|    Jun 18 Mon, 2018 7:18 pm
FLASH NEWS

കുട്ടിപ്പോലിസുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ‘യേസ് ടു ഫുട്‌ബോള്‍, നോ ടു ഡ്രഗ്‌സ്’

Published : 5th October 2017 | Posted By: fsq

 

കൊച്ചി: കാല്‍പന്ത് കളിയുടെ ആവേശത്തില്‍ ആയിരക്കണക്കിന് കുട്ടിപ്പോലിസുകള്‍ ഒന്നിച്ച് ഒരേതാളത്തില്‍ ചുവട്‌വച്ചു, ഒന്നിച്ച് ഒരേ സ്വരത്തില്‍ ആര്‍ത്തുവിളിച്ചു… ‘യേസ് ടു ഫുട്‌ബോള്‍, നോ ടു ഡ്രഗ്‌സ്’. ചരിത്ര സംഭവങ്ങള്‍ ഒട്ടേറെ കണ്ട എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് ഇന്നലെ പങ്കാളിത്തത്തിലും അച്ചടക്കത്തിലും പുതിയ ചരിത്രം കുറിച്ചു. പിന്നണി ഗായകരായ ഫ്രാങ്കോ, രഞ്ജിനി ജോസ് എന്നിവരുടെ പാട്ടിനും നൃത്തത്തിനുമൊപ്പമാണ് നാലായിരത്തിലേറെപേര്‍ ചുവടുവെച്ചത്. വിശിഷ്ടാതിഥികളും ഒപ്പം കൂടി. ഫിഫ അണ്ടര്‍ 17 ലോകപ്പിനോട് അനുബന്ധിച്ച്‌പോലിസിന്റെ നേതൃത്വത്തില്‍ കുട്ടിപോലിസിനെയും മറ്റ് കേഡറ്റുകളെയും അണിനിരത്തി മയക്കുമരുന്നുവിരുദ്ധ പ്രചാരണത്തിന് തുടക്കം കുറിച്ച് നടന്ന ചടങ്ങാണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായത്. നൂറുകണക്കിന് ബലൂണുകള്‍ ഒന്നിച്ച് ആകാശത്തിലേക്ക് ഉയര്‍ന്നതോടെ യേസ് ടു ഫുട്ബാള്‍ നോ ടു ഡ്രഗ്‌സ് പ്രചാരണത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് നവനീത് പ്രസാദ് സിങ് തുടക്കം കുറിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതും ചൂണ്ടികാണിക്കുന്നതും അവരെ ശിക്ഷിക്കാനായിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെ റെയ്ഡ് കൊണ്ടു മാത്രം നേരിടാനാവില്ലെന്നും മറിച്ച് വ്യാപകമായ ബോധവല്‍ക്കരണമാണ് വേണ്ടതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ  പറഞ്ഞു. ഈ മാതൃകാപരമായ പ്രചാരണം കേരളത്തില്‍ എല്ലാ ജില്ലാ ആസഥാനങ്ങളിലും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ബി സന്ധ്യ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്  പി ആര്‍ രാമചന്ദ്രമേനോന്‍, എഡിജിപി എസ് അനന്തകൃഷ്ണന്‍, കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല സംസാരിച്ചു. കൊച്ചി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി വിജയന്‍ പരിപാടി വിശദീകരിച്ചു. സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ്, റൂറല്‍ എസ്പി എ വി ജോര്‍ജ്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഡി ദിലീപ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജിഎം എം ഡി വര്‍ഗീചസ്, കെഎഫ്എ പ്രസിഡന്റ് കെ എം മേത്തര്‍, ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍, റോട്ടറി ക്ലബ്ബ് പ്രസിഡന്റ്  ജോസഫ് ആന്റണി, ഐഎംഎ വൈസ് പ്രസിഡന്റ് ടി ആര്‍ ജോണ്‍ അതിഥികളായി. കൊച്ചി സിറ്റി, എറണാകുളംറുറല്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നുള്ള 2000കുട്ടി പോലിസിനെ കൂടാതെ എന്‍സിസി, എന്‍എസ്എസ്, ജനമൈത്രി, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികളും അടക്കം 4000 ത്തോളം പേര്‍ പരിപാടിയില്‍ പങ്കാളികളായി. ഡിഐജി എം ബി ദിനേശ്, എസിപിമാരായ ലാല്ജി, രമേശ്, രാജേഷ്, സിഐ അനന്തലാല്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss