|    Nov 17 Sat, 2018 5:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുട്ടനാടിന്റെ ദുരിതമുഖം നേരില്‍ കണ്ട് കേന്ദ്രസംഘം മടങ്ങി

Published : 9th August 2018 | Posted By: kasim kzm

ആലപ്പുഴ: പ്രളയക്കെടുതിയില്‍ നിന്ന് ഇനിയും മോചനം നേടാതെ കാലാവസ്ഥാ വ്യതിയാനത്തെ ഭയന്ന് കഴിയുന്ന കുട്ടനാട് പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എ വി ധര്‍മറെഡ്ഡിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം ഇലക്ട്രിസിറ്റി അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ നഴ്‌സിറാം മീണ, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഡയറക്ടര്‍ ആര്‍ തങ്കമണി, റൂറല്‍ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ചാഹത്ത് സിങ് എന്നിവരടങ്ങുന്ന സംഘം കുട്ടനാടും തീരദേശവും സന്ദര്‍ശിച്ചത്. കുട്ടനാട്ടിലെ കുപ്പപ്പുറം, ഉമ്പിക്കാരം ജെട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം ആദ്യമെത്തിയത്. കുട്ടനാടിന്റെ കൃഷിരീതികള്‍ സംഘം വിശദമായി കലക്ടറോട് ചോദിച്ചറിഞ്ഞു.
നെടുമുടി പടിഞ്ഞാറ് ഭാഗത്തുള്ള പരിയാത്ത് ജെട്ടിയിലും സംഘം ഇറങ്ങി. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന എസി റോഡും സന്ദര്‍ശിച്ച ഇവര്‍ ഗതാഗതവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ പ്രദേശവാസികളോടും ഉദ്യോഗസ്ഥരോടും ചോദിച്ചറിഞ്ഞു.
ആഴ്ചകള്‍ക്ക് മുമ്പുള്ള കുട്ടനാടിന്റെ ചിത്രവും ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതവും ജില്ലാ കലക്ടര്‍ എസ് സുഹാസ് കേന്ദ്രസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കനത്ത മഴയും കാറ്റും മൂലം വള്ളത്തിലെ യാത്ര ഇവര്‍ ഒഴിവാക്കിയിരുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ട കൈനകരി വില്ലേജ് ഓഫിസും വെള്ളത്തില്‍ മുങ്ങിയ നിരവധി വീടുകളും ദുരിതാശ്വാസ ക്യാംപുകളും സംഘം സന്ദര്‍ശിച്ചു. കുട്ടമംഗലം മൃഗാശുപത്രിക്ക് സമീപം ബോട്ടുജെട്ടിയില്‍ കന്നുകാലികള്‍ക്ക് അഭയം ഒരുക്കിയത് ചോദിച്ചറിഞ്ഞു.
പരമാവധി കേന്ദ്ര സഹായം ലഭിക്കാന്‍ സഹായകരമായവിധം ഏറ്റവും നാശനഷ്ടമുണ്ടായ ഭാഗങ്ങള്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. കുട്ടനാട് കൂടാതെ വളഞ്ഞവഴി, നീര്‍ക്കുന്നം എന്നിവിടങ്ങളിലെ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളും തീരവും കേന്ദ്രസംഘം സന്ദര്‍ശിച്ചു. പിന്നീട് കേന്ദ്രസംഘം അപ്പര്‍ കുട്ടനാട്ടിന്റെ വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മാന്നാര്‍ വിഷവര്‍ശ്ശേരിക്കരയില്‍ സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്ര സംഘം മടങ്ങിയത്.
എന്നാല്‍, സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യാതൊന്നും തന്നെ മാധ്യമങ്ങളോട് സംഘം വിശദീകരിച്ചില്ല. തോമസ്ചാണ്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ഉദ്യോഗസ്ഥര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss