|    May 25 Thu, 2017 5:01 am
FLASH NEWS

കുട്ടിയെ വിലങ്ങണിയിച്ച സംഭവം: പോലിസുകാരനെതിരേ നടപടിയെടുക്കാന്‍ ഉത്തരവ്

Published : 24th August 2016 | Posted By: SMR

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ റോഡില്‍വച്ച് മര്‍ദിക്കുകയും കൈവിലങ്ങ് അണിയിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്ത സംഭവത്തില്‍ കൊല്ലം കുണ്ടറ സ്‌റ്റേഷനിലെ പോലിസുകാരനെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന പോലിസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണ കുറുപ്പ് ഉത്തരവിട്ടു. കൊല്ലം കുണ്ടറ സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ആയ എന്‍ മോഹനനെതിരേ ഒരു മാസത്തിനകം നടപടിയെടുത്ത് റിപോര്‍ട്ട് നല്‍കാനാണ് കൊല്ലം റൂറല്‍ എസ്പിക്കു നല്‍കിയ നിര്‍ദേശം.
ഫെബ്രുവരി 2ന് കൊല്ലം മുക്കട റെയില്‍വേ ഗേറ്റിനു സമീപത്തായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുണ്ടറ കോട്ടയ്ക്കകം സ്വദേശിയായ ആണ്‍കുട്ടിയെ മോഹനന്‍ തടഞ്ഞുനിര്‍ത്തി മുഖത്തടിക്കുകയും ഇരുവരെയും വിലങ്ങു വച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നുമാണ് പരാതി. മോഹനനും മറ്റൊരു പോലിസുകാരനും ചേര്‍ന്ന് സ്‌റ്റേഷനില്‍ വച്ചു മര്‍ദിച്ചുവെന്നും വയറിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയെത്തുടര്‍ന്ന് കുട്ടിയുടെ മെഡിക്കല്‍ റിപോര്‍ട്ടും മറ്റു രേഖകളും സാക്ഷിമൊഴികളും പരിശോധിച്ച അതോറിറ്റി, പോലിസുകാരന്‍ മോഹനന്‍ ഗൗരവമായ കുറ്റമാണ് ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തി.
കുട്ടികളെ വിലങ്ങുവയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും നിയമ വിരുദ്ധമായിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നും പോലിസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തി. എന്നാല്‍, പരാതിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം മോഹനന്‍ നിഷേധിച്ചു. പോലിസുകാരനില്‍നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതുള്‍പ്പെടെയുള്ള വകുപ്പ്തല അച്ചടക്ക നടപടിയെടുക്കണമെന്നും അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണകുറുപ്പ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day