|    Oct 15 Mon, 2018 2:46 pm
FLASH NEWS

കുണ്ടൂര്‍ മസ്ജിദ് കൊളത്തേരി റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണം

Published : 23rd September 2017 | Posted By: fsq

 

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടൂര്‍ മസ്ജിദ് കൊളത്തേരി റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണം. അഞ്ച് വര്‍ഷത്തിലേറെയായി റോഡ് പാടെ തകര്‍ന്ന് കിടന്നിട്ടും ബന്ധപ്പെട്ട അധികൃതരാരും തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. കൊച്ചുകടവ് കുണ്ടൂര്‍ ഭാഗങ്ങളിലുള്ള നൂറ്കണക്കിന് കുടുംബങ്ങള്‍ നിത്യേന ഉപയോഗിക്കുന്ന റോഡാണിത്. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള നിരവധി സ്‌കൂള്‍ ബസ്സുകള്‍ അടക്കം ഒട്ടേറെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിന്റെ ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്. ഇതിലെ ആകെയുണ്ടായിരുന്ന ഒരു ബസ്സ് പണിയാന്‍ കാശ് തികയുന്നില്ലെന്ന് പറഞ്ഞ് നിര്‍ത്തലാക്കിയിരുന്നു. വലിയപറമ്പ് കുഴൂര്‍ കൊളത്തേരി കൊച്ചുകടവ് വഴി ആലുവക്ക് പോയിരുന്ന സ്വകാര്യ ബസ്സാണ് നിര്‍ത്തലാക്കിയത്. ദീര്‍ഘകാലം ഓടാതിരുന്നാല്‍ പെര്‍മിറ്റ് റദ്ധാകുമെന്ന ഭയത്താല്‍ ദുരിതവും നഷ്ടവും സഹിച്ച് കുറച്ച് നാളായി ആ ബസ് വീണ്ടും ഓടുന്നുണ്ട്. ഇതിലെ ബസ് ഓടിച്ചാല്‍ ബസ്സിന് ലഭിക്കുന്ന വരുമാനത്തേക്കാളേറെ ബസ്സിനായി ചെലവഴിക്കേണ്ടി വരുന്നെന്നാണ് ബസ്സുകാര്‍ പറയുന്നത്. വിദ്യാര്‍ഥികളും അങ്കണവാടിയിലേക്കും മദ്‌റസയിലേക്കുമുള്ള കുട്ടികളും പ്രായമേറിയവരുമടക്കമുള്ള നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡാണ് പാടെ തകര്‍ന്ന് കിടക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡിന്റെ ഇരുഭാഗത്തും താമസിക്കുന്നത്. ഈ റോഡ് മാത്രമാണ് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം. മഴക്കാലമായാല്‍ കാല്‍നട യാത്ര പോലും വളരെയേറെ ദുരിതപൂര്‍ണ്ണമാണ്. റോഡിന്റെ രണ്ടറ്റവുമായുള്ള വലിയ കുഴികളാണ് പലയിടത്തുമുള്ളത്. ഒരു ചെറിയ മഴ പെയ്താല്‍ പോലും ചെളി നിറഞ്ഞ വെള്ളത്തില്‍ ചവിട്ടാതെ റോഡിലൂടെ നടക്കാനാകാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഈ ഭാഗത്തെ രണ്ട് വീടുകളില്‍ വിവാഹങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി റോഡിലെ കുഴികളുടെ ആഴം കുറക്കാന്‍ ഒരു വിവാഹ വീട്ടുകാര്‍ ആലോചിച്ചിരുന്നു. ഇതിനായി പരിശോധന നടത്തിയപ്പോള്‍ ഒരു കുഴി നികത്താന്‍ ഒരു ലോഡില്‍ കൂടുതല്‍ മണ്ണോ മറ്റോ വേണ്ടി വരുമെന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഇത്തരം ചടങ്ങുകള്‍ നടക്കുന്നിടങ്ങളില്‍ എത്തുന്നവര്‍ പറയുന്നത് ഇങ്ങിനെ തകര്‍ന്ന് കിടക്കുന്ന റോഡ് വെറൊരിടത്തും കണ്ടിട്ടില്ലെന്നാണ്. പലമിടങ്ങളിലേക്കും പോകാനുള്ള എളുപ്പ വഴിയായിട്ടും ദൂരം ഏറെ കൂടിയ റോഡിലൂടെ പോകുകയാണ് ഈ റോഡിന്റെ രണ്ടറ്റത്തുമുള്ളവര്‍. എന്നാല്‍ ഈ റോഡ് മാത്രം ആശ്രയമായിട്ടുള്ളവര്‍ ദുരിതങ്ങളും അപകട ഭീഷണിയും സഹിച്ചും ദുരിത ജീവിതത്തെ പഴിച്ചും നാളുകള്‍ തള്ളി നീക്കുകയാണ്. അടിയന്തിര നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss