|    Apr 19 Thu, 2018 11:18 pm
FLASH NEWS

കുട്ടികളെ ഭക്ഷണത്തിന് ക്യൂവില്‍ നിര്‍ത്തിയത് ശത്രുക്കളോട് പോലും കാണിക്കാത്ത ക്രൂരത

Published : 14th November 2015 | Posted By: SMR

തിരുവല്ല: തിരുവല്ലയില്‍ നടക്കുന്ന 18ാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവസത്തിന്റെ ഊട്ടുപുരയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം വിതരണം ചെയ്തത് വലിയ ക്യുവില്‍ നിര്‍ത്തി.
സാധാരണ സ്‌കൂള്‍ കലോല്‍സവം നടക്കുമ്പോള്‍ ഉപജില്ലാ കലോല്‍സവം ആണെങ്കില്‍ കൂടി ഭക്ഷണം വിതരണം ചെയ്യുന്നത് ഇരിപ്പിടത്തിലാണ്. എന്നാല്‍ തിരുവല്ലയില്‍ ശേഷിയില്ലാത്ത കുട്ടികളായിട്ടു കൂടി അവര്‍ക്ക് ഇരിപ്പിടത്തി ല്‍ ഭക്ഷണം നല്‍കാനോ മാന്യമായി ഇരുന്ന് ഭക്ഷണം കഴിക്കാനോ ഉള്ള സൗകര്യം അധികൃതര്‍ ഒരുക്കിയില്ല. ഒരു കയ്യി ല്‍ ചോറും കറികളും നിറച്ച പേപ്പര്‍ പ്ലേറ്റും മറു കയ്യില്‍ വെള്ളം നിറച്ച ഗ്ലാസുമായി പോകുന്ന അന്ധത ബാധിച്ച കുട്ടികള്‍ കണ്ടുനിന്ന മനസ്സാക്ഷിയുള്ളവരുടെയെല്ലാം കണ്ണുനനയിച്ചു. ഇവരെ ഭക്ഷണത്തിന് ക്യൂ നിര്‍ത്തിയത് ശത്രുക്കളോട് പോലും കാണിക്കാത്ത ക്രൂരതയാണെന്ന് പലരും പറയുന്നുണ്ടായിരുന്നു.
കൂടാതെ രണ്ടാം ദിവസമായ ഇന്നലെ വേദി 5ല്‍ ആദ്യം നടന്ന മല്‍സരം പദ്യപാരായണവും ആദ്യം ചൊല്ലികേട്ടത് ഒഎന്‍വി കുറുപ്പിന്റെ ഓണപ്പാട്ടുകളിലെ ചിന്നിയ വസ്ത്രവും പഞ്ഞവുമായെത്തിയ കര്‍ക്കിടകത്തിന്റെ കഥ പറയുന്ന വരികളുമാണ്. ലക്ഷണമൊത്തവളല്ല താനെന്ന് കര്‍ക്കിടകം പരിതപിക്കുന്ന വരികള്‍ ചൊല്ലി അവസാനിച്ചപ്പോല്‍ കലോല്‍സവത്തോട് അധികൃതര്‍ കാട്ടുന്ന അവഗണനയുടെ പ്രതിഫലനം പോലെ അനുഭവപ്പെട്ടു. വിഭിന്ന ശേഷിയുള്ളവരാണ് കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത് എന്നറിഞ്ഞിട്ടും വിവിധ വേദികളിലേക്ക് ഇവര്‍ക്ക് പോകാന്‍ വാഹനങ്ങളോ ദിശസൂചിപ്പിക്കുന്ന ബോര്‍ഡുകളോ അറിയിപ്പുകളോ യഥാസമയം ലഭിക്കുന്നുണ്ടായിരുന്നില്ല. വേദികള്‍ തമ്മിലുള്ള ശബ്ദശല്യം എല്ലാ മല്‍സരങ്ങളെയും പ്രതികൂലമായി ബാധിച്ചെങ്കിലും രൂക്ഷമായി അനുഭവപ്പെട്ടത് ഒന്നിലും നാലിലും കേട്ട ശബ്ദങ്ങളാണ്.
വിവിധ അധ്യാപക സംഘടനകളുടെ പ്രതിനിധികളെ കലോല്‍സവ നടത്തിപ്പിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നെങ്കിലും ഇവരൊക്കെ വിഭിന്ന ശേഷിയുള്ളവരോട് കാണിക്കേണ്ട പ്രത്യേക പരിഗണന ഒരു ഇടപെടലുകളിലും കാണിച്ചില്ല. പരാതികള്‍ രൂക്ഷമായതോടെ ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ ഉച്ചയ്ക്ക് ഒന്നോടെ പ്രധാനവേദിയിലെത്തുകയും അല്പനേരം മല്‍സരങ്ങള്‍ കാണുകയും പോരായ്മകള്‍ ഉടന്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss