കുട്ടികള്‍ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: മരണം വിഷവാതകം ശ്വസിച്ചതിനാലെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്
Published : 30th November 2015 | Posted By: SMR
കാഞ്ഞങ്ങാട്: പടന്നക്കാട് ഷെ ല്ട്ടര്ഹോമില് നിന്നു കാണാതായ രണ്ടു കുട്ടികള്‍ കാറിനുള്ളില്‍ മരിച്ചത് വിഷവാതകം ശ്വസിച്ചാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്. പടന്നക്കാട് സ്നേഹസദന്‍ ഷെല്‍ട്ടര്‍ ഹോമിലെ കുട്ടികളായ ചിറ്റാരിക്കാല്‍ കണ്ണിവയലിലെ ജിഷോയുടെ മകന് ജെറിന് (ആറ്), രാവണേശ്വരം മുക്കൂട്ടെ തേപ്പ് ജോലിക്കാന് ബാബു- സൗമ്യ ദമ്പതികളുടെ മകന് അഭിഷേക് (ഏഴ്) എന്നിവരെയാണ് ശനിയാഴ്ച രാത്രി കോണ്‍വെന്റിനു സമീപത്തെ ഒരു വീടിനു മുന്നില്‍ നിറുത്തിയിട്ട കാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കുട്ടികളുടെ വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ പരുക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ച ഹുണ്ടായ് സൊനാറ്റ കാറിനകത്ത് കുട്ടികള്‍ കൗതുകത്തിനു കയറിയാതായിരിക്കാമെന്നാണു പോലിസ് നിഗമനം. കുട്ടികള്‍ കാറിന്റെ ബട്ടന് ഞെക്കിയപ്പോള്‍ അബദ്ധത്തില്‍ ഡോറുകള്‍ ലോക്കായി അകത്ത് കുടുങ്ങിയതാവാമെന്നും പോലിസ് പറഞ്ഞു. കാറിനുള്ളില്‍ കുടുങ്ങിയ കുട്ടികളെ ഡോര്‍ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്.
അഭിഷേകിന്റെ മാതാവും സഹോദരങ്ങളായ കീര്‍ത്തന, അഭിനവ് എന്നിവരും ഈ അഗതിമന്ദിരത്തിലാണു താമസം. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 25നാണ് അഭിഷേകിനെയും സഹോദരങ്ങളെയും മാതാവിനെയും ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചത്. ഹൊസ്ദുര്‍ഗ് പോലിസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം ശനിയാഴ്ച്ച രാത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു.
എന്നാല്‍, കുട്ടികളുടെ മരണത്തില്‍ സംശയമുള്ളതിനാല്‍ വിദഗ്ധ പോസറ്റുമോര്ട്ടത്തിനു വിധേയമാക്കണമെന്ന അഭിപ്രായമുയര്‍ന്നതോടെ മൃതദേഹങ്ങള്‍ ഇന്നലെ പരിയാരം മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ജെറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി മണിക്കടവ് സെന്റ് തോമസ് ദേവാലയത്തില്‍ സംസ്കരിച്ചു. അഭിഷേകിന്റെ മൃതദേഹം കാഞ്ഞങ്ങാട് സൗത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം രാവണീശ്വരം മുക്കൂടിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.