|    Oct 21 Sat, 2017 3:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കുട്ടികള്‍ ഓണപ്പരീക്ഷയെഴുതുന്നത് പുസ്തകമില്ലാതെ; നാലുദിവസത്തിനകം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കും

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ ലഭിച്ചില്ലെന്ന കാര്യം അറിയാന്‍ വൈകിയെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഓണപ്പരീക്ഷ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകമെത്താത്തത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. നാലുദിവസത്തിനകം എല്ലാം ശരിയാക്കും. പാഠപുസ്തകങ്ങള്‍ സ്‌കൂളുകളിലെത്തിയില്ലെന്ന വാര്‍ത്ത വളരെ വൈകിയാണ് അറിഞ്ഞതെന്നും ഈ ആഴ്ച തന്നെ പാഠപുസ്തകവിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തകവിതരണം അവതാളത്തിലായതിനെതിരേ സമരം ചെയ്ത എല്‍ഡിഎഫ് അധികാരത്തിലെത്തിയിട്ടും ഓണപ്പരീക്ഷയ്ക്ക് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം ലഭിക്കാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്. ഈ മാസം 29നാണ് ഓണപ്പരീക്ഷ ആരംഭിക്കുന്നത്. പാഠപുസ്തകങ്ങളുടെ അച്ചടി ഏറക്കുറേ പൂര്‍ത്തിയായെങ്കിലും വിതരണമാണു പാളിയത്. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ കുറവുള്ള പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ ടെക്സ്റ്റ്ബുക്ക് ഓഫിസര്‍ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി(കെബിപിഎസ്) യോട് ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താതെ പുസ്തകങ്ങള്‍ അച്ചടിക്കാ ന്‍ ഉത്തരവു നല്‍കിയതാണ് ഇത്തവണ പാഠപുസ്തകങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാവാന്‍ കാരണം. 10 ശതമാനം പുസ്തകങ്ങള്‍ അധികം അച്ചടിക്കുന്ന പതിവ് തെറ്റിച്ചതും ഇത്തവണത്തെ പ്രതിസന്ധിക്ക് കാരണമായി. അച്ചടിച്ച 1,88,000 പുസ്തകങ്ങള്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും പാഠപുസ്തക ഓഫിസറുടെ കത്തില്‍ പറയുന്നുണ്ട്.
സ്‌കൂളുകള്‍ക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ കണക്കെടുക്കുന്നത് ഐടി അറ്റ് സ്‌കൂളാണ്. ഈ കണക്ക് കെബിപിഎസിന് കൈമാറുന്നതിലെ വീഴ്ചയാണ് വിതരണത്തിലെ അപാകതയ്ക്ക് കാരണം. സ്‌കൂളുകളില്‍ പാഠപുസ്തകം ലഭിച്ചില്ലെന്നും അച്ചടി പൂര്‍ത്തിയായില്ലെന്നുമുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്നായിരുന്നു കെബിപിഎസിന്റെ ആദ്യ വിശദീകരണം. എന്നാല്‍, വിദ്യാഭ്യാസമന്ത്രി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ കെബിപിഎസിന്റെ വാദം പൊളിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക