|    Nov 15 Thu, 2018 3:52 pm
FLASH NEWS

കുട്ടികളുടെ പ്രശ്‌നങ്ങള്‍

Published : 16th November 2015 | Posted By: swapna en

ടി കെ ആറ്റക്കോയ/  ഹൃദയ തേജസ്   
ശിശുദിനവും ദേശീയ വിദ്യാഭ്യാസദിനവും വിദ്യാര്‍ഥിദിനവും ആണ്ടോടാണ്ട് നാം ആചരിക്കുകയും ആഘോഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വിദ്യാര്‍ഥിസംഘടനകളും സര്‍ക്കാരും ആ ദിനങ്ങളില്‍ ശ്രദ്ധാര്‍ഹമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പത്രങ്ങളും കോളമിസ്റ്റുകളും അത്തരം ദിനങ്ങളെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊടുക്കാറുണ്ട്. ഈ ദിനാചരണങ്ങള്‍ നല്ല ഫലങ്ങളും പ്രതിഫലനങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നത് അനിഷേധ്യമാണ്.

എന്നിട്ടും ശൈശവവും ബാല്യവും അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുകയാണ്.ബാലികാബാലന്‍മാരെ കുറിച്ചും അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ബാലവേലയെക്കുറിച്ചും നിരവധി നിര്‍ദേശങ്ങള്‍ അതിനായി നിയോഗിക്കപ്പെട്ട പഠനസംഘങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പല പദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അവയുടെ നടത്തിപ്പിനായി വിദേശസഹായങ്ങള്‍ ലഭ്യമാവുന്നു. എന്നിരുന്നിട്ടും ഇന്ത്യ ഏറ്റവും അധികം നിരക്ഷരരായ കുട്ടികള്‍ ജീവിക്കുന്ന രാജ്യമായി തുടരുന്നു. വീടുകളില്‍, ഫാക്ടറികളില്‍, ഖനികളില്‍ ദുരൂഹവും ദുസ്സഹവുമായ സാഹചര്യങ്ങളില്‍ ബാലികാബാലന്‍മാരില്‍ വലിയൊരു വിഭാഗം തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. രാജ്യത്തെ കുട്ടികളില്‍ ഒരുകണക്കിലും ഒരു പഠനത്തിലും ഒരു റിപോര്‍ട്ടിലും പരാമര്‍ശിക്കാത്ത നിരവധി പേരുണ്ടത്രെ. ഉപേക്ഷിക്കപ്പെട്ടവര്‍, അപ്രത്യക്ഷരായവര്‍, തെരുവിന്റെ കുട്ടികള്‍ എന്നൊക്കെയാണ് അവരെക്കുറിച്ചു പറയുന്നത്. ഇവരുടെ നിസ്സഹായത ‘തെരുവിന്റെ കുട്ടി’ എന്ന പേരില്‍ പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ചെറുകാട് എഴുതിയ ബാലകഥയില്‍ ഹൃദയസ്പൃക്കായി പറയുന്നുണ്ട്.

കീറിപ്പൊളിഞ്ഞ തുണി, പാറിപ്പറക്കുന്ന പരുപരുത്ത മുടി, കുണ്ടില്‍ പോയ കണ്ണ്, ഉന്തിത്തള്ളിയ എല്ല്, പട്ടിണിയുടെ പരുക്കന്‍ വീക്കുകൊണ്ട് പഞ്ഞിയായ ഒരു കുട്ടി,…അവനോട് വീടെവിടെയെന്നു ചോദിച്ചാല്‍ തെരുവിലെല്ലായിടത്തും എന്നും, അച്ഛനുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം: ഉണ്ടായിരുന്നിരിക്കണം എന്നും, അമ്മയും അങ്ങനെത്തന്നെയെന്നും, പേരെന്താണെന്നു ചോദിച്ചാല്‍ പലരും പലതും വിളിക്കുന്നു, അധികം പേരും ചെക്കനെന്നാണു വിളിക്കുന്നത്, എന്തു വിളിച്ചാലും വിരോധമില്ല, എന്നാല്‍ ഒരു പേരുമാത്രം എനിക്കിഷ്ടമില്ല, കള്ളനെന്ന്. ഈ വിധം നിസ്സഹായതയിലും അനാഥത്വത്തിലും കഴിയുന്ന കുട്ടികളെ ഇന്ത്യന്‍ തെരുവുകളില്‍ എത്രയോ കാണാന്‍ കഴിയും.മറ്റൊരു വിഭാഗം സ്‌നേഹം കിട്ടാതെ പോവുന്നവരാണ്. വിദ്യാഭ്യാസത്തിന്റെയും നല്ല ശിക്ഷണത്തിന്റെയും പേരില്‍ വീട്ടില്‍ നിന്ന് അകന്നുകഴിയാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍. ശിശുസഹജമായ കുറുമ്പുകളുടെയും വികൃതികളുടെയും പേരില്‍ ഹോസ്റ്റലുകളിലേക്കും ബോര്‍ഡിങ് സ്‌കൂളുകളിലേക്കും താമസം മാറ്റേണ്ടിവരുന്നവര്‍, ബാല്യകാലത്ത് രക്ഷകര്‍ത്താക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സ്‌നേഹം കിട്ടാത്തതിനെക്കുറിച്ച് മാധവിക്കുട്ടിയെപ്പോലുള്ളവര്‍ എഴുതിയിട്ടുണ്ട്. വിദ്യാഭ്യാസസംവിധാനവും കുട്ടികള്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്.

സൈന്യാധിപര്‍, രാഷ്ട്രീയനേതൃത്വം, ശാസ്ത്രജ്ഞന്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ ഇവരെല്ലാവരും അഭ്യസ്തവിദ്യരാണ്. പക്ഷേ, ഇവര്‍ സൃഷ്ടിക്കുന്നത് മല്‍സരത്തിന്റെ ലോകമാണ്. യുദ്ധത്തിന്റെ ലോകമാണ്. വിജ്ഞാനം ശക്തിയാണ് എന്ന മുദ്രാവാക്യമാണ് വിദ്യാലയങ്ങളില്‍ ഇന്നു മുഴങ്ങുന്നത്. ലക്ഷ്യരഹിതമായ, മൂല്യരഹിതമായ, മാനവവിരുദ്ധമായ ഒരു ബോധനമാണു നമ്മുടെ ശിശുക്കള്‍ കരസ്ഥമാക്കേണ്ടിവരുന്നത്. ജനാധിപത്യം കടന്നുചെല്ലാത്ത ഇടങ്ങളായി ക്ലാസ്മുറികള്‍ അധപ്പതിച്ചിരിക്കുന്നു. ശൈശവത്തെ വഴിതെറ്റിക്കുന്നതില്‍ കുടുംബത്തിനും പങ്കുണ്ട്. ആണ്‍കുട്ടികളെ ധനാഗമമാര്‍ഗമായും പെണ്‍കുട്ടികളെ ധനവിനിയോഗ നിമിത്തമായും കരുതിപ്പോരുന്നതിന് ആധുനികകാലത്തുപോലും ശമനമുണ്ടായിട്ടില്ല. മകന്‍ മുതല്‍ക്കൂട്ട്, മകള്‍ ബാധ്യത- നല്ലതെന്തും ആണ്‍കുട്ടിക്ക്, അവന്‍ ബാക്കിവയ്ക്കുന്നതു പെണ്‍കുട്ടിക്ക്. മകന്റെ ആഗ്രഹങ്ങള്‍ ഉടന്‍ നടത്തിക്കൊടുക്കും. മകളുടെ വാക്കുകള്‍ അവഗണിക്കും. പെണ്‍കുട്ടികളെ അരുതുകളില്‍ തളയ്ക്കും. ആണിന് സര്‍വസ്വാതന്ത്ര്യവും വിധിക്കും. കുടുംബം സൃഷ്ടിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഈ വിവേചനം. ശൈശവത്തെയും ബാല്യത്തെയും പ്രസാദാത്മകമായ ഒരവസ്ഥയായി പരിവര്‍ത്തിപ്പിക്കാന്‍ രാഷ്ട്രവും സമൂഹവും വിദ്യാലയവും ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ആണ്ടോടാണ്ട് സംഘടിപ്പിക്കപ്പെടുന്ന ശിശുദിനാഘോഷങ്ങള്‍കൊണ്ടും ഉല്‍സവങ്ങള്‍കൊണ്ടും മാത്രം ബാലികാബാലന്‍മാരുടെ സാഹചര്യങ്ങളെ മാറ്റിയെടുക്കാമെന്നതു വ്യാമോഹം മാത്രമാണ്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss