|    Sep 24 Sun, 2017 10:51 pm
FLASH NEWS

കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മേധാപട്കര്‍ക്ക് നിവേദനം

Published : 5th October 2016 | Posted By: Abbasali tf

പാലക്കാട്: കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപികയുടെ ക്രൂരമായ മര്‍ദനത്തിനിരയായ ആനന്ദ് ശ്രീനിവാസന്‍ മേധാപട്കര്‍ക്ക് നിവേദനം നല്‍കി. നശാമുക്ത് ഭാരത് യാത്രയുമായി പാലക്കാടെത്തിയപ്പോഴാണ് മേധയെ കണ്ട് തനിക്കുണ്ടായ ക്രൂരമായ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് നിവേദനം നല്‍കിയത്. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിയമപരമായി ഉത്തരവാദപ്പെട്ട പ്രധാനഅധ്യാപിക തന്നെ കൊച്ചുകുട്ടികളോട് ക്രൂരത കാണിക്കുന്നത് വച്ചുപൊറുപ്പിക്കാനാവില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി ഉറപ്പാക്കുന്നതുവരെ ജനാധിപത്യ രീതിയിലുള്ള സമരപരിപാടികളുമായി മുന്നോട്ട് പോവണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളോട് മേധ ആവശ്യപ്പെട്ടു. കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തില്‍ ഞാനും നിങ്ങളോടൊപ്പമുണ്ടാവുമെന്ന് ആനന്ദിനോട് മേധ പറഞ്ഞു. ആനന്ദ് നല്‍കിയ നിവേദനത്തോടൊപ്പം മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി അയയ്ക്കുമെന്നും മേധ പറഞ്ഞു. നിവേദനം നല്‍കാനായെത്തിയ ആനന്ദ് ശ്രീനിവാസനൊപ്പം മുന്‍മന്ത്രി വി സി കബീര്‍, പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ടി ആര്‍ സന്തോഷ്‌കുമാര്‍, കേരള സര്‍വ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് പുതുശ്ശേരി ശ്രീനിവാസന്‍, നല്ല ഭക്ഷണ പ്രസ്ഥാനം ജോ. സെക്രട്ടറി ഗിരീഷ് കടുന്തിരുത്തി, ഗാന്ധിദര്‍ശന്‍ സമിതി വൈസ് പ്രസിഡന്റ് എസ് വിശ്വകുമാരന്‍ നായര്‍, പട്ടികജാതി പട്ടികവര്‍ഗ മുന്നണി ജില്ലാ പ്രസിഡന്റ് അമ്പലക്കാട് വിജയന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക