|    Jan 23 Mon, 2017 10:25 pm

കുണ്ടൂര്‍ പായ്തുരുത്തിലെ തൂക്കുപാലം അപകടാവസ്ഥയില്‍

Published : 25th August 2016 | Posted By: SMR

മാള: പായ്തുരുത്തുകാരുടെ പതിറ്റാണ്ടുകളായുള്ള ദുരിതങ്ങള്‍ക്ക് ആശ്വാസമേകാനാണ് കുണ്ടൂരില്‍ നിന്നും പായ്തുരുത്തിലേക്ക് നാലുവര്‍ഷം മുമ്പ് തൂക്കു പാലം നിര്‍മിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി തൂക്കുപാലത്തിലൂടെയുള്ള ഓരോ യാത്രയും ജീവന്‍ പണയം വച്ചാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
തൂക്കുപാലം നിര്‍മിച്ചതിന് ശേഷം ഇന്നേ വരെ ബന്ധപ്പെട്ട ആരുംതന്നെ തിരിഞ്ഞ് നോക്കാത്തതിനാല്‍ പാലം അപകട ഭീഷണി സൃഷ്ടിക്കുകയാണ്. തൂക്കുപാലങ്ങള്‍ രണ്ടു വര്‍ഷം കൂടുമ്പോഴെങ്കിലും അറ്റകുറ്റ പണി നടത്തേണ്ടതാണെങ്കിലും നിര്‍മാണം കഴിഞ്ഞ് നാലു വര്‍ഷവും നാലു മാസവും പിന്നിട്ടിട്ടും ഒരിക്കല്‍ പോലും പാലം അറ്റകുറ്റപണി നടത്തിയിട്ടില്ല. 2012 ഏപ്രില്‍ രണ്ടിനാണ് നിര്‍മാണം പൂര്‍ത്തീകരിച്ച തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ കൊച്ചി മാമലയിലെ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ കമ്പനി ലിമിറ്റഡാണ് തൂക്കുപാലം നിര്‍മിച്ചത്.
ഓരോ തൂക്കുപാലവും നിര്‍മാണം കഴിഞ്ഞ ശേഷം ജില്ലാ ഭരണകൂടത്തിനാണ് കമ്പനി ഇവ കൈമാറുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ കലക്ടറുമായോ എഡിഎമ്മുമായോ ബന്ധപ്പെട്ടാല്‍ ഇവയുടെ അറ്റകുറ്റ പണികള്‍ക്കായുള്ള അനുമതി ലഭിക്കും. അതേ സമയം തൂക്കുപാലം നിര്‍മാണം നടത്തിയ കെല്‍ തന്നെ രണ്ടു വര്‍ഷം മുന്‍പ് കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിന് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയിരുന്നെങ്കിലും ആ കത്തിന്‍മേല്‍ ഇന്നേവരെ യാതൊരു നീക്കവും ഉണ്ടായിട്ടില്ല.
തൂക്കുപാലത്തിലൂടെ ബൈക്ക് ഓടിക്കരുതെന്ന് കെല്‍ നിര്‍ദേശിച്ചെങ്കിലും അക്കാര്യത്തിലും കാര്യമായ നടപടിയുണ്ടായില്ല. ബൈക്ക് കയറ്റാതിരിക്കാന്‍ തടസ്സം വച്ചെങ്കിലും അവ മാറ്റപ്പെട്ടു. പിന്നീട് ഇക്കാര്യത്തില്‍ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. അറ്റകുറ്റ പണിയോ പെയിന്റിങോ ഇല്ലാതിരുന്നത് മൂലം തൂക്കുപാലം ക്രമേണ തകര്‍ച്ചയിലേക്ക് പോവുകയാണ്.
സംരക്ഷണ മറ താങ്ങി നിര്‍ത്തുന്ന ഇരുമ്പ് പൈപ്പുകളില്‍ പലതും ബന്ധം വേര്‍പ്പെട്ട നിലയിലാണ്. പായ്തുരുത്തുകാര്‍ക്ക് കുണ്ടൂരിലെ പള്ളിയിലും വ്യാപാര സ്ഥാപനങ്ങളിലും പഞ്ചായത്ത് ഓഫിസടക്കമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും എത്താനുള്ള ഏക മാര്‍ഗമാണിത്. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിന്റ 2016-17  വാര്‍ഷിക പദ്ധതിയില്‍ തൂക്കുപാലത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പഞ്ചായത്തിന് തൂക്കുപാലം വിട്ടു കിട്ടാത്തതിനാല്‍ സാങ്കേതിക തടസ്സം ഉണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഗ്രാമപ്പഞ്ചായത്ത് ജില്ലാ കലക്ടര്‍ക്ക് ഒരു കത്ത് നല്‍കിയാല്‍ പണികള്‍ ചെയ്യാനുള്ള അനുമതി പത്രം ജില്ലാ കലക്ടര്‍ നല്‍കുമെന്നാണ് കെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
തൂക്കുപാലം പഞ്ചായത്തിന് വിട്ട് നല്‍കണമെന്നും അല്ലാത്തപക്ഷം അറ്റകുറ്റ പണികള്‍ നടത്തി ജനങ്ങളുടെ ദുരിതവും ആശങ്കയും അകറ്റാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും വാര്‍ഡംഗം മുഹമ്മദ് ഫൗസീര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക