|    Aug 18 Fri, 2017 6:55 am
FLASH NEWS

കുതിരവട്ടത്തെ രോഗികള്‍ക്ക് മെഡിക്കല്‍ കോളജില്‍ സൗകര്യമില്ല

Published : 12th August 2017 | Posted By: fsq

 

കോഴിക്കോട്: മൂന്ന് രോഗികള്‍ക്കു വേണ്ടി 12 ജീവനക്കാരെ ബുദ്ധിമുട്ടിച്ച് മെഡിക്കല്‍കോളജാശുപത്രി. കുതിരവട്ടം ആശുപത്രിയില്‍ നിന്ന് വരുന്ന രോഗികള്‍ക്കായി മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യമില്ലാത്തത് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം ജീവനക്കാരെ ശ്വാസം മുട്ടിക്കുകയാണ്. മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് മറ്റ് ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് അയക്കുന്ന ഓരോ രോഗിയോടൊപ്പവും രോഗിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായി കുതിരവട്ടത്തെ രണ്ടു ജീവനക്കാരെ അയക്കും. മറ്റ് രോഗികളോടൊപ്പം മാനസികാസ്വാസ്ഥ്യമുള്ളവര്‍ കഴിയുമ്പോള്‍ നല്ല നിയന്ത്രണവും ശ്രദ്ധയും ആവശ്യമാണ്. ഇവര്‍ മറ്റു രോഗികളെ ഉപദ്രവിക്കാതിരിക്കാനും മറ്റും ശ്രദ്ധിക്കണം. ഇവരെ നിയന്ത്രിക്കാന്‍ ഒരാളെ കൊണ്ട് സാധിക്കില്ല. അതിനാല്‍ രണ്ടു പേരെ കൂടെ വിടുകയാണ്. മൂന്നു രോഗികളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുമ്പോള്‍ രാവിലെയും രാത്രിയിലുമായി 12 ജീവനക്കാരെ കുതിരവട്ടം ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് അയക്കേണ്ടിവരുന്നു. മാനസികാരോഗ്യകേന്ദ്രത്തില്‍ 600 ലേറെ രോഗികളെ പരിചരിക്കാന്‍ 80ഓളം നഴ്‌സിങ് അസിസ്റ്റന്റേയുള്ളൂ. അതിന്റെ ഇരട്ടിയിലധികം പേര്‍ ആവശ്യമുള്ളിടത്താണ് 80 പേരെ വച്ച് തള്ളിനീക്കുന്നത്. ചെറിയ പനി വന്നാല്‍ പോലും രോഗികളെ കുതിരവട്ടത്തുനിന്ന് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയക്കുകയാണ്. നിലവില്‍ തന്നെ ജീവനക്കാരില്ലെന്ന പരാതിയുള്ള ആശുപത്രിയില്‍ നിന്ന് ഈ രോഗികളോടൊപ്പമെല്ലാം ജീവനക്കാരും മെഡിക്കല്‍ കോളജിലേക്ക് പോകേണ്ടിവരുന്നു. മെഡിക്കല്‍ കോളജില്‍ ഓരോ ദിവസവും ഓരോ വാര്‍ഡിലേക്കാണ് അഡ്മിഷന്‍ വരുന്നത്. ഒന്നോ രണ്ടോ ദിവസം ഇടവിട്ട് വരുന്ന രോഗികള്‍ ഇതുമൂലം പല വാര്‍ഡുകളിലായിരിക്കും അഡ്മിറ്റാവുക. ഇവര്‍ക്കായി ഒരു വാര്‍ഡ് അനുവദിച്ചുനല്‍കുകയാണെങ്കില്‍ മൂന്നോ നാലോ രോഗികളെ നോക്കാന്‍ 12ഉം 16ഉം പേര്‍ക്ക് പകരം നാലു പേര്‍ മാത്രം മതിയാവുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. വാര്‍ഡ് നല്‍കാനാവില്ലെങ്കില്‍ ഒരേ അസുഖമുള്ള രോഗികള്‍ക്ക് ഒരു വാര്‍ഡില്‍ തന്നെ അഡ്മിഷന്‍ നല്‍കുകയെങ്കിലും ചെയ്യണമെന്നാണ് മാനസികാരോഗ്യകേന്ദ്രം ജീവനക്കാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക