|    Nov 18 Sat, 2017 4:04 pm
FLASH NEWS

കുണ്ടന്നൂരില്‍ വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും തകര്‍ന്നു

Published : 8th November 2017 | Posted By: fsq

 

എരുമപ്പെട്ടി: എരുമപ്പെട്ടി കുണ്ടന്നൂരില്‍ വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ച് നിര്‍മാണത്തിലിരുന്ന വീട് പൂര്‍ണമായും തകര്‍ന്നു. വെടിക്കെട്ടുകാരനായ കുണ്ടന്നൂര്‍ പന്തലങ്ങാട്ടില്‍ ആനന്ദന്റെ വീടാണ് തകര്‍ന്നത്. സമീപത്തുള്ള രണ്ടുവീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സ്‌ഫോടനം നടന്നത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനകത്ത് സൂക്ഷിച്ചിരുന്ന വെടിക്കെട്ട് സാമഗ്രികളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ വാര്‍പ്പ് പൂര്‍ത്തിയാക്കിയ വീട് പൂര്‍ണമായും തകര്‍ന്നു. വീടിന്റെ കോണ്‍ക്രീറ്റ് ബീമുകളും ജനലുകളും വാതിലുകളും അകലേക്ക് തെറിച്ച് പോയി. സമീപത്തുള്ള തിരുത്തിന്‍മേല്‍ വിനയന്‍, പാണേങ്ങാടന്‍ ആഗ്‌നസ് എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. ഇവരുടെ വീടുകളുടെ ചുമരുകള്‍ക്ക് പൊട്ടല്‍ സംഭവിക്കുകയും വാതിലും ജനലുകളും തകരുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനശബ്ദം മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ കേട്ടതായി നാട്ടുകാര്‍ പറയുന്നു. പലരും ഭൂചലനമാണെന്ന് കരുതി ഭയന്ന് വീടുകളില്‍ നിന്നു പുറത്തേക്ക് ഓടിയിറങ്ങി.വടക്കാഞ്ചേരി എസ്‌ഐ കെ സി രതീഷിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു വെടിക്കെട്ട് സാമഗ്രികളായ കോറകളും ഓലകളും വെടിമരുന്നും പോലിസ് കണ്ടെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക