|    Nov 19 Mon, 2018 11:19 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കുട്ടനാട്ടിലെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം മൊറട്ടോറിയം പ്രഖ്യാപിക്കും

Published : 9th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്ളവരുടെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഉടനെ വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടറെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ചു. ദുരിതബാധിതര്‍ക്ക് വൈദ്യുതി, വെള്ളം എന്നിവയുടെ ബില്ലുകള്‍ അടച്ചുതീര്‍ക്കാന്‍ അടുത്ത വര്‍ഷം ജനുവരി വരെ സമയം അനുവദിക്കും. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് (ആധാര്‍, റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് മുതലായവ) ലഭിക്കുന്നതിനു സത്വര നടപടിയെടുക്കും. ഇതിനായി താലൂക്ക്/ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഈ മാസം 16 മുതല്‍ 31 വരെ ബന്ധപ്പെട്ട വകുപ്പുകളോട് ക്യാംപുകള്‍ നടത്താന്‍ നിര്‍ദേശിക്കും. ജില്ലാ കലക്ടര്‍മാര്‍ ഇതിനു മേല്‍നോട്ടം വഹിക്കും.
നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ക്കു പകരം കൂടുതല്‍ പ്രവൃത്തിദിവസങ്ങള്‍ നല്‍കി കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേക പദ്ധതി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ തയ്യാറാക്കും. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം അധ്യയനം സാധ്യമാവുന്ന വിധം കെട്ടിട നിര്‍മാണം ആവശ്യമുള്ളവ കണ്ടെത്തി അവയ്ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും.
തകര്‍ന്ന പാലങ്ങളും റോഡുകളും ഉടനെ പുനര്‍നിര്‍മിക്കും. വീടുകളിലും കെട്ടിടങ്ങളിലും ശുചീകരണം നടത്താന്‍ ജനപങ്കാളിത്തത്തോടെ പ്രത്യേക പരിപാടിക്ക് രൂപം നല്‍കുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss