|    Aug 18 Fri, 2017 8:42 am

കുട്ടികളെ തട്ടിക്കൊണ്ടു പോവല്‍; കിംവദന്തികള്‍ ജനങ്ങളില്‍ ആശങ്കപരത്തുന്നു

Published : 26th November 2016 | Posted By: SMR

മട്ടാഞ്ചേരി: ചെറിയ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതായുള്ള കിംവദന്തികള്‍ പരന്നത് ആശങ്ക പരത്തുന്നു. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി, പള്ളുരുത്തി മേഖലകളിലാണ് വ്യാജ വാര്‍ത്തകള്‍ പരക്കുന്നത്. പത്ത് വയസ്സില്‍ താഴെയുള്ളവരാണ് ഇരകളെന്നാണ് ചുണ്ടിക്കാട്ടുന്നത്. ഇതോടെ രക്ഷിതാക്കള്‍ മക്കളെ സ്‌കൂളുകളില്‍ അയക്കുന്നതിനും മടക്കി കൊണ്ടുവരുന്നതിനും സ്‌കൂളുകളില്‍ തടിച്ചുകുടുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കകം പനയപ്പള്ളി കൊച്ചങ്ങാടിയില്‍ നാലംഗ സംഘം ഒരു ബാലനെയും അജ്ഞാതന്‍ ഒരു ബാലികയെയും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച വാര്‍ത്തക്ക് പിന്നാലെയാണ് നവ മാധ്യമങ്ങളില്‍ തട്ടിക്കൊണ്ടു പോവല്‍ കിംവദന്തികള്‍ പരന്നത്. നാടോടി സ്ത്രീകളും പര്‍ദ്ദയിട്ടവരും ക്ലോറോഫോമുമായി എത്തിയവരും ബൈക്കിലെത്തുന്നവരുമാണ് വില്ലന്മാര്‍. അബ്ദുല്‍ കരിം സേട്ട് എന്നയാളുടെ വാട്‌സ്ആപ് വാക്കുകളും നവമാധ്യമങ്ങളും പരത്തിയ കുട്ടികളെ തട്ടിക്കൊണ്ടു പോവല്‍ വാര്‍ത്തകള്‍ പോലിസിനെയും വലച്ചു. ഒന്നിനു പുറകെ ഒന്നായി തട്ടിക്കൊണ്ടുപോവല്‍ വാര്‍ത്ത വന്നതോടെ സ്‌കൂള്‍ പിടിഎകളും സജീവമായി. പല സ്‌കുളുകളും രക്ഷിതാക്കളെ വിളിച്ച് നേരിട്ടെത്തിയാല്‍ മാത്രമേ വിദ്യാര്‍ഥികളെ പറഞ്ഞയക്കുവെന്ന് നിര്‍ദേശിക്കുകയും ചെയ്തു. വീടുകളിലെത്തുന്ന യാചകരെയും പരിചയമില്ലാത്തവരെയും സംശയ ദൃഷ്ടികളൊടെയാണ് നാട്ടുകാര്‍ കാണുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍ വാര്‍ത്ത ജനങ്ങളില്‍ ആശങ്കയിലാഴ്ത്തിയതോടെ പോലിസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ ശ്രമം തുടങ്ങി. പല സംഭവങ്ങളും വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക