|    May 23 Tue, 2017 4:27 pm
FLASH NEWS

കുട്ടികളെ ലഹരിവിമുക്തമാക്കാന്‍ പദ്ധതിയുമായി പൊന്നാനി പോലിസ്

Published : 29th August 2016 | Posted By: SMR

പൊന്നാനി: വഴിതെറ്റിപ്പോവുന്ന കുട്ടികളെ നേര്‍വഴിക്കു നയിക്കാന്‍ പുതിയ നല്ല പാഠവുമായി  പൊന്നാനിയിലെ പോലിസ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പൊന്നാനിയില്‍ മാത്രം കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട കുട്ടികളുടെ എണ്ണത്തിലെ വന്‍ വര്‍ധനവാണ് ഇങ്ങനെയൊരു ശ്രമത്തിന് പൊന്നാനി എസ്‌ഐയെ നിര്‍ബന്ധിപ്പിച്ചത്. കഞ്ചാവ് മാത്രമല്ല മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരികളിലും മറ്റു കുറ്റകൃത്യങ്ങളിലും കുട്ടികളുടെ പങ്ക് കൂടി വരികയാണ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടി വര്‍ധിച്ചതോടെയാണ് വിപുലമായ സംവിധാനത്തോടെ കുട്ടികളെ നന്മ പൂക്കുന്ന മരങ്ങളാക്കാന്‍ പോലിസും രംഗത്തെത്തിയത്.
കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍, പഠന പ്രശ്‌നങ്ങള്‍, അക്രമവാസനയുള്ളതും ഭാവിയി ല്‍ ക്രിമിനലുകളായി മാറാന്‍ പ്രവണതയുള്ളതുമായ (ആന്റി സോഷ്യല്‍ പഴ്‌സനാലിറ്റി) കുട്ടികള്‍, വ്യക്തിത്വ വൈകല്യമുള്ള കുട്ടികള്‍, മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിക്കുന്നതോ അവയ്ക്ക് അടിമപ്പെടാന്‍ സാധ്യതയുള്ളതോ ആയ കുട്ടികള്‍ എന്നിവരെ കണ്ടെത്തുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് പുതിയ  പദ്ധതിയിലൂടെ പോലിസ്  ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി പൊന്നാനി പോലിസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുത്ത അധ്യാപകര്‍ക്കായി ഒരു ദിവസത്തെ പരിശീലനം സംഘടിപ്പിക്കും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന സംഘടനയുമായി സഹകരിച്ചാണ് പദ്ധതി.
പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. പി എന്‍സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ മറ്റു സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിസ്റ്റ്, സോഷ്യ ല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ ഈ ക്യാംപില്‍ പങ്കെടുക്കും. അധ്യാപകര്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തിലും സഹപാഠികള്‍ക്കിടയിലും ഒറ്റപ്പെട്ടു പോവാതെ വിദഗ്ധരുടെ സഹായത്തോടെ തിരുത്തുകയെന്നതും പ്രവര്‍ത്തനങ്ങളില്‍ പെടും.
ഇത്തരം മാനസിക, സ്വഭാവ വൈകല്യമുള്ള കുട്ടികള്‍ക്ക് ആവശ്യമായ തുടര്‍ ചികില്‍സകള്‍ ലഭ്യമാക്കല്‍, കുട്ടികളുടെ വീട്ടുകാര്‍ക്ക് കൗണ്‍സലിങ് നല്‍കല്‍, ശാസ്ത്രീയമായ ശിശുപരിപാലനം, സമൂഹത്തില്‍ ആത്മഹത്യാ പ്രവണത ഇല്ലാതാക്കല്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. പൊന്നാനി നഗരസഭയുടെ പിന്തുണയും സാമ്പത്തിക സഹായവും പദ്ധതിക്കുണ്ട്. പൊന്നാനി സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ഥികളെ മാതൃകാ വിദ്യാര്‍ഥികളാക്കാനാണ് പൊന്നാനി എസ്‌ഐ ശശീന്ദ്രന്‍ മേലയിലിന്റെ ശ്രമം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day