|    Mar 25 Sat, 2017 3:36 am
FLASH NEWS

കുട്ടനാട് പാക്കേജ്: തണ്ണീര്‍മുക്കം ബണ്ട് നവീകരണം ഡിസംബറില്‍ പൂര്‍ത്തിയാക്കും

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ ഭാഗമായി തണ്ണീര്‍മുക്കം ബണ്ടിന്റെ നവീകരണം ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുട്ടനാട് പാക്കേജ് റിവ്യൂ മീറ്റിങിലാണ് തീരുമാനം.
തോട്ടപ്പള്ളി സ്പില്‍വേയുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഇതിനുള്ള നടപടി 2017 ജനുവരിയോടെ പൂര്‍ത്തീകരിക്കും. എസി കനാലിലെ തടസ്സങ്ങള്‍ പൂര്‍ണമായും നീക്കി കനാല്‍ ഉപയോഗയോഗ്യമാക്കാനും തീരുമാനമായി. ചങ്ങനാശ്ശേരി മുതല്‍ ഒന്നാംകര വരെയുള്ള ഭാഗമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുളളത്. ഒന്നാംകര മുതല്‍ നെടുമുടി വരെയും നെടുമുടി മുതല്‍ പള്ളാത്തുരുത്ത് വരെയുമുള്ള പ്രദേശത്തെ കൈയേറ്റങ്ങളെക്കുറിച്ച് വിശദമായ സര്‍വേ നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ ജില്ലാകലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
വേമ്പനാട് കായല്‍ ശുചീകരണത്തിനായി മൂന്ന് മാസത്തിനകം സമഗ്രപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ പരിസ്ഥിതി വകുപ്പിനെ ചുമതലപ്പെടുത്തി. പാക്കേജിന്റെ ഭാഗമായി വിതരണം ചെയ്ത പമ്പുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയുടെ നിലവിലെ സ്ഥിതി, ഉപയുക്തത എന്നിവ പരിശോധിക്കും. കുടിവെള്ളത്തിനായി അനുവദിച്ച 70 കോടി രൂപയില്‍ 39 കോടി മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ബാക്കി 31 കോടി രൂപ ചെലവഴിച്ച് 2017 മെയ് മാസത്തോടെ പദ്ധതി പൂര്‍ത്തീകരിക്കണം. പ്രദേശത്തെ 14 പഞ്ചായത്തുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വേമ്പനാട്ട് കായലിലെ പോളമാറ്റല്‍ പ്രക്രിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വികേന്ദ്രീകൃത രീതിയില്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം സംസ്ഥാനം മുഴുവനും പ്രത്യേകിച്ച് കുട്ടനാട്ട് ഗണ്യമായി കുറയ്ക്കണം. പാക്കേജുമായി ബന്ധപ്പെട്ട് നിലവിലുള്ള കോ-ഓഡിനേഷന്‍ കമ്മിറ്റി പുനസ്സംഘടിപ്പിക്കണം. കമ്മിറ്റികള്‍ കൃത്യമായ ഇടവേളകളില്‍ ചേരണം. 2016 ഡിസംബറിന് മുമ്പ് കുറഞ്ഞത് രണ്ട് തവണയെങ്കിലും കമ്മിറ്റി ചേരണം. പാക്കേജുമായി ബന്ധപ്പെട്ട വ്യക്തമായ റോഡ്മാപ്പ് സമയബന്ധിതമായി തയ്യാറാക്കി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മന്ത്രിമാരായ ടി എം തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, വി കെ രാജു, ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍, മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, ജനപ്രതിനിധികള്‍, വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുത്തു.

(Visited 42 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക