|    Apr 20 Fri, 2018 8:28 pm
FLASH NEWS

കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പ്രതിഭാതീരം പദ്ധതി കായലോരങ്ങളിലേക്കും പട്ടികജാതി കോളനികളിലേക്കും

Published : 18th January 2016 | Posted By: SMR

മണ്ണഞ്ചേരി:വിദ്യാഭ്യാസ രംഗത്തെ വ്യത്യസ്ത ഇടപെടലിന്റെ നേര്‍ക്കാഴ്ചയൊരുക്കുന്ന പ്രതിഭാതീരം പദ്ധതി മാതൃകയാകുന്നു. തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ജനകീയ കൂട്ടായ്മയിലൂടെ വായനശാലകളെ പഠനവീടുകളാക്കുന്ന പദ്ധതിയാണ് പ്രതിഭാതീരം. മാരാരിക്കുളം തെക്ക്,വടക്ക് പഞ്ചായത്തുകളില്‍ തീരദേശത്തെ നാലുവായനശാലകള്‍ കേന്ദ്രീകരിച്ച് രണ്ടുവര്‍ഷം മുമ്പാരംഭിച്ച പദ്ധതി കായലോര മേഖലയിലേയ്ക്കും പട്ടികജാതി കോളനികളിലേക്കും വ്യാപിപ്പിക്കും.
ഒരു വര്‍ഷത്തിനുള്ളില്‍ 25 വായനശാലകളെ ഇത്തരത്തില്‍ പഠനവീടുകളാക്കുമെന്ന് പ്രതിഭാതീരത്തിന്റെ സംഘാടകന്‍കൂടിയായ ഡോ:തോമസ് ഐസക് എം.എല്‍.എ പറഞ്ഞു. നിലവില്‍ പഠന വീടുകള്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുവായനശാലകള്‍ക്ക് കൊച്ചിന്‍ ഷിപ്പിയാഡിന്റെ സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നും ലഭിച്ച 71 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണവും അടിസ്ഥാന സൗകര്യ വികസനവും നടത്തും. നാലുവായനശാലകളില്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പഠനവും ട്യൂഷനും കഴിഞ്ഞ് വീട്ടിലെത്തുന്ന കുട്ടികള്‍ക്ക് സ്വസ്ഥമായി പഠിക്കാന്‍ പഠനവീട്ടില്‍ സൗകര്യമുണ്ടാകും. ഇതിനാവശ്യമായ എല്ലാ റഫറന്‍സ് ഗ്രന്ഥമുള്ള സ്റ്റുഡന്‍സ് ലൈബ്രറിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസുകളെടുക്കുന്നതിനുള്ള സംവിധാനവും കംപ്യൂട്ടറുകളും പ്രിന്റര്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഐ ടി ലാബും സ്റ്റഡിചെയറുകളും പഠനവീടുകളില്‍ ഏര്‍പ്പെടുത്തും.
കുട്ടികള്‍ക്ക് സംശയ നിവാരണത്തിനും പോരായ്മയുള്ള പാഠ്യവിഷയങ്ങള്‍ക്ക് പ്രത്യേകമായ ശ്രദ്ധ നില്‍കുന്നതിനും വിദ്യാസമ്പന്നരായ സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടാകും.പഠന-പെരുമാറ്റ വൈകല്യങ്ങള്‍ പരിഹരിക്കാന്‍ വിദഗ്ദര്‍ പങ്കെടുക്കുന്ന കൗണ്‍സിലിങ്ങും ബോധവല്‍ക്കര ക്യാമ്പുകളും ഉയര്‍ന്ന ഉദ്യോഗങ്ങള്‍ ലക്ഷ്യംവെക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് മോട്ടിവേഷണല്‍ ക്ലാസുകളും മല്‍സര പരീക്ഷ പരിശീലനവും നടത്തും.
ഓരോപഠനവീട്ടിലും നിരീക്ഷണത്തിനും സഹായത്തിനുമായി രക്ഷകര്‍ത്താക്കള്‍,അധ്യാപകര്‍,സംഘടനാപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന മോണി—റ്ററിംഗം കമ്മറ്റികള്‍ ഉണ്ടാകും. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് മല്‍സര പരീക്ഷ പരിശീലനത്തിന് വായനശാലകള്‍ ചേര്‍ന്ന നെറ്റ്വര്‍ക്ക് സംവിധാനവും ഒരുക്കും. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍-സര്‍ക്കാരിതര ആവശ്യങ്ങള്‍ക്ക് വിവരസാങ്കേതിക വിദ്യയുടെ സഹായവും വായനശാലയിലൂടെ ലഭ്യമാക്കും.
കടലോര-കായലോര മേഖലകളിലും പട്ടികജാതി കോളനികളിലും വരുന്ന മൂന്നുവര്‍ഷം കൊണ്ട് വിദ്യാഭ്യാസ രംഗത്ത് സ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് എം എല്‍ എ പറഞ്ഞു. ഇപ്പോള്‍ 7-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ പത്തിലെത്തുമ്പോള്‍ ഏറ്റവും മികച്ച വിദ്യാര്‍ഥികളായി മാറും. അടുത്ത വര്‍ഷം 10,പ്ലസ്വണ്‍,പ്ലസ്ടു ക്ലാസുകളില്‍ ആസ്തിവികസന ഫണ്ടുപയോഗിച്ച് സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. നാലുകേന്ദ്രങ്ങളില്‍ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ഡോ:തോമസ് ഐസക് എം.എല്‍.എ നിര്‍വഹിച്ചു.
കെ കെ രമണന്‍ അധ്യക്ഷത വഹിച്ചു. ഷിപ്പിയാഡ് ജനറല്‍ മാനേജര്‍ എം ഡി വര്‍ഗീസ് മുഖ്യാഥിതിയായി. കലക്ടര്‍ എന്‍ പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി, ഫ്രാന്‍സീസ് കൊടിയനാട്,അഡ്വ:ഡി പ്രിയേഷ്‌കുമാര്‍,കെ ടി മാത്യൂ.സന്ധ്യബെന്നി,മേരിഗ്രേസി,പി പ്രകാശന്‍,സുനിതചാര്‍ളി,ജി ജയരാജ്,നെപ്പോളിയന്‍,ക്രിസ്റ്റവര്‍ തോട്ടുങ്കല്‍,ടി എസ് വില്‍സന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss