|    Dec 13 Thu, 2018 7:25 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

Published : 27th November 2018 | Posted By: kasim kzm

കെ എ സലിം

ന്യൂഡല്‍ഹി: പ്രാഥമിക വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ഇതുപ്രകാരം ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക് പാടില്ല. സ്‌കൂള്‍ബാഗിന്റെ ഭാരത്തിലും മന്ത്രാലയം നിശ്ചിത നിബന്ധനകള്‍ മുന്നോട്ടുവച്ചു. ഇതുപ്രകാരം രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ബാഗിന്റെ ഭാരം ഒന്നരകിലോയില്‍ കവിയരുത്. മൂന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന ബാഗിന്റെ ഭാരം മൂന്നുകിലോയിലും കവിയരുത്. ആറ്, ഏഴ് ക്ലാസുകളില്‍ നാലുകിലോ വരെയും എട്ട്, ഒമ്പത് ക്ലാസുകളിലേത് നാലരകിലോ വരെയും 10ാം ക്ലാസിലേത് അഞ്ചുകിലോ വരെയും ആവാം. ഈ പരിധിക്കപ്പുറം ബാഗിന്റെ ഭാരം കൂടാന്‍ പാടില്ല.
പാഠ്യപദ്ധതിപ്രകാരമുള്ള പുസ്തകങ്ങള്‍ക്കു പുറമേ പ്രൈമറിതലങ്ങളിലെ വിദ്യാര്‍ഥികളോട് അധിക പുസ്തകങ്ങളോ മറ്റു വസ്തുക്കളോ സ്‌കൂളിലേക്കു കൊണ്ടുവരാന്‍ ആവശ്യപ്പെടരുത്. ഇതുസംബന്ധിച്ച് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചു. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രമേ പഠിപ്പിക്കാവൂ. മൂന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ ഭാഷയ്ക്കും ഗണിതത്തിനും പുറമേ പരിസ്ഥിതിശാസ്ത്രവും സിലബസില്‍ ഉള്‍പ്പെടുത്താം. എന്‍സിഇആര്‍ടി നിര്‍ദേശിക്കുന്ന പുസ്തകങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
കേരള ഹൈക്കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും ഇടപെടലുകളുടെയും വിവിധ പഠനങ്ങളുടെയും പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടികളെക്കൊണ്ട് അമിത ചുമടെടുപ്പിക്കുന്നത് എന്തിനാണെന്ന് ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവെ കഴിഞ്ഞ മാസം ചോദിച്ച കേരള ഹൈക്കോടതി വിഷയം പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഹരജി നിലനില്‍ക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഇറങ്ങിയത്.
സമാന ഹരജിയില്‍ ഒന്നും രണ്ടും ക്ലാസുകളില്‍ ഹോംവര്‍ക്ക് പാടില്ലെന്ന് ഈ വര്‍ഷം മെയില്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ക്ലാസുകളില്‍ ഭാഷാപഠനവും കണക്കും മാത്രം മതിയെന്നു വ്യക്തമാക്കിയ കോടതി, നിര്‍ദേശം രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും ബാധകമാണെന്നും ഉത്തരവി ല്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss