|    Oct 19 Fri, 2018 2:40 am
FLASH NEWS

കുട്ടിസാമാജികര്‍ കത്തിക്കയറി; കൗതുകമായി മാതൃകാ നിയമസഭ

Published : 12th September 2017 | Posted By: fsq

 

കല്യാശ്ശേരി: നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കല്യാശ്ശേരി കെപിആര്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച മാതൃകാ നിയമസഭ ശ്രദ്ധേയമായി. തിരഞ്ഞെടുക്കപ്പെട്ട 60 സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച നിയമസഭ സദസ്സിന് കൗതുകവും ആവേശവും പകര്‍ന്നു. ഭരണ-പ്രതിപക്ഷമായി തിരിഞ്ഞ് സഭാ നടത്തിപ്പിന്റെ മാതൃകകളും അവതരിപ്പിക്കപ്പെട്ടു. ഗൃഹപാഠം ചെയ്‌തെത്തിയ കുട്ടികളുടെ പ്രകടനം മന്ത്രിയും സ്പീക്കറും ഉള്‍പ്പെടെയുള്ള സാമാജികരെപ്പോലും വിസ്മയിപ്പിച്ചു. വര്‍ഷത്തിലെ ആദ്യസമ്മേളനം തുടങ്ങുന്നതും അവസാനിക്കുന്നതുമായ രണ്ടുദിവസത്തെ കാര്യപരിപാടികളാണ് മാതൃകാ നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ചടങ്ങ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിയമസഭ മുഴുനീള ഹാസ്യനാടകത്തിന്റെ രംഗവേദിയാണെന്ന തെറ്റായ സങ്കല്‍പമാണ് ജനങ്ങള്‍ക്കുള്ളതെന്നും അത് മാറണമെന്നും അദ്ദേഹം പറഞ്ഞു. അജ്ഞതയാണ് പലപ്പോഴും ഇത്തരം ധാരണകള്‍ സൃഷ്ടിക്കുന്നത്. വിവിധ വിഷയങ്ങളുടെ പേരില്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോവുന്ന പ്രതിപക്ഷം  5 മിനുട്ടിനുള്ളില്‍ സഭയിലേക്ക് തിരിച്ചുവരാറുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. നിയമസഭാ സമ്മേളനത്തോടെ തീരുന്നതല്ല നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍.  അതിനുകീഴില്‍ തുല്യാധികാരത്തോടെയുള്ള 36 സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുപ്രധാന നിയമനിര്‍മാണങ്ങളും അവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഗൗരവത്തോടെ നടക്കുന്ന ഇടംകൂടിയാണ് നിയമസഭ.  പലപ്പോഴും ചാനലുകളിലെ ആക്ഷേപ ഹാസ്യപരിപാടികളായാണ് സഭാവാര്‍ത്തകള്‍ പുറംലോകത്തെത്തുന്നത്. അവിടെ നടക്കുന്ന ഗൗരവതരവും ജനോപകാരപ്രദവുമായ കാര്യങ്ങളും ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ ജെയിംസ് മാത്യു, ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, നിയമസഭാ സെക്രട്ടറി വി കെ ബാബുപ്രകാശ്, ഇ കെ നായനാരുടെ പത്‌നി ശാരദ, പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന, നിയമസഭ സ്‌പെഷ്യല്‍ സെക്രട്ടറി പി കെ ഗിരിജ തുടങ്ങിയവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss