|    Mar 23 Thu, 2017 8:04 pm
FLASH NEWS

കുട്ടികള്‍ക്കുനേരെയുള്ള പീഡനക്കേസുകള്‍ വര്‍ധിക്കുന്നു

Published : 17th July 2016 | Posted By: SMR

rape

പി പി ഷിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള പീഡനവും ബലാല്‍സംഗങ്ങളും ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ബലാല്‍സംഗത്തിനിരയായത് 1,114 പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ്. മറ്റു പീഡനങ്ങള്‍ക്കിരയായത് 386 പെണ്‍കുട്ടികളും.
കഴിഞ്ഞവര്‍ഷം 732 പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളും ഈ വര്‍ഷം ജൂണ്‍ 20 വരെ 382 പെണ്‍കുട്ടികളുമാണ് ബലാല്‍സംഗത്തിനിരയായതെന്നു കണക്കുകള്‍ പറയുന്നു. ഇതില്‍ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയുള്ളതും മുതല്‍ സ്വന്തം കുടുംബക്കാരില്‍ നിന്നുതന്നെയുള്ള മാനഭംഗങ്ങളും ഉള്‍പ്പെടുന്നു. കടന്നാക്രമിച്ചും മയക്കുമരുന്നിന് അടിമയാക്കിയും ഭീഷണിപ്പെടുത്തിയും ബലാല്‍സംഗം ചെയ്യുന്ന കേസുകളും കണക്കില്‍പ്പെടുന്നു. 196 പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയാണ് ഇക്കാലയളവില്‍ തട്ടിക്കൊണ്ടുപോയത്.
പോസ്‌കോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ്-2012) നിയമപ്രകാരം 611 കേസുകളും റിപോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ കഴിഞ്ഞവര്‍ഷം 417 കേസുകളും ഈ വര്‍ഷം ആറുമാസത്തിനിടെ 194 കേസുകളും ഉള്‍പ്പെടുന്നു. ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഒന്നരവര്‍ഷത്തിനിടെ 17 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2015ല്‍ 1,406ഉം ഈ വര്‍ഷം മാര്‍ച്ച് 31 വരെ 405 കേസുകളും ഉള്‍പ്പെടെ 1,811 കേസുകളാണ് കുട്ടികള്‍ക്കെതിരായ മറ്റു കുറ്റകൃത്യങ്ങളുടെ പട്ടികയിലുള്ളത്.
18 വയസ്സു തികയാത്ത പെ ണ്‍കുട്ടികള്‍ക്കു നേരെയുള്ള പീഡന-ബലാല്‍സംഗക്കേസുകളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2008 മുതല്‍ ഈ വര്‍ഷം വരെ ആകെ രജിസ്റ്റ ര്‍ ചെയ്തിരിക്കുന്നത് 3,996 ബലാല്‍സംഗ കേസുകളാണ്. 2008 ല്‍ 215 ബലാല്‍സംഗക്കേസുകളായിരുന്നെങ്കില്‍ അടുത്ത വര്‍ഷം ഇത് 235 ആയി. 2010ല്‍ 208 ആയി കുറഞ്ഞെങ്കിലും 2011 ആയതോടെ 423ല്‍ എത്തി. 2012ല്‍ 455 ആയും 2013ല്‍ 637 ആയും ബലാല്‍സംഗക്കേസുകള്‍ വര്‍ധിച്ചു. 2014ല്‍ 709 ബലാല്‍സംഗക്കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. അതുപോലെ തട്ടിക്കൊണ്ടുപോവല്‍ കേസുകളിലും ക്രമാതീതമായ വര്‍ധനയാണ് ഓരോ വര്‍ഷവും രേഖപ്പെടുത്തുന്നത്.
2008ല്‍ 87 ആയിരുന്ന കേസുകള്‍ 2012 ആയപ്പോള്‍ 142 ആയി. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ നേരിയ കുറവുണ്ടായെങ്കിലും 2015 ആയപ്പോള്‍ ഇത് 160 ആയി ഉയര്‍ന്നു.
അതേസമയം, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ഇരയാവുന്ന പെണ്‍വാണിഭം തടയാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഓപറേഷന്‍ ബിഗ് ഡാഡി പ്രകാരം അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 51 പ്രതികളാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പെണ്‍വാണിഭങ്ങളും മറ്റും തടയാന്‍ സര്‍ക്കാര്‍ ഫേസ്ബുക്ക്, ലൊക്കാന്റോ എന്നീ വെബ്‌സൈറ്റ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കൂടാതെ സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷന്‍, സൈബര്‍ ഡോം എന്നിവ മുഖേന സൈബര്‍ പട്രോളിങ് നടത്തി ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ വര്‍ധിച്ചുവരുന്ന പീഡന-ബലാല്‍സംഗക്കേസുകളില്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും ഭാഗത്തുനിന്നുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്നാണ് തെളിയിക്കുന്നത്. പെ ണ്‍വാണിഭങ്ങളും മറ്റും തടയാന്‍ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ രൂപീകരിച്ചും ബോധവല്‍ക്കരണ ക്ലാസുകള്‍, ഷോ ര്‍ട്ട് ഫിലിം പ്രദര്‍ശനങ്ങള്‍ എന്നിവ നടത്തിയും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

(Visited 68 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക