|    Jan 17 Tue, 2017 12:48 am
FLASH NEWS

കുതിരക്കച്ചവടത്തിന് വീണ്ടും തിരിച്ചടി

Published : 14th July 2016 | Posted By: SMR

രാജ്യത്തെ ജനാധിപത്യവ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ട് കുതിരക്കച്ചവടം വഴി സംസ്ഥാന സര്‍ക്കാരുകളെ കൈയിലെടുക്കാനുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തന്ത്രങ്ങള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നു. അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മന്ത്രിസഭയെ ഗവര്‍ണറുടെ സഹായത്തോടെ അട്ടിമറിച്ച് തങ്ങളുടെ പാവസര്‍ക്കാരിനെ സ്ഥാപിച്ച ബിജെപി നേതൃത്വത്തിന് ലഭിക്കുന്ന രണ്ടാമത്തെ പ്രഹരമാണ് അരുണാചല്‍പ്രദേശിലേത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അരുണാചല്‍പ്രദേശിലെ രാഷ്ട്രീയനാടകങ്ങള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി നബാം തുക്കിയുടെ മന്ത്രിസഭയെ അട്ടിമറിക്കാനായി കോണ്‍ഗ്രസ് നിയമസഭാകക്ഷിയിലെ അസംതൃപ്തരായ ഒരുവിഭാഗത്തെ അടര്‍ത്തിയെടുക്കുകയാണ് അമിത്ഷായുടെ നേതൃത്വത്തിലുള്ള ബിജെപി കേന്ദ്രനേതൃത്വം ചെയ്തത്. ഈ കാലുമാറ്റക്കാരായ അംഗങ്ങള്‍ക്കെതിരേ നിയമസഭാ സ്പീക്കര്‍ നടപടിയെടുത്തു. എന്നാല്‍, അത് പരിഗണിക്കാതെ ഏകപക്ഷീയമായി നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി പുതിയൊരു മന്ത്രിസഭയെ വാഴിക്കുകയാണ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവ ചെയ്തത്. സ്പീക്കര്‍ നിയമസഭാമന്ദിരം അടച്ചുപൂട്ടിയതിനാല്‍ പാവമന്ത്രിസഭയെ തിരഞ്ഞെടുക്കാനായി ഒരു ഹോട്ടലിലാണ് നിയമസഭാ സമ്മേളനം ചേര്‍ന്നത്.
ഈ നടപടികള്‍ തീര്‍ത്തും അസ്വീകാര്യമാണെന്നും അരുണാചല്‍പ്രദേശില്‍ നടന്നത് നിയമവാഴ്ചയുടെ അട്ടിമറിയാണെന്നും കണ്ടെത്തിയാണ് സുപ്രിംകോടതി പുതിയ മന്ത്രിസഭയെ അസാധുവാക്കിയത്. ഇതോടെ അരുണാചല്‍പ്രദേശില്‍ നബാം തുക്കി മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തുകയാണ്.
ഇതേ തന്ത്രം തന്നെയാണ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ മന്ത്രിസഭയ്‌ക്കെതിരേയും ബിജെപി കേന്ദ്രനേതൃത്വം പയറ്റിയത്. പക്ഷേ, ഹൈക്കോടതി ശക്തമായി ഇടപെടുകയും നിയമസഭാനടപടിക്രമങ്ങളിലെ അട്ടിമറി തടയുകയും ചെയ്തതോടെ അവിടെ അതു പാളിപ്പോയി. ഹരീഷ് റാവത്ത് പൂര്‍വാധികം ശക്തിയോടെ മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു.
ആറുമാസത്തിനുള്ളില്‍ രണ്ടാംതവണയാണ് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന മുഖ്യ രാഷ്ട്രീയ കക്ഷിക്ക് രാജ്യത്തെ സുപ്രധാന കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവരുന്നത്. ജനാധിപത്യത്തിന്റെ മര്യാദകള്‍ ഒന്നും തങ്ങള്‍ക്കു ബാധകമല്ല എന്ന മട്ടിലാണ് രണ്ടു സംഭവങ്ങളിലും കേന്ദ്രസര്‍ക്കാരും അതിനെ നയിക്കുന്ന ബിജെപി നേതൃത്വവും പെരുമാറിയത്.
ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സംബന്ധിച്ചിടത്തോളം ഉത്തരാഖണ്ഡിനുശേഷം ഇപ്പോള്‍ അരുണാചല്‍പ്രദേശിലും നേരിട്ടിരിക്കുന്ന തിരിച്ചടി വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. ഭരണഘടനയെ പിന്‍പറ്റി ഭരണം നടത്തേണ്ട സര്‍ക്കാര്‍ തന്നെ അതിനെ അട്ടിമറിക്കാന്‍ മുന്നിട്ടിറങ്ങി എന്നാണ് രണ്ടു സംഭവങ്ങളും തെളിയിക്കുന്നത്. ലജ്ജാവഹം എന്നല്ലാതെ മറ്റെന്തു പറയാന്‍?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക