|    Mar 26 Sun, 2017 3:19 am
FLASH NEWS

കുട്ടനാടിന്റെ വളക്കൂറുള്ള മണ്ണില്‍ വിളവെടുക്കാന്‍ മുന്നണികള്‍

Published : 25th April 2016 | Posted By: SMR

ഹരിപ്പാട്: ഘടകകക്ഷികളെ മാത്രം വിജയിപ്പിച്ച പാരമ്പര്യമുള്ള മണ്ണാണ് കുട്ടനാട്. കുട്ടനാട്ടില്‍ ഇത്തവണയും വിജയം കൊയ്‌തെടുക്കാന്‍ ഇരുമുന്നണികള്‍ക്കൊപ്പം എന്‍ഡിഎയും കേരളാകോണ്‍ഗ്രസ് വിമതനും രംഗത്ത് എത്തി. മൂന്ന് മുന്നണികളുടേയും സംസ്ഥാന നേതാക്കള്‍ പലകുറി തിരഞ്ഞെടുപ്പ് വേദികളില്‍ പങ്കെടുത്തു.
ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ.ജേക്കബ് എബ്രഹാമിന്റെ പ്രചാരണാര്‍ത്ഥം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ജലസേചനവകുപ്പ് മന്ത്രി പി ജെ ജോസഫ് എന്നിവര്‍ പങ്കെടുത്ത വിവിധ പരിപാടികള്‍കഴിഞ്ഞു. ദേശീയ നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് വേദികളും ലക്ഷ്യമിടുന്നു. ജനങ്ങളാഗ്രഹിക്കുന്നത് വിളിപ്പുറത്തുള്ള എംഎല്‍എയെ ആണെന്ന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ.ജേക്കബ് എബ്രഹാം പറയുന്നു. കുടിവെള്ള പ്രശ്‌നത്തിന് മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറയുന്നു. ഇടതു സ്ഥാനാര്‍ഥിയായി ഇക്കുറിയും ജനവിധിതേടുന്നത് തോമസ് ചാണ്ടിയാണ്. കുട്ടനാട് പാക്കേജും കുടിവെള്ള പദ്ധതിയും അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ തനിക്കനുകൂലമായി വിധിയെഴുതുമെന്നാണ് തോമസ് ചാണ്ടിയുടെ വാദം. പ്രചാരണപരിപാടിയുടെ ഭാഗമായി പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍, പി ബി അംഗം പിണറായിവിജയന്‍ എന്നിവര്‍ കുട്ടനാട്ടില്‍ വന്നുകഴിഞ്ഞു. പ്രചാരണ പരിപാടിയുടെ ഭാഗമായി ശരത്പവാര്‍, സീതാറാം യെച്ചൂരി എന്നീ ദേശീയനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികളും ആലോചനയിലുണ്ട്. ഡി ലക്ഷമണന്‍, കെ കെ അശോകന്‍, ജോസഫ് കെ നെല്ലവേലില്‍, സുല്‍ഫിക്കര്‍ മയ്യൂരി എന്നിവരും പ്രചാരണ പരിപാടികളില്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ട്. വികസന മുരടിപ്പിന് പരിഹാരം കാണാന്‍ എന്‍ഡിഎ യെ വിജയിപ്പിക്കണമെന്നാണ് സ്ഥാനാര്‍ഥി സുഭാഷാവാസുവിന്റെ അഭിപ്രായം പ്രചാരണപരിപാടികള്‍ക്കായി കുമ്മനം രാജശേഖരന്‍, വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍വെള്ളാപ്പള്ളി എന്നിവര്‍ മണ്ഡലത്തിലെത്തിക്കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ കുട്ടനാട്ടിലെത്തിക്കാനുള്ള അണിയറനീക്കങ്ങളും നടക്കുന്നുണ്ട്. എംആര്‍സജീവ്, പി ബൈജു, അരവിന്ദാക്ഷന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ട്. നീലംപേരൂര്‍, കാവാലം, വെളിയനാട്, പുളിങ്കുന്ന്, രാമങ്കരി, മുട്ടാര്‍, തലവടി, എടത്വാ, വീയപുരം തകഴി, ചമ്പക്കുളം നെടമുടി, കൈനകരി എന്നീ 13 പഞ്ചായത്തുകളാണ് കുട്ടനാട്ടിലുള്ളത്. ഇതില്‍ ഏഴു പഞ്ചായത്ത് എല്‍ഡിഎഫും 6 എണ്ണം യുഡിഎഫുമാണ് ഭരിക്കുന്നത്. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളായ വെളിയനാടും ചമ്പക്കുളവും യൂ.ഡി.എഫ് ഭരണത്തിലാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ വെളിയനാട് എല്‍ഡിഎഫിനും ചമ്പക്കുളം യുഡിഎഫിനുമാണ്. 1,60,000 ഓളം വോട്ടറന്മാരാണ് ഇക്കുറി വിധിയെഴുത്തിന് തയ്യാറായിട്ടുള്ളത്.
ഹാട്രിക്ക് വിജയത്തിനായി തോമസ് ചാണ്ടി രംഗത്താണെങ്കിലും കുട്ടനാട് തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ് രണ്ടുമുന്നണികളേയും പരാജയപ്പെടുത്തി വിജയക്കൊടിപാറിക്കാന്‍.എന്‍ഡിഎയും യുഡി.എഫിനെ പാഠം പഠിപ്പിക്കാന്‍ വിമതനായി ജോസ് കോയ്പ്പള്ളിയും രംഗത്തുണ്ട്. പുഞ്ചകൊയ്ത്ത് കഴിഞ്ഞ് വിശ്രമത്തിലാവേണ്ട കര്‍ഷകര്‍ രാഷ്ട്രീയ കൊയ്ത്തിനുള്ള വിധിയുംകാത്ത് മെയ് 19 വരെ കാത്തിരിക്കണം.

(Visited 79 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക