|    Nov 17 Fri, 2017 11:02 pm
FLASH NEWS

കുതിരാന്‍ തുരങ്കം 500 മീറ്റര്‍ പിന്നിട്ടു; മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് കരാറുകാര്‍

Published : 28th October 2016 | Posted By: SMR

തൃശൂര്‍: കുതിരാനിലെ രണ്ടു തുരങ്കങ്ങളുടെയും നിര്‍മാണം മറ്റു തടസ്സങ്ങളൊന്നുമില്ലായില്ലെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്നു തുരങ്ക നിര്‍മാണം നടത്തുന്ന പ്രഗതി എന്‍ജിനീയറിങ് കമ്പനിയുടെ എംഡി എം കൃഷ്ണരാജു പറഞ്ഞു. ഡിസംബറില്‍ ഇടതുഭാഗത്തെ ആദ്യതുരങ്ക നിര്‍മാണം പൂര്‍ത്തിയാവും. ഇപ്പോള്‍ തന്നെ ഇരുഭാഗത്തു നിന്നായി തുരങ്കം 500 മീറ്റര്‍ പിന്നിട്ടു. ഇരുമ്പുപാലം ഭാഗത്തു 425 മീറ്ററും വഴുക്കുംപാറ (തൃശൂര്‍ ഭാഗം) ഭാഗത്ത് 75 മീറ്ററുമായി. 915 മീറ്ററാണ് ഓരോ തുരങ്കങ്ങളുടെയും ദൂരം. വലതുഭാഗത്തെ രണ്ടാമത്തെ തുരങ്കം ഇരുമ്പുപാലം ഭാഗത്ത് 250 മീറ്ററായിട്ടുണ്ട്. മറുഭാഗത്തു നിന്നുള്ള പണികളും ആരംഭിച്ചിട്ടുണ്ട്. വലതുഭാഗത്തെ തുരങ്കം 300 മീറ്ററിലെത്തി രണ്ടു തുരങ്കങ്ങളും തമ്മിലുള്ള ക്രോസ് പാസേജിന്റെ പണികള്‍ ആരംഭിക്കും. 24 മീറ്ററാണ് രണ്ടു തുരങ്കങ്ങള്‍ തമ്മിലുള്ള അകലം. 300 മീറ്ററില്‍ രണ്ടു ക്രോസ് പാസേജുകളാണ് തുരങ്കങ്ങള്‍ തമ്മിലുണ്ടാവുക. തുരങ്കങ്ങള്‍ക്കുള്ളിലെ പാറകള്‍ ഉറപ്പുള്ളവയായതിനാല്‍ മറ്റു മുന്‍കരുതലുകള്‍ നടപടികളുടെ ആവശ്യമില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഉള്ളിലേക്കു പോകും തോറും ഓക്‌സിജന്റെ കുറവ് അനുഭവപ്പെടുന്നതു തൊഴിലാളികള്‍ക്കു പ്രശ്‌നമാവുന്നുണ്ട്. തുരങ്കങ്ങളുടെ മുകളിലേക്കു ബഹിര്‍ഗമന വാല്‍വുകളുടെ നിര്‍മാണവും ആലോചനയിലുണ്ട്. തുരങ്കത്തിനുള്ളില്‍ നിന്നും 50 മീറ്റര്‍ ഉയരമാണ് മലയുടെ മുകള്‍ഭാഗത്തു നിന്നുള്ളത്. ഇതിനാല്‍ 50 മീറ്ററില്‍ ബഹിര്‍ഗമന വാല്‍വുകള്‍ നിര്‍മിക്കണം. കൊമ്പഴയില്‍ നിന്നും തുരങ്കത്തിലേക്കു പ്രവേശിക്കുന്നതിനായി പീച്ചി ജലസംഭരണിക്കു മുകളിലൂടെയുള്ള പാലങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.പ്രദേശവാസികളുടെ പ്രതിഷേധം മൂലം അഞ്ചുദിവസം തുരങ്കനിര്‍മാണം നിലച്ചിരുന്നു. എഡിഎം സി കെ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ കമ്പനി പ്രതിനിധികളും പരിസരവാസികളുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചത്. തുരങ്കനിര്‍മാണത്തിനായി പാറപ്പൊട്ടിക്കുന്നതു മൂലം പരിസര പ്രദേശങ്ങളിലെ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ ഉറപ്പ് ലഭിച്ചിരുന്നില്ല. പാറപ്പൊട്ടിക്കലിന്റെ കാഠിന്യം സംബന്ധിച്ചും പാറനീക്കം ചെയ്യുന്നതുമായി  ബന്ധപ്പെട്ടും പരിസരവാസികള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. ഇത് പരിഹരിച്ചതോടെ നിര്‍മാണം പുനരാരംഭിക്കുകായയിരുന്നു.  രാവിലെ 6 മുതല്‍ രാത്രി 9 വരെ മാത്രമാണ് തുരങ്കത്തിനുള്ളില്‍ ബുമര്‍ ഉപയോഗിച്ചു തുരക്കുന്നത് ഇത് തുടരും. പാറപ്പൊട്ടിക്കലിന്റെ കാഠിന്യം അനുവദനീയ അളവില്‍ മാത്രമാണ് നടക്കുന്നതെന്നും അതു തുടരുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതു സംബന്ധിച്ച സമീപവാസികളുടെ എതിര്‍പ്പിനു പരിഹാരമായി. രാത്രി പത്തുവരെ തുരങ്കമുഖത്തിനു അടുത്ത്  കമ്പിപാലത്തിന് സമീപം പാറ നിക്ഷേപിക്കും. പത്തിന് ശേഷം സമീപവാസികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ  ക്രഷറുകളിലേക്ക് മറ്റു പ്രദേശത്തേക്കോ മാറ്റും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക