|    Oct 17 Wed, 2018 5:20 am
FLASH NEWS

കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത: ജസ്റ്റിസ് ബി കെമാല്‍ പാഷ

Published : 3rd December 2017 | Posted By: kasim kzm

പന്തളം:കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കമാല്‍ പാഷ പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നൈസ് പദ്ധതിയുമായി ബന്ധപ്പെട്ട നിയമ ബോധവത്കരണ ക്ലാസ് പന്തളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ വിഷമതകളുടെ കാരണം അന്വേഷിച്ച് മനസിലാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. കുഞ്ഞുങ്ങളെ ശാസിക്കാതെ അവര്‍ക്ക് കരുതല്‍ നല്‍കണം. കുഞ്ഞിന്റെ സുരക്ഷ മാതാപിതാക്കള്‍ ഉറപ്പാക്കണം. കുട്ടികള്‍ക്ക് എന്തു ബുദ്ധിമുട്ടുണ്ടായാലും മാതാപിതാക്കള്‍ ചോദിച്ച് മനസിലാക്കണം. കുട്ടികളെ ഉപദ്രവിക്കുന്നവര്‍ മാനസികരോഗികള്‍ മാത്രമല്ല. സമൂഹത്തില്‍ ഭയമില്ലാത്തതു കൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നത്.
കുഞ്ഞുങ്ങളെ ഏതു വിധത്തിലൊക്കെ സംരക്ഷിക്കണമെന്ന് നാം പഠിക്കണം. കുട്ടികളെ സത്യം പറയാന്‍ മാതാപിതാക്കള്‍ പഠിപ്പിക്കണം. ശരിയായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കണം. എങ്ങനെ മറ്റുള്ളവരോടു പെരുമാറണം എന്ന് അച്ഛനമ്മമാര്‍ പഠിപ്പിക്കണം. കുട്ടികളുടെ പുറകേ മാതാപിതാക്കള്‍ നടക്കണം, പ്രത്യേകിച്ച് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ നന്നായി ശ്രദ്ധിക്കണം. ലോകത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാണെന്നാണ് ഒരുസന്നദ്ധ സംഘടന നടത്തിയ പഠനം വ്യക്തമാക്കുന്നത്.  40 ശതമാനം കുട്ടികള്‍ വീടുകളില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്.  35 ശതമാനം കുട്ടികള്‍ സ്‌കൂളില്‍ പീഡിപ്പിക്കപ്പെടുന്നു.
തെരുവിലെ കുട്ടികള്‍ 90 ശതമാനവും പീഡിപ്പിക്കപ്പെടുന്നു. തീപ്പെട്ടിയുണ്ടാക്കുന്ന ഫാക്ടറികള്‍, പടക്ക നിര്‍മാണ ശാലകള്‍ തുടങ്ങിയ അപകടകരമായ സ്ഥലത്ത് കുട്ടികളെ ജോലി ചെയ്യിക്കുന്നു. ഇതില്‍ 90 ശതമാനം കുഞ്ഞുങ്ങളും പീഡിപ്പിക്കപ്പെടുന്നു.  ഇത്തരം സ്ഥലങ്ങളില്‍ പൊട്ടിത്തെറി ഉണ്ടാകുമോയെന്ന്  പോലും മനസിലാക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയില്ല. ഇത്തരം പ്രവണതകള്‍ എങ്ങനെ മാറ്റിയെടുക്കുമെന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ കുഴപ്പമാണെന്നും ജസ്റ്റിസ് ബി കമാല്‍ പാഷ പറഞ്ഞു.
ജില്ലാ സെഷന്‍സ് ജഡ്ജ് ജോണ്‍ കെ ഇല്ലിക്കാടന്‍ അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എ അബ്ദുള്‍ ജലീല്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാര്‍, പത്തനംതിട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി പി മുഹമ്മദ് മുസ്തഫ, അടൂര്‍ താലൂക്ക് ജുമാ അത്ത് ഫെഡറേഷന്‍ പ്രസിഡന്റ് താജ്ഖാന്‍ അശ്‌റഫ്, സെക്രട്ടറി നിസാര്‍ കാവിളയില്‍, റഷീദ് അലി അടൂര്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡേവിഡ് റെജി മാത്യു സംസാരിച്ചു.  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയ ആര്‍ ജയകൃഷ്ണന്‍ ക്ലാസ് നയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss