|    Jan 20 Fri, 2017 5:15 am
FLASH NEWS

കുത്തണ മൂരിക്കെന്തിനാ കൊമ്പ്!

Published : 19th July 2016 | Posted By: mi.ptk

IMTHIHAN-SLUGഅങ്ങനെ അഡ്വ. എം കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ ഉപദേശിപ്പണിയില്‍ നിന്നും സ്വമേധയാ പിന്‍വലിഞ്ഞിരിക്കുന്നു. വലിയ ശോഭയോടെ തുടക്കം കുറിച്ച സര്‍ക്കാരിന്റെ മധുവിധു ശോഭക്കു മേല്‍ കാളിമ പടര്‍ത്തിയ ഒരു വിവാദം നീങ്ങിക്കിട്ടിയതായി ഇടതു മുന്നണിക്കു ആശ്വസിക്കാം. സര്‍ക്കാരിനില്ലാതെ പോയ ഔചിത്യബോധം ദാമോദരന്‍ വക്കീലിനുണ്ടായതു കൊണ്ട് രക്ഷപ്പെട്ടു എന്നും പറയാം.
ലാവ്‌ലിന്‍ പീഡനകാലത്ത് കൂടെ നിന്ന ദാമോദരന്‍ വക്കീലിനെ മറ്റാരു കയ്യൊഴിഞ്ഞാലും പിണറായി വിജയനു കയ്യൊഴിയാനാവില്ല. അതു കൊണ്ട് തന്നെ ദാമോദരന്‍ വക്കീലിനെ അഡ്വക്കേറ്റ് ജനറലാക്കാനായിരുന്നു പിണറായിക്കു താല്‍പര്യം. പക്ഷേ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലിന്റെ കസേരയിലിരുന്നതിന്റെ പേരിലുളള മാധ്യമ വേട്ടയാടല്‍ ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാലാവണം ആ പദവിയില്‍ വക്കീല്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍ പിന്നെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന സ്ഥാനമെങ്കിലും സ്വീകരിക്കണമെന്നായി സര്‍ക്കാര്‍.
adv-mk-damodaran-appears-foതന്റെ ബിസിനസ് തുടര്‍ന്നുകൊണ്ടു തന്നെ പ്രതിഫലേഛ കൂടാതെ സര്‍ക്കാരിനെയും സേവിക്കാമെന്നേ വക്കീലു കരുതിയിരുന്നുളളൂ. ബീക്കണ്‍ വെച്ച കാറില്‍ നഗരപ്രദക്ഷിണവുമാവാം. എന്തു ചെയ്യാം, അസൂയാലുക്കള്‍ സമ്മതിക്കേണ്ടേ. സര്‍ക്കാര്‍ വിവരങ്ങള്‍ സ്വന്തം കക്ഷികള്‍ക്കു ചോര്‍ത്തി നല്‍കാനാണ് സൗജന്യസേവനമേറ്റെടുക്കുന്നതെന്നു വരെ പറഞ്ഞു പരത്തി. ചിലര്‍ അവിടം കൊണ്ടും നിര്‍ത്തിയില്ല, വിവരാവകാശ പ്രകാരം ലഭിച്ചതാണെന്നു പറയുന്ന ഏതെല്ലാമോ കടലാസുകള്‍ സഹിതം ഹൈക്കോടതിയില്‍ ഹരജി നല്‍കി.
പക്ഷേ കോടതിയും കേസുമൊന്നും ജയിക്കാന്‍ എങ്ങനെ കളിക്കണമെന്നറിയാന്‍ ദാമോദരന്‍ വക്കീലിന് ആരുടേയും ഉപദേശം വേണ്ടല്ലോ. കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പേ വക്കീലദ്ദേഹം സ്ഥാനമാനങ്ങളോടുളള തന്റെ നിര്‍വികാരതയും നിഷ്‌കാമ ചിന്തയും കോടതിയെ ബോധ്യപ്പെടുത്തി എതിരാളികളെ നിഷ്പ്രഭരാക്കി.
പിന്നെ സൗജന്യ ഉപദേശത്തിന്റെ കാര്യം. പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയിലിരിക്കുവോളം കാലം അധികാരത്തിന്റെ അരമന വാതിലുകള്‍ ദാമോദരന്‍ വക്കീലിനായി തുറന്നിട്ടിരിക്കുകയല്ലേ…
ഉപദംശം: നിയമോപദേഷ്ടാവ് വിവാദത്തില്‍ ഏറ്റവും വാചാലമായത് സര്‍ക്കാരിന്റെ ഉപദേശക പദവി കാത്തു കഴിയുന്ന വി എസ് അച്ചുതാനന്ദന്റെ മൗനമാണ്. ഐസ്‌ക്രീം,ലാവ്‌ലിന്‍ എന്നിത്യാദി സംഭവങ്ങളിലൂടെ  വി എസ് അച്ചുതാനന്ദന്റെ കണ്ണിലെ കരടാണ് അഡ്വ.ദാമോദരന്‍. എന്നിട്ടും ഈ വിവാദങ്ങളൊക്കെ അരങ്ങു തകര്‍ത്തിട്ടും വി എസ് കമാ എന്നൊരക്ഷരം ഉരിയാടിയില്ല. ദീപസ്തഭം മഹാശ്ചര്യം നമുക്കും കിട്ടണം കാബിനറ്റ് റാങ്കോടെ ഉപദേശിപ്പണി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,563 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക