|    Aug 23 Wed, 2017 6:14 am
FLASH NEWS

കുട്ടനാട്ടില്‍ നിരോധിത വിഷങ്ങള്‍ സുലഭം: റിപോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റംചെയ്യാന്‍ ശ്രമം

Published : 2nd July 2016 | Posted By: SMR

ആലപ്പുഴ: കുട്ടനാട്ടില്‍ നിരോധിത കീടനാശിനികളും കളനാശിനികളും സുലഭം. ചെറുതും വലുതുമായ വിഷക്കടകളില്‍ നിരോധിക്കപ്പെട്ട ഗ്രാമസോ ണ്‍, ഫ്യുറഡാന്‍ മാരക വിഷങ്ങള്‍ ലഭ്യമാണ്. കേരളത്തില്‍ നിരോധിക്കപ്പെട്ട ഇത്തരം വിഷങ്ങള്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച് അമിത വില ഈടാക്കിയാണ് വില്‍പന നടത്തുന്നത്.
ഈ പശ്ചാത്തലത്തിലാണ് സ്വകാര്യ ചാനല്‍ പ്രവര്‍ത്തകര്‍ ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ പണ്ടാരക്കുളം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വിഷവില്‍പന ശാലയില്‍ നിരോധിത വിഷങ്ങള്‍ വില്‍പന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിഷം വാങ്ങാനെന്ന പേരില്‍ വാര്‍ത്തശേഖരിക്കാനെത്തിയത്. കേരളത്തില്‍ നിരോധിക്കപ്പെട്ട ഫ്യുറഡാന്‍, ഗ്രാമസോണ്‍ എന്നീ വിഷങ്ങള്‍ വില്‍പനക്കുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.
എന്നാല്‍, ഇവര്‍ മാധ്യമ പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞതോടെ കടയുടമ ഇവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അവരുടെ മൊബൈല്‍ഫോണും കാമറയും കേടുവരുത്തുകും ചെയ്യുകയായിരുന്നു. നിരോധിത കീടനാശിനികളായ എന്‍ഡോസള്‍ഫാനും ഡിഡിറ്റിയുമൊക്കെ വിവിധ പേരുകളില്‍ ഇവിടെ ഇപ്പോഴും പ്രയോഗിക്കപ്പെടുന്നുണ്ടെന്നതാണ് പരസ്യമായ രഹസ്യമാണ്. കാര്‍ഷിക സര്‍വകലാശാല അതാത് കാലത്ത് ഉപയോഗിക്കേണ്ട കീട നാശിനികളുടേയും കളനാശിനികളുടേയും കുമിള്‍ നാശിനികളുടേയും എല്ലാം അളവുകള്‍ നിര്‍ദേശിക്കാറുണ്ടെങ്കിലും സര്‍വകലാശാല ശുപാര്‍ശ ചെയ്യുന്നതിനെക്കാള്‍ 50 മുതല്‍ 75 ശതമാനംവരെ അധികം കീടനാശിനി കുട്ടനാട്ടില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.
പാടശേഖരങ്ങളില്‍ പ്രയോഗിക്കുന്ന കീടനാശിനികളും മറ്റും പൊതുജലായശയത്തിലേക്ക് കലരുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ ദുരന്തം. പൊതു ജലാശയത്തിലേക്ക് മാരകമായ അളവില്‍ കീടനാശിനി കലരുന്നത് കുട്ടനാടന്‍ ജനതയുടെ ആരോഗ്യത്തേയും ഭീതീ ജനകമായ വിധത്തില്‍ ബാധിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക