്ഷ നയങ്ങള്‍ നടപ്പിലാക്കാന്‍ ഭൂരിപക്ഷമുള്ളിടത്തോളം കാലം പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ് നടപ്പിലാക്കുമെന്നും, കൗണ്‍സിലെടുത്ത തീരുമാനം നടപ്പാക്കാലാണ് ജനങ്ങളോടുള്ള ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി ഹാളിന്റെ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളി ആരംഭിച്ചത്. ഇതോടെ ചെയര്‍മാന്‍ കൗണ്‍സില്‍ യോഗം നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തേക്കിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി നഗരസഭ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതിനിടെ ചെയര്‍മാന്‍ വീണ്ടും കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രതിപക്ഷമില്ലാതെ എല്ലാ അജണ്ടയും പാസ്സാക്കിയതായി അറിക്കുകയും ചെയ്തു. കുത്തിയിരിപ്പ് സമരം നടക്കുന്നതിനിടെ ഓഫീസിലേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചെന്ന് പറഞ്ഞ് ഭരണപക്ഷാംഗങ്ങള്‍ പ്രതിപക്ഷ അംഗങ്ങളുമായി തര്‍ക്കിച്ചതോടെ പൊലീസ് ഇടപെട്ട് 18 ഓളം യുഡിഎഫ്, ബിജെപി അംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss