|    Nov 15 Thu, 2018 3:52 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കുതിക്കുന്ന അഴിമതി; കിതയ്ക്കുന്ന കേസുകള്‍

Published : 22nd December 2017 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു

സാക്ഷരകേരളത്തിനു ‘മഹത്തായ’ ഒരംഗീകാരം കൂടി വീണുകിട്ടിയിരിക്കുന്നു. അതാണെങ്കില്‍ അഭിമാനമായും അപമാനമായും വിലയിരുത്താം. ഇതിനുള്ള പരിപൂര്‍ണ അവകാശം പൊതുജനങ്ങള്‍ക്കുള്ളതാണ്. അഴിമതിയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് മൂന്നാംസ്ഥാനത്തേക്കാണ് വാഴ്ത്തപ്പെട്ടത്. കായികരംഗത്താണെങ്കില്‍ ഓട്ടുമെഡല്‍! മഹാരാഷ്ട്രയാണ് ഒത്ത മുകളില്‍. തൊട്ടുപിന്നില്‍ ഒഡീഷയുമുണ്ട്. നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയാണ് ഈ പഠന റിപോര്‍ട്ട് പുറത്തുവിട്ടത്. അഴിമതിക്കെതിരേ പോരാടി അധികാരത്തിലേറിയവര്‍ക്ക് ഇക്കാര്യത്തില്‍ തീര്‍ച്ചയായും അഭിമാനിക്കാം. കാരണം, രണ്ടു വര്‍ഷം തികയുന്നതിനു മുമ്പുതന്നെ അഴിമതിക്കാര്യത്തില്‍ കേരളത്തെ ദേശീയനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞല്ലോ. കേരളത്തെ ഈ അപമാനത്തില്‍ നിന്നു മോചിപ്പിക്കാന്‍ പ്രതിപക്ഷത്തിനു പോരാട്ടം ശക്തിപ്പെടുത്താനും സാധിക്കും. സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആ നിമിഷം വരെ മലയാളികള്‍ക്ക് അഴിമതിവിഷയം ചര്‍ച്ച ചെയ്യാന്‍ കഴിയുന്നുവെന്നത് അസൂയാവഹമായ ഭാഗ്യം തന്നെയാണ്. മറ്റൊരു സംസ്ഥാനത്തിനും ഇങ്ങനെയൊരു അസുലഭ ഭാഗ്യം കൈവന്നിട്ടുണ്ടാവില്ല. സംസ്ഥാനത്ത് അര്‍ബുദരോഗം പോലെ പടര്‍ന്നുപിടിച്ച അഴിമതി തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കെതിരേ വിജിലന്‍സില്‍ പല വിവാദങ്ങള്‍ക്കും കാരണക്കാരനായ ഡോ. ജേക്കബ് തോമസ് ഐപിഎസിനെയാണ് എല്ലാം ശരിയാക്കാന്‍ സര്‍ക്കാര്‍ ആദ്യം ഒപ്പം കൂട്ടിയത്. അടിമുടി അഴിമതിവിരുദ്ധനെന്നു പറഞ്ഞുവരുന്ന അദ്ദേഹം സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്ന വിശ്വാസത്തില്‍ വമ്പന്‍ സ്രാവുകള്‍ക്കൊപ്പം നീന്താന്‍ തുടങ്ങി. എല്ലാം ശരിയാക്കാനുള്ള കഠിന പരിശ്രമം. നീന്തി നീന്തി സ്രാവുകളെല്ലാം പതുക്കെപ്പതുക്കെ കരപറ്റി. അഴിമതിക്കെതിരേ പോരാടുന്ന ഉദ്യോഗസ്ഥന്‍ വെള്ളത്തില്‍ തന്നെ കിടന്നു. ഒപ്പമുണ്ടായിരുന്ന സര്‍ക്കാരാണെങ്കില്‍ മുക്കിക്കൊല്ലാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. അഴിമതിവിരുദ്ധനായ ഐപിഎസ് ഓഫിസര്‍ വല്ലവിധേനയും ജീവന്‍ നിലനിര്‍ത്താനുള്ള ചക്രശ്വാസത്തിലാണ്. സര്‍ക്കാരും അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളും വിജിലന്‍സും കേസുകളും ഡോ. ജേക്കബ് തോമസുമെല്ലാം വെറും പരിഹാസ്യമായി മാറിക്കഴിഞ്ഞു. യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാനുള്ള നാടകങ്ങള്‍ മാത്രമാണ് ഇതൊക്കെയെന്ന് അധികം വൈകാതെ ജനങ്ങള്‍ക്കു ബോധ്യപ്പെടും. സര്‍ക്കാര്‍ എന്തൊക്കെ കൊട്ടിഘോഷിച്ചാലും സമസ്ത മേഖലകളിലും അഴിമതി വര്‍ധിച്ചിരിക്കുകയാണ്. ഇതിനെതിരേ വെറും വാചകമടികളും പ്രസ്താവനകളുമല്ലാതെ ഫലപ്രദമായ യാതൊരുവിധ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. 2015ല്‍ കേരളത്തില്‍ 322 അഴിമതിക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ അത് 430 ആയി വര്‍ധിച്ചു. എന്നാല്‍, 2017ല്‍ ഇതുവരെ 135 കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ഒരാഴ്ചയ്ക്കകം അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയും കാണുന്നില്ല. അഴിമതി വര്‍ധിക്കുകയും നടപടികള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ അഴിമതിക്കേസുകളുടെ എണ്ണം വര്‍ധിക്കുകയാണു വേണ്ടത്. കേസുകളുടെ എണ്ണം കുറയുമ്പോള്‍ നടപടികള്‍ ഉണ്ടാവുന്നില്ലെന്നാണു മനസ്സിലാക്കേണ്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിജിലന്‍സ് ഓഫിസുകളില്‍ ഈ വര്‍ഷം 1500ലധികം പരാതികള്‍ ലഭിച്ചിരുന്നു. അതില്‍ ബഹുഭൂരിപക്ഷം പരാതികളിലും പ്രാഥമിക അന്വേഷണം പോലും നടന്നിട്ടില്ല. അഴിമതിയില്‍ മാത്രമല്ല, അഴിമതിക്കെതിരേ കെട്ടിക്കിടക്കുന്ന കേസുകളിലും കേരളം എത്രയോ മുമ്പിലാണ്. 1200ഓളം കേസുകള്‍ കെട്ടിക്കിടക്കുകയാണ്. കുറ്റപത്രം കൊടുക്കാതെ അന്തിമ അന്വേഷണം എന്ന വിഭാഗത്തില്‍ സംസ്ഥാനത്ത് 65 കേസുകള്‍ ഫയലുകളിലാണ്. എന്നു കുറ്റപത്രം കൊടുക്കുമെന്നു ചോദിച്ചാല്‍ ഉദ്യോഗസ്ഥന്‍മാര്‍ കൈമലര്‍ത്തും. 6-7 വര്‍ഷങ്ങള്‍ക്കു മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളാണിത്. വിജിലന്‍സ് കോടതിയിലാണെങ്കില്‍ വിചാരണ നടക്കുന്നത് 2004- 05ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. അഴിമതി തടയാന്‍ സര്‍ക്കാരിന് ആത്മാര്‍ഥമായി ആഗ്രഹമുണ്ടെങ്കില്‍ നിലവിലുള്ള വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും വേണം. കര്‍ശനമായ വ്യവസ്ഥകള്‍ അടങ്ങിയ നിയമനിര്‍മാണവും കൊണ്ടുവരണം. അഴിമതിവിരുദ്ധ പ്രസംഗം നടത്തിയതുകൊണ്ടോ വിവാദങ്ങള്‍ സൃഷ്ടിച്ചതുകൊണ്ടോ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചതുകൊണ്ടോ യാതൊരു പ്രയോജനവുമില്ല. ഇതൊക്കെ വെറുമൊരു ‘തമാശ’ നാടകമായി മാത്രമേ ജനങ്ങള്‍ കണക്കിലെടുക്കുന്നുള്ളൂ.              ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss