|    Jan 21 Sat, 2017 5:46 am
FLASH NEWS

കുട്ടികളുടെയും പുരോഹിതരുടെയും സംഭാഷണങ്ങളുമായി ഡോക്യുമെന്ററി: കുട്ടികള്‍ക്കിടയില്‍വരെ മുസ്‌ലിംവിരുദ്ധ വികാരം പ്രചരിപ്പിച്ചു ഹിന്ദു സ്വാഭിമാന്‍ സേന

Published : 18th January 2016 | Posted By: SMR

ന്യൂഡല്‍ഹി: കുട്ടികളുടെ മനസ്സുകളില്‍ വരെ മുസ്‌ലിംവിരുദ്ധ വികാരം കുത്തിനിറയ്ക്കുന്ന ഹിന്ദു സ്വാഭിമാന്‍ സേനയുടെ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്ററിയുമായി തെഹല്‍ക. അന്യമതവിദ്വേഷം വ്യക്തമാക്കുന്ന കുട്ടികളുടെയും പുരോഹിതരുടെയും സംഭാഷണങ്ങളാണ് ഡോക്യുമെന്ററിയില്‍.
രാജ്യതലസ്ഥാന മേഖലയില്‍ ഉള്‍പ്പെട്ട ഗാസിയാബാദില്‍ ‘മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ല’ എന്നു എഴുതിവച്ച ക്ഷേത്രത്തിന്റെ അങ്കണത്തില്‍ നിന്നാണ് ഒരു കുട്ടിയുടെ അഭിമുഖം പകര്‍ത്തിയിരിക്കുന്നത്. ക്ഷേത്രവളപ്പില്‍ വെള്ളമെടുക്കാനെത്തിയ പത്തു വയസ്സുള്ള മുസ്‌ലിം ബാലനെ തല്ലി ഓടിക്കുന്ന ദൃശ്യത്തോടെയാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. പശു മാംസം ഭക്ഷിക്കുന്നവരാണ് മുസ്‌ലിംകള്‍. മുസ്‌ലിംകളെ കൊലപ്പെടുത്താനും ഹിന്ദുക്കളെ രക്ഷിക്കാനുമാണ് ഞങ്ങള്‍ പരിശീലിക്കുന്നതെന്നാണ് ഒമ്പതുവയസ്സുകാരനായ കുട്ടി കാമറയ്ക്കു മുന്‍പില്‍ പറയുന്നത്.
സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത പ്രമോദ് എന്ന കുട്ടിക്കാണ് ക്ഷേത്രവളപ്പില്‍ കയറുന്നവരെ അടിച്ചോടിക്കാനുള്ള ചുമതല. ഗുസ്തിതാരമായ പ്രമോദ് അടുത്തിടെ ഗോവയില്‍ നടന്ന മല്‍സരത്തില്‍ സ്വര്‍ണം കരസ്തമാക്കിയിട്ടുണ്ട്. ക്ഷേത്ര കാവല്‍ക്കാരനായ പ്രമോദ് മുസ്‌ലിംകളെ വിദ്വേഷത്തോടെയാണ് കാണുന്നത്. എത്ര പരിചയമുള്ളവരോ കൊച്ചുകുട്ടികളോ ആയാലും അവര്‍ മുസ്‌ലിമാണെങ്കില്‍ കൊല്ലപ്പെടേണ്ടവരാണ്. താന്‍ ഗുസ്തി അഭ്യസിച്ചത് മുസ്‌ലിംകള്‍ക്കെതിരേ പ്രയോഗിക്കാനാണെന്നുമാണ് പ്രമോദിന്റൈ പക്ഷമെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ഉത്തര്‍പ്രദേശില്‍ സംഘപരിവാരം നടത്തുന്ന പരിശീലന ക്ലാസുകളില്‍നിന്നാണ് പ്രമോദ് ഗുസ്തി പഠിച്ചത്. സൈനികപരിശീലനത്തിനു തുല്യമായ ഈ ക്ലാസുകളില്‍ എട്ടുവയസ്സുള്ള കുട്ടികള്‍ വരെ പങ്കെടുക്കുന്നു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ അടുത്തു തന്നെ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ ആഭ്യന്തരയുദ്ധം തന്നെ നടക്കുമെന്ന് ക്ഷേത്രത്തിലെ സ്വാമി ദീപക് ത്യാഗി ആരോടോ പറയുന്ന ഭാഗവും ഡോക്യുമെന്ററിയില്‍ ഉണ്ട്. റഷ്യയില്‍നിന്ന് എംടെക് നേടിയ ത്യാഗി സമാജ്‌വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവായിരുന്നു. പിന്നീട് പാര്‍ട്ടിവിട്ട് സംഘപരിവാര കൂടാരത്തിലെത്തുകയായിരുന്നു.
അഞ്ചു വര്‍ഷത്തിന് ശേഷം ഐഎസ് ഇന്ത്യയെ ആക്രമിക്കും. അവര്‍ വരുമ്പോള്‍ ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളും അവര്‍ക്കൊപ്പം ചേരും. അവര്‍ പിന്നീട് രാജ്യത്തെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യും. അതിനിപ്പോള്‍ തന്നെ ഹിന്ദുക്കളെ സജ്ജരാക്കുക ഇതാണ് സ്വാമി ചെയ്യുന്നത്. കലാപങ്ങളില്‍ ഹിന്ദുത്വര്‍ പിടിയിലാവുമ്പോള്‍ അവര്‍ക്കു വേണ്ടി പ്രതിരോധം സൃഷ്ടിക്കാനും സ്വാമിയുണ്ടാവും. മാള്‍ഡയില്‍ അടുത്തിടെ വര്‍ഗീയകലാപം അഴിച്ചുവിട്ട കമലേഷ് തിവാരി സ്വാമിയുെട അടുത്ത ശിഷ്യനാണ്.
യുപിക്കു പുറമെ ഉത്തരാഖണ്ഡിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഹിന്ദുസ്വാഭിമാന്‍ എന്ന സംഘടന സജീവമാണ്. ഐഎസ് ഇന്ത്യയിലെത്തും മുമ്പ് തന്റെ സേനയെ രാജ്യവ്യാപകമായി വളര്‍ത്താനാണ് സ്വാമിയുടെ തീരുമാനം. സാല്‍വാജുദൂമിനെയും രണ്‍വീര്‍ സേനയെയും പോലെ തങ്ങള്‍ക്കു സ്വന്തമായി സേനയുമുണ്ടെന്ന് സ്വാഭിമാന്‍ ജനറല്‍ സെക്രട്ടറി അനില്‍ യാദവ് വ്യക്തമാക്കുന്നുണ്ട്.
മുന്‍ സൈനികന്‍ പര്‍മീന്ദര്‍ ആര്യയാണ് ഹിന്ദു സ്വാഭിമാന്‍ സേനയുടെ അധ്യക്ഷന്‍. മുസഫര്‍ നഗറില്‍ കലാപം നടന്ന സമയത്ത് ‘ഹിന്ദുക്കളെ രക്ഷിക്കാനായി’ തങ്ങളുടെ ചില ആണ്‍കുട്ടികളെ അയച്ചിരുന്നുവെന്ന് ആര്യ പറഞ്ഞു. ഗാസിയാബാദിനു പുറമെ മീററ്റില്‍ എട്ട് ആയുധ പരിശീലന കേന്ദ്രങ്ങളാണു സേനയ്ക്കുള്ളത്. ആര്‍എസ്എസ് വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ നേതാവും മീററ്റ് ജില്ലാ കോടതിയിലെ അഭിഭാഷകയുമായ ചേതന ശര്‍മയ്ക്കാണ് മീററ്റിന്റെ ചുമതല എന്നും ഡോക്യൂമെന്ററിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 120 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക