|    Sep 22 Sat, 2018 1:15 am
FLASH NEWS

കുട്ടനാട് പാക്കേജിന്റെ തകര്‍ച്ച : കര്‍ഷകരക്ഷയ്ക്കു ബദല്‍ മാര്‍ഗം തേടണമെന്ന ആവശ്യം ശക്തം

Published : 30th May 2017 | Posted By: fsq

 

എടത്വ: കുട്ടനാട് പാക്കേജിന്റെ തകര്‍ച്ചയിലൂടെ കര്‍ഷകരുടെ പ്രതീക്ഷ അസ്തമിച്ച സാഹചര്യത്തില്‍ സര്‍ക്കാരും കൃഷിവകുപ്പും നേരിട്ടു നടപ്പിലാക്കികൊണ്ടിരുന്നതും ഇപ്പോള്‍ നിശ്ഛലമായി കിടക്കുന്നതുമായ പദ്ധതികള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.  കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ സംരക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തില്‍ പാക്കേജ് കൊണ്ടുവന്നപ്പോള്‍ കര്‍ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് അതിനെ സ്വാഗതം ചെയ്തത്. ആദ്യം 1840 കോടിയും പിന്നീട് 3600 കോടിയായും ഉയര്‍ത്തിയായിരുന്നു പ്രവര്‍ത്തനം. അത് പിന്നീട് 6600 കോടിയായി ഉയര്‍ത്താന്‍ ശുപാര്‍ശകള്‍ പോയപ്പോഴേക്കും പദ്ധതി തന്നെ ഇല്ലാതാകുകയായിരുന്നു. പാക്കേജ് വരുന്നതിനു മുന്‍പ് സര്‍ക്കാര്‍ തലത്തിലും, കൃഷിവകുപ്പ് നേരിട്ടും നിരവധി പദ്ധതികളാണ് നടത്തിവന്നിരുന്നത്. ആര്‍കെവിവൈ, പിപിപിഎസ്ആര്‍, എസ്ആര്‍ഡിഎസ്, പികെവിവൈ തുടങ്ങിയവയായിരുന്നു. പികെവിവൈ പദ്ധതിയില്‍ ഉള്‍പെടുത്തിയുള്ള വിത്ത് സബ്‌സിഡി മാത്രമാണ് നിലവില്‍ ലഭിക്കുന്നത്. ഈ പദ്ധതികള്‍ നിര്‍ത്തിയിട്ടില്ലെങ്കിലും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. നെല്‍ പാടങ്ങളുടെ പുറം ബണ്ട് കെട്ടുക, മോട്ടാര്‍ പുര നിര്‍മ്മിക്കുക, ചാലുകള്‍ കീറുക, വിവിധയിനം സബ്‌സിഡികള്‍ നല്‍കുക, മറ്റാനുകൂല്യങ്ങള്‍ നല്‍കുക എന്നിവ ആണ് നടത്തി വന്നിരുന്നത്. പാക്കേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇവ നിലയ്ക്കുകയായിരുന്നു. പാക്കേജില്‍ പെടുത്തി നെല്‍പ്പാടങ്ങളുടെ ആന്തരികവും, ബഹിര്‍ഭാഗത്തേയും ബണ്ടുകള്‍ പുനര്‍ നിര്‍മ്മിക്കുക, പാടശേഖരത്തിനാവശ്യമായ പെട്ടിയും പറയും നല്‍കുക, വിത്തുല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുക, ട്രാക്ടര്‍ റോഡ് നിര്‍മ്മിക്കുക, പ്രൊട്ടക്ഷന്‍ വരമ്പുകള്‍, മോട്ടോര്‍ പുരയും തറയും നിര്‍മ്മിക്കുക, പൊതുമടകള്‍ കല്ലുകെട്ടി സംരക്ഷിക്കുക, ട്രാക്ടര്‍, കൊയ്ത്ത് യന്ത്രങ്ങള്‍ എന്നിവ ആവശ്യത്തിന് വാങ്ങുക എന്നതായിരുന്നു അതില്‍ പ്രധാനം. എന്നാല്‍ പുറംബണ്ടുകളുടെ നിര്‍മ്മാണം ഏതാനും പാടശേഖരങ്ങള്‍ക്കു മാത്രമാണ് ലഭിച്ചത്.കുറച്ചു പാടങ്ങള്‍ക്ക് പെട്ടിയും പറയും നല്‍കി.  പാക്കേജില്‍ പെടുത്തി 160 ഓളം കൊയ്ത്തു മെതി യന്ത്രങ്ങള്‍ വാങ്ങിയെങ്കിലും സംരക്ഷണത്തിന് നടപടിയില്ലാഞ്ഞതിനാല്‍ എല്ലാം നശിച്ചു. പദ്ധതികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതില്‍ വന്ന വീഴ്ച മൂലം അത്യാവശ്യം വേണ്ട പാടത്തിനു പോലും ഒന്നും ലഭിക്കാതെ പോയി. വിത്തുല്‍പ്പാദന കേന്ദ്രം എന്നതിനെ വളച്ചൊടിച്ച് കായല്‍ നിലങ്ങളില്‍ കൃഷി കോണ്‍ട്രാക്ട് നല്‍കുകയാണ് ചെയ്തത്. അതും പരാജയപ്പെട്ടു. വേണ്ടത്ര സംവിധാനങ്ങളില്ലാത്ത ഇറിഗേഷന്‍ വകുപ്പിന് പൂര്‍ണ്ണ ചുമതല നല്‍കിയതിനാല്‍ കൃഷി വകുപ്പിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ പാക്കേജ് നടപ്പിലാക്കുമെന്ന് ഗവണ്‍മെന്റും ജനപ്രതിനിധികളും പറയുന്നുണ്ടെങ്കിലും അതുവരെ പഴയ പദ്ധതികളിലൂടെ കര്‍ഷകരുടെ ആവശ്യം നിറവേറ്റാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss