|    Sep 26 Tue, 2017 12:45 pm

കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; നെഞ്ചിടിപ്പോടെ രക്ഷകര്‍ത്താക്കള്‍

Published : 1st December 2016 | Posted By: SMR

പള്ളുരുത്തി: രണ്ടാഴ്ചക്കിടയില്‍ പടിഞ്ഞാറന്‍ കൊച്ചിയില്‍ ഏഴോളം സംഭവങ്ങള്‍. 13നും ഏഴു വയസ്സിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി തട്ടിക്കൊണ്ടുപോവല്‍ സംഘങ്ങള്‍ സജീവമാവുമ്പോള്‍ പടിഞ്ഞാറന്‍ കൊച്ചിയിലെ പോലിസ് സംവിധാനം സംശയത്തിന്റെ നിഴലില്‍ വരികയാണ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമുള്‍പെടെ കേരളാ പോലിസിന്റെ വിവിധ ഏജന്‍സികള്‍ നാടു മുഴുവന്‍ തലങ്ങും വിലങ്ങും പായുമ്പോഴാണ് മക്കളെ ഒരുക്കി വിദ്യാലയങ്ങളിലേക്കയക്കുന്ന രക്ഷകര്‍ത്താക്കള്‍ വീടുകളില്‍ നെഞ്ചിടിപ്പോടെ കഴിയുന്നത്. പള്ളുരുത്തി എംഎല്‍എ റോഡില്‍ യുകെജി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചതാണ് സംഭവങ്ങളില്‍ ഒടുവിലത്തേത്. നാട്ടുകാര്‍ രക്ഷകരായി രംഗത്തു വരുമ്പോള്‍ പോലിസ് ദുര്‍ബലരാവുന്ന കാഴ്ചയാണ് നാട്ടില്‍ കണ്ടുവരുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘങ്ങള്‍ യാചക വേഷത്തില്‍ എത്തുന്നത് നാട്ടുകാരേയും കുഴക്കുന്നു. ഇതിനിടയില്‍ തൊഴിലിനായി എത്തുന്ന അന്യസംസ്ഥാനക്കാര്‍ പലയിടങ്ങളിലായി ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ആശങ്കകള്‍ക്കിടയാക്കുന്നുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് രക്ഷാകര്‍തൃ സമിതികള്‍ ജാഗ്രതാ സമിതികളായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശത്തിന് പ്രസക്തിയേറുന്നുണ്ടെങ്കിലും ദുര്‍ബലമായ പോലിസ് സംവിധാനം നാട്ടുകാരില്‍ ആശങ്കയുയര്‍ത്തുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക