|    Oct 22 Mon, 2018 2:18 am
FLASH NEWS

കുട്ടനാട്ടില്‍ എല്ലായിടത്തുംകുടിവെള്ളം എത്തിക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍

Published : 24th January 2017 | Posted By: fsq

 

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കുടിവെള്ളക്ഷാമം നേരിടുന്ന കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വരള്‍ച്ചയുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ കൂടിയ ഉദ്യോഗസ്ഥതല അവലോകനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച നടപടികളെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ജലവിതാനങ്ങള്‍ താഴ്ന്നിരിക്കുന്ന അവസ്ഥയില്‍ വരള്‍ച്ചയെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. വരാന്‍ പോവുന്ന മാസങ്ങളില്‍ കുടിവെള്ളം ക്ഷാമം ഏറുമെന്നാണ് കരുതുന്നത്. പലയിടങ്ങളിലും ജലവിതാനം താഴ്ന്നിട്ടുണ്ട്. തുലാവര്‍ഷം 64 ശതമാനവും കാലവര്‍ഷം 32 ശതമാനവും കുറവാണ് ലഭിച്ചത്. വരള്‍ച്ചയെ നേരിടാനായി ജലസ്രോതസ്സുകള്‍ കണ്ടെത്തി വയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കുടിവെള്ളക്ഷാമം കന്നുകാലികളെ ബാധിക്കുന്നു. ഇതിനുള്ള പരിഹാര നടപടികളെടുക്കും. കുട്ടനാട്ടിലാണ് നിലവില്‍ കുടിവെള്ള ക്ഷാമം കൂടുതലായി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മറ്റു താലൂക്കുകളില്‍ നിലവില്‍ ചിലയിടങ്ങളിലൊഴികെ രൂക്ഷമായ അവസ്ഥയില്ലെന്നാണ് മനസിലാക്കാനായത്. കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ വെള്ളം എത്തിക്കാനുള്ള നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. നദികളില്‍ നിന്ന് വെള്ളമെടുക്കുന്ന ആറു പദ്ധതികളാണ് ജില്ലയിലുള്ളതെന്നും നിലവില്‍ സ്രോതസുകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ലെന്നും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചു. 175 കുഴല്‍ക്കിണറുകളില്‍നിന്ന് വെള്ളം വിതരണം ചെയ്യുന്നു. ഭൂഗര്‍ഭ ജലവിതാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. മുതുകുളത്ത് ഒരു കുഴല്‍ക്കിണറും പള്ളിപ്പാട് രണ്ട് കുഴല്‍ക്കിണറും പ്രവര്‍ത്തനരഹിതമായി. പള്ളിപ്പാട് എംഎല്‍എ ഫണ്ടില്‍നിന്ന് പുതിയ കുഴല്‍ക്കിണര്‍ നിര്‍മിക്കാനുള്ള നടപടിയായെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ഹാന്‍ഡ് പമ്പുകളുടെ അറ്റകുറ്റപ്പണിക്കുള്ള ടെന്‍ഡറായെന്ന് ഭൂഗര്‍ഭജലവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെറുകിട ജലവിതരണ പദ്ധതികള്‍ക്ക് അനുമതിയായിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഓരുവെള്ളത്തിന്റെ അളവ് കൂടുതലായതിനാല്‍ പാടശേഖരത്തേക്ക് പുറത്തുനിന്നു വെള്ളം കയറ്റേണ്ടെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. 26,500 ഹെക്ടറിലാണ് പുഞ്ചകൃഷി നടക്കുന്നത്. മൂന്നെണ്ണമൊഴികെ ഓരുമുട്ടുകളുടെയെല്ലാം നിര്‍മാണം പൂര്‍ത്തീകരിച്ചതായി തണ്ണീര്‍മുക്കം ഡിവിഷന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, ദുരന്തനിവാരണ അതോറിറ്റി അംഗം ശേഖര്‍ എല്‍ കുര്യാക്കോസ്, എഡിഎം എം കെ കബീര്‍, സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss