|    Sep 20 Thu, 2018 9:04 am
FLASH NEWS

കുട്ടനാട്ടില്‍ ആയിരക്കണക്കിന് ഏക്കര്‍ നെല്‍കൃഷി നശിക്കുന്നതായി കര്‍ഷകര്‍

Published : 10th January 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: കാലാവസ്ഥ വ്യതിയാനവും സമയംതെറ്റി കൃഷി ഇറക്കേണ്ടി വന്നതും കാരണം കുട്ടനാട്ടില്‍ ആയിരക്കണക്കിന് ഏക്കര്‍ പാടത്ത് പട്ടാളപ്പുഴുവിന്റെ ശല്യം വ്യാപകം. ഇതിനോടൊപ്പം തണ്ണീര്‍മുക്കം ബണ്ടുവഴി കുട്ടനാട്ടിലേക്കു പ്രവേശിച്ച ഓരുവെള്ളവും കൂടിയായതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കൃഷി നശിച്ച കര്‍ഷകര്‍ക്കു അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നു അഖില കേരളാ കുട്ടനാട് പാടസമിതി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നെല്‍വിത്ത് സമയബന്ധിതമായി നല്‍കാത്തതിനാലാണ് ഇത്തവണ കൃഷിയിറക്കാന്‍ വൈകിയത്. തുടര്‍ന്നു ശക്തമായ ചൂടും ഒപ്പം തണുപ്പും കാരണം പട്ടാളപ്പുഴുവിന്റെ ശല്യം വര്‍ധിക്കുകയും ദിവസേന ആയിരക്കണക്കിന് ഏക്കര്‍ പാടത്തെ നെല്‍കൃഷിയാണ് നശിക്കുന്നത്. അടുത്തകാലത്ത് കുട്ടനാട്ടിലെ ജലം പരിശോധിച്ചപ്പോള്‍ 1.8 പിപിഎം വരെ ഓരുവെള്ള(ഉപ്പുവെള്ളം)ത്തിന്റെ അംശം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതു രണ്ടു പിപിഎം ആവുമ്പോഴേക്കും നെല്ലുകള്‍പൂര്‍ണമായും നശിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനു പരിഹാരമായി വൈക്കം ഭാഗത്തെ ഓരുമുട്ടുകള്‍ അടച്ചു ബലപ്പെടുത്തണം. ഇതിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അടിയന്തരമായി ടെന്‍ഡറുകള്‍ ക്ഷണിക്കാന്‍ തയ്യാറാവണം. മുന്‍കാലങ്ങളില്‍ കൃഷി ഇറക്കുന്നതിനു മുമ്പായി ഇതു ചെയ്യുമായിരുന്നെങ്കിലും ഇത്തവണ ഓരുബണ്ടുകള്‍ ബലപ്പെടുത്തുന്ന നടപടികള്‍ ചെയ്തിട്ടില്ല. കുട്ടനാടന്‍ പാടശേഖങ്ങളിലെ വെള്ളത്തിലെ ലവണാംശം കുറയാനും അടിയന്തര നടപടികള്‍ സ്വീകരിക്കണം. മുന്‍കാലങ്ങളില്‍ മണിയാര്‍ ഡാമില്‍ നിന്ന് വെള്ളം ഒഴുക്കി ഓരുവെള്ളം കയറുന്നതു തടയുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു കഴിയുമെങ്കില്‍ അത്തരത്തില്‍ ലവണാംശം കുറക്കാന്‍ ശ്രമിക്കണം. വേലിയിറക്കം ഉണ്ടാവുമ്പോഴും ഇത്തരത്തില്‍ തണ്ണീര്‍മുക്കം ബണ്ട്തുറന്നു ഓരുവെള്ളം പുറത്തേക്കൊഴുകാന്‍ സംവിധാനം ചെയ്യാവുന്നതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.കുട്ടനാടിന്റെ പ്രധാന പാടശേഖരങ്ങളായ ഡി ബ്ലോക്ക് വടക്ക് ആറായിരം, ഡി ബ്ലോക്ക് 24000, എ ബി ബ്ലോക്കുതൈപ്പറമ്പ് വടക്ക്, ഐ ബ്ലോക്കു കായല്‍, തുങ്ങിയ എല്ലാ പാടശേഖരങ്ങളിലും  പട്ടാളപ്പുഴുവിന്റെ ശല്യവും ഓരു വെള്ളത്തിന്റെ ശല്യവും പതിന്മടങ്ങാണ് വര്‍ധിച്ചിട്ടുള്ളതെന്നും മുന്‍ എംഎല്‍എ ഡോ. കെ സി ജോസഫ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ്, പാടശേഖര സമിതി അസോസിയേഷന്‍  സെക്രട്ടറി ഫ്രാന്‍സിസ് ദേവസ്യ, സിബിച്ചന്‍, അനില്‍കുമാര്‍, പി ബി മോഹനന്‍, റാഫി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss