|    Dec 14 Thu, 2017 11:51 am
FLASH NEWS

കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച: ആശങ്കയോടെ മലയോരം

Published : 5th October 2016 | Posted By: Abbasali tf

കുണ്ടംകുഴി: ജില്ലയിലെ മലയോര മേഖലയായ കുണ്ടംകുഴിയില്‍ ജ്വല്ലറിയില്‍ നടന്ന  കവര്‍ച്ച മലയോര ജനതയെ ഭീതിയിലാഴ്ത്തി. സാധാരണ ഗതിയില്‍ നഗരങ്ങളിലെയും ദേശീയ പാതയോരത്തെയും വലിയ ജ്വല്ലറികളിലാണ് കവര്‍ച്ച നടത്താറുള്ളതെങ്കിലും മലയോര മേഖലയില്‍ ഇടത്തരം ജ്വല്ലറിയില്‍ ആദ്യമായാണ് കവര്‍ച്ച നടക്കുന്നത്. പ്രഫഷനല്‍ കവര്‍ച്ചാ സംഘമാണെന്നാണ് സൂചന. വലിയ ശബ്ദമെന്നും കൂടാതെ ഷട്ടറുകള്‍ മുറിച്ച് അകത്ത് കയറി ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന 15,70,000 രൂപ വിലവരുന്ന വെള്ള, സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള കവര്‍ച്ചാസംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. മലയോര മേഖലയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റും എത്തിപ്പെട്ട നിരവധി പേര്‍ താമസിക്കുന്നുണ്ട്. ഇത്തരക്കാരുടെ വിലാസമോ മറ്റ് രേഖകളോ പോലിസിന്റെയോ ക്വാട്ടേഴ്‌സ് ഉടമകളുടെയോ പക്കലില്ല. ജോലി തേടി എത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ മുതല്‍ മയക്കുമരുന്ന് മാഫിയകള്‍ വരെയുള്ളവര്‍ ഈ സംഘത്തിലുണ്ട്്. കവര്‍ച്ച നടത്തി സംഘത്തിന് എളുപ്പത്തില്‍ കര്‍ണാടകയിലേക്ക് അതിര്‍ത്തിയിലൂടെ രക്ഷപ്പെടാന്‍ വഴിയുണ്ട്്. ബേഡകം പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തി കേരള-കര്‍ണാടക അതിര്‍ത്തിയോട് തൊട്ടുകിടക്കുകയാണ്. മലയോര കുടിയേറ്റ മേഖല കൂടിയാണിത്. ജില്ലയില്‍ സുപ്രസിദ്ധ കവര്‍ച്ചാ സംഘം തമ്പടിച്ചതായി നേരത്തെ രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഇത് മുഖവിലക്കെടുക്കാന്‍ പോലിസ് തയ്യാറാവാത്തതാണ് കവര്‍ച്ചയ്ക്കാര്‍ക്ക് തുണയായത്. രാത്രികാലങ്ങളില്‍ വാഹന പരിശോധനയും മറ്റും നടത്തുമെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നുവെങ്കിലും മലയോര മേഖലകളില്‍ ഇത് പ്രഹസനമാണ്. പോലിസുകാരുടെ കുറവും നൈറ്റ് പട്രോളിങിന് തടസ്സമാകുന്നുണ്ട്. കവര്‍ച്ച തടയാനായി സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ നിലവിലുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനവും തൃപ്തികരമല്ലെന്ന് പരാതിയുണ്ട്. കാലാകാലങ്ങളില്‍ യൂനിഫോം ധരിക്കാതെ ചുറ്റിക്കറങ്ങുന്ന 20 ഓളം പോലിസുകാര്‍ ജില്ലയിലുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ സ്‌ക്വാഡിലെ അംഗങ്ങളാണെന്ന വ്യാജേനയാണ് ഇവര്‍ വിലസുന്നത്. മണല്‍, കരിങ്കല്‍ ക്വാറി മാഫിയകളില്‍ നിന്ന് മാമൂല്‍ പറ്റാനാണ് ഇവരുടെ ശ്രമമെന്നും പരാതിയുണ്ട്. നേരത്തെയുണ്ടായിരുന്ന എസ്പിയുടെകാലത്ത് പിരിച്ചുവിട്ട സ്‌ക്വാഡിന്റെ മറവിലാണ് ഇപ്പോഴും ചിലര്‍ മാമൂല്‍ പറ്റുന്നത്. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ആദൂര്‍, ബദിയടുക്ക പോലിസ് സ്‌റ്റേഷനുകളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക