|    Nov 21 Wed, 2018 5:13 pm
FLASH NEWS

കുട്ടനാട്ടിലെ കടത്തുവള്ളയാത്ര അപകടം ക്ഷണിച്ചുവരുത്തുന്നു

Published : 15th August 2018 | Posted By: kasim kzm

രാമങ്കരി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുട്ടനാട്ടിലെ കടത്തുവള്ളങ്ങളിലെ യാത്ര അപകടം ക്ഷണിച്ചു വരുത്തുന്നു. വള്ളത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും പുറമെ ആറിന് നടുക്കുവെച്ച് എപ്പോള്‍ വേണമെങ്കിലും മുങ്ങുകയോ ജീവന്‍ തന്നെ നഷ്ടപ്പടുകയോ ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
സാധാരണ ഒരുവള്ളത്തില്‍ കയറ്റാവുന്ന ആളുകളുടെ എണ്ണം ഇറിഗേഷന്‍ വകുപ്പും മറ്റും പത്തായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്റെ ഇരട്ടിയോ അല്ലെങ്കില്‍ അതിലേറെയോ യാത്രക്കാരുമായാണ് ഈ വള്ളങ്ങള്‍ പലപ്പോഴും അക്കരയിക്കര തുഴയുകയും കരയ്ക്ക് അടുപ്പിക്കുകയും ചെയ്തുവരുന്നത്.
ഇതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും വള്ളം മറിയുകയോ അല്ലെങ്കില്‍ മുങ്ങുകയോ ചെയ്ത് വന്‍ ദുരന്തം തന്നെ സംഭവിക്കാനുള്ള സാധ്യത വലുതാണ്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാന്‍ കടത്തിറക്ക് തൊഴിലാളികള്‍ തയ്യാറല്ല. ഓരോ പ്രാവശ്യവും കടത്തുകൂലിയായ് കൂടുതല്‍ തുക ലഭിക്കുക എന്ന ഉദ്ദേശത്തില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഇവര്‍ വള്ളത്തില്‍ തിക്കി നിറച്ച് ആളെ കയറ്റുന്നത് പതിവ് സംഭവമാണ്.
നാട്ടുകാരെ ഇവര്‍ കൊള്ളയടിക്കുന്നതായും ആക്ഷേപമുണ്ട്. ഒരാളില്‍ നിന്നും കൂലിയായ് ഒരു നിശ്ചിത തുക മാത്രമെ ഈടാക്കാവു എന്നതാണ് നിയമമെങ്കിലും അതിന്റെ മൂന്നിരട്ടിയും നാലിരട്ടിയും തുക വരെ ഇവര്‍ യാത്രാക്കാരില്‍ നിന്നും ഈടാക്കുന്നതായും പരാതിയുണ്ട്. മുമ്പ് രണ്ടുരൂപവരെ ഇവര്‍ അധികമായി ഈടാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ അത് അഞ്ചുരൂപയും പത്തുരൂപയും വരെയായി വര്‍ധിച്ചതായാണ് നാട്ടുകാരുടെ ആക്ഷേപം. ഇതിനെതിരെ പരാതിപ്പെട്ടാല്‍ പോലും പ്രയോജനമില്ലാത്ത സ്ഥിതിയാണെന്നും പറയുന്നു.
കനത്ത മഴയ്ക്കുപുറമെ പമ്പ കക്കി തുടങ്ങിയ ഡാമുകള്‍ കൂടി തുറന്നതോടെ പുളിങ്കുന്ന,് കാവാലം, ആറുകളിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചു കഴിഞ്ഞു. ആറുകളും തോടുകളും തരിശുകിടക്കുന്ന പാടശേഖരങ്ങളും കവിഞ്ഞൊഴുകുന്ന കാഴ്ചയാണ് കുട്ടനാട്ടിലെവിടെയും. പുളിങ്കുന്ന്, കാവാലം തുടങ്ങിയ പ്രദേശങ്ങളിലെ കടവുകളിലാണ് ഇത്തരം സംഭവങ്ങള്‍ ഏറെയും.
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇവിടങ്ങളിലെ ജങ്കാര്‍ സര്‍വീസുകള്‍ നിലയ്ക്കുകയും അക്കരയിക്കര കടക്കാന്‍ ജനത്തിന് കടത്തിറക്ക് മാത്രം ആശ്രയമായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ ജീവന്‍വച്ചുള്ള കളിയുമായി കടത്തിറക്ക് തൊഴിലാളികള്‍ രംഗത്തെത്തിയത്്. അതിനാല്‍ അടിയന്തിരമായി ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss