|    Dec 17 Mon, 2018 6:00 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കുട്ടികള്‍ക്കെതിരായ ആക്രമണങ്ങളും നിയമങ്ങളും

Published : 17th November 2018 | Posted By: kasim kzm

സയ്യിദ് സല്‍മാനുല്‍ ഫാരിസി

സമൂഹത്തില്‍ ഒട്ടും അവഗണിക്കപ്പെടാനാവാത്ത വിഭാഗമാണ് കുട്ടികള്‍. രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ അവര്‍ ഇന്നു സുരക്ഷിതരല്ല. രാജ്യത്ത് കുട്ടികള്‍ക്കെതിരേ നടക്കുന്ന പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും അതിന്റെ തെളിവാണ്. കുട്ടികള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. രാജ്യത്തു നടക്കുന്ന കുറ്റകൃത്യങ്ങളുടെ 15 ശതമാനം വരുമിത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത്. നാഗാലാന്‍ഡിലാണ് ഏറ്റവും കുറവ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. പ്രധാനമായും കുട്ടികള്‍ അതിക്രമത്തിനിരയാവുന്നതിനു കാരണം ടൂറിസവും മതവിരോധവും ദാരിദ്ര്യവുമാണ്. ഇത്തരം കാരണങ്ങളാല്‍ ചൂഷണങ്ങള്‍ക്കിരയാവുന്ന കുട്ടികള്‍ മാനസികമായും ശാരീരികമായും തളരുന്നു.
2007ലാണ് ഇന്ത്യയില്‍ കുട്ടികളുടെ അവകാശസംരക്ഷണത്തിനായുള്ള ബാലാവകാശ കമ്മീഷന്‍ രൂപംകൊള്ളുന്നത്. അത് പൂര്‍ണാര്‍ഥത്തില്‍ ഒരു ദേശീയ കമ്മീഷനായി മാറുന്നത് 2007ലാണ്. തുടര്‍ന്ന് 2012ല്‍ പാര്‍ലമെന്റ് കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ പോക്‌സോ നിയമം കൊണ്ടുവന്നു. ഇതില്‍ കേരളത്തില്‍ മാത്രം കഴിഞ്ഞ ജനുവരി മുതല്‍ സപ്തംബര്‍ വരെ 2,277 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ്- 303 കേസുകള്‍. ദേശീയതലത്തില്‍ 2017ല്‍ മാത്രം 33,000 കേസുകളാണ് ഈ നിയമത്തിനു കീഴിലായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ ലൈംഗികാതിക്രമങ്ങള്‍ക്കിരയാവുന്നു. വിനോദസഞ്ചാരം വ്യാപിക്കുന്നതിനനുസരിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന പ്രവണതയും വര്‍ധിക്കുന്നു. തായ്‌ലന്‍ഡ് തന്നെ ഉദാഹരണം.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് അന്തര്‍ദേശീയതലത്തില്‍ നിരവധി സംഘടനകളും പദ്ധതികളും ഉണ്ടെങ്കിലും അവ കാര്യക്ഷമമായി നടക്കുന്നില്ല. നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ റിപോര്‍ട്ട് പ്രകാരം പോക്‌സോ കേസുകളില്‍ 2015നും 2016നും ഇടയ്ക്ക് 11 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിട്ടുള്ളത്. ഇത്തരത്തില്‍ വര്‍ഷാവര്‍ഷം വര്‍ധിക്കുന്ന പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് ഒരു അന്വേഷണപഠനം വ്യക്തമാക്കുന്നത്. 101 വര്‍ഷം വേണമത്രേ അരുണാചല്‍പ്രദേശില്‍ ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍. ഗുജറാത്തിലേതിന് 55 വര്‍ഷവും.
2016ലെ റിപോര്‍ട്ട് പ്രകാരം കേരളത്തില്‍ ഇനിയും തീര്‍പ്പാക്കാനുള്ളത് 9,917 പോക്‌സോ കേസുകളാണ്. 26 വര്‍ഷം വേണം ഈ കേസുകള്‍ തീര്‍പ്പാക്കാന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉത്തര്‍പ്രദേശില്‍ 36,694 കേസുകളാണ് വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. പോക്‌സോ കേസുകള്‍ തീര്‍പ്പാക്കുന്നതിലുണ്ടാവുന്ന സമയദൈര്‍ഘ്യത്തിന് പ്രധാന കാരണം അടിസ്ഥാന സൗകര്യത്തിലുള്ള കുറവാണ്. പുതുതലമുറയുടെ സോഷ്യല്‍മീഡിയയോടുള്ള അമിതമായ കമ്പം ലൈംഗികാതിക്രമങ്ങള്‍ക്കു വഴിവയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു റിപോര്‍ട്ട് പ്രകാരം അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യുന്നത് കുട്ടികളും യുവാക്കളുമാണ്.
വിവിധ സംസ്ഥാനങ്ങളിലെ നീതിപാലകരുടെ പക്ഷപാതിത്വവും പോക്‌സോ കേസുകളുടെ വര്‍ധനയ്ക്ക്് മറ്റൊരു കാരണമാണ്. രാഷ്ട്രീയ നേതാക്കന്‍മാരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ നീതിപാലകര്‍ ഭയപ്പെടുന്നു. ഉത്തരേന്ത്യയില്‍ ദലിതരും ന്യൂനപക്ഷങ്ങളുമാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്നവരില്‍ അധികവും. ഇവര്‍ക്ക് നീതി ലഭിക്കാനായി ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷ കക്ഷികള്‍ പോലും പലപ്പോഴും ശ്രമിക്കാറില്ല.
രാജ്യത്തിന്റെ ഭാവി ഭദ്രമാവണമെങ്കില്‍ പോക്‌സോ കേസുകളില്‍ രാഷ്ട്രീയ, മത വേര്‍തിരിവുകളില്ലാതെ ശിക്ഷ നടപ്പാക്കാന്‍ കോടതിയും നീതിപാലകരും തയ്യാറാവേണ്ടതുണ്ട്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss